പാഠപുസ്തക വിതരണം: എം.എസ്.എഫ് ഡി.ഡി.ഇ ഓഫിസ് ഉപരോധിച്ചു
കല്‍പ്പറ്റ: ഓണപ്പരീക്ഷ കഴിഞ്ഞയുടന്‍ വിദ്യാലയങ്ങളില്‍ എത്തേണ്ട പാഠപുസ്തകങ്ങള്‍ നാളിതുവരെയും വിദ്യാര്‍ഥികള്‍ക്ക് നല്‍കാത്ത അധികാരികളുടെ നിരുത്തരവാദിത്വത്തില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡി.ഡി.ഇ ഓഫിസ് ഉപരോധിച്ചു.
ഉപരോധ സമരത്തിന് നേതൃത്വം നല്‍കിയ നേതാക്കളെയും പ്രവര്‍ത്തകരെയും പൊലിസ് അറസ്റ്റു ചെയ്ത് നീക്കി. രണ്ടാംഭാഗ പാഠപുസ്തകങ്ങള്‍ വിദ്യാര്‍ഥികളില്‍ എത്തേണ്ട സമയം അതിക്രമിച്ചിട്ടും ബുക്ക് ഡിപ്പോകളില്‍ ഇപ്പോഴും പുസ്തകങ്ങള്‍ കെട്ടിക്കിടക്കുകയാണ്. ഇഴഞ്ഞ് നീക്കുന്ന നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് വിദ്യാര്‍ഥികളുടെ കൈകളില്‍ പുസ്തകം എത്താന്‍ ഇനിയും കാലതാമസമെടുക്കുന്നത് വിദ്യാര്‍ഥികളോടുള്ള നീതി നിഷേധമാണ്. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയത് മുതല്‍ സ്വീകരിച്ച് വരുന്ന വിദ്യാര്‍ഥി വിരുദ്ധ നിലപാടുകളിലെ ഒടുവിലെ ഉദാഹരണമാണ് പാഠപുസ്തക വിഷയമെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു. ഉപരോധസമരത്തിന് നേതൃത്വം നല്‍കിയ ജില്ലാ പ്രസിഡന്റ് ലുഖ്മാനുല്‍ ഹക്കീം വി.പി.സി, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ഹഫീസലി എം.പി, ജില്ലാ ട്രഷറര്‍ അസീസ് വെള്ളമുണ്ട, അര്‍ഷാദ് പനമരം, ഷംസീര്‍ ചോലക്കല്‍, ജവാദ് വൈത്തിരി, ജൈഷല്‍ എ.കെ, അനസ് തന്നാനി, ഫായിസ് തലക്കല്‍, അനീസ്, സിറാജ്, നിസാര്‍ തുടങ്ങിയ വരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇവരെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."