വിഭാഗീയത: മുളിയാറില്‍ സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങള്‍ തടസപ്പെട്ടു
ബോവിക്കാനം: സി.പി.എം മുളിയാര്‍ ലോക്കല്‍ കമ്മിറ്റിക്കു കീഴിലെ മൂന്നു ബ്രാഞ്ച് സമ്മേളനങ്ങള്‍ തടസപ്പെട്ടു. സി.പി.എം എരിയ കമ്മിറ്റി അംഗം മാധവന്റെ വീടിനു നേരെ നടന്ന അക്രമ സംഭവങ്ങളിലെ കേസുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണു ബ്രാഞ്ച് സമ്മേളനങ്ങള്‍ തടസപ്പെടാന്‍ കാരണമായത്. പാത്തനടുക്കം, കെട്ടുംകല്ല്, കക്കോടി ബ്രാഞ്ച് സമ്മേളനങ്ങളാണു വിഭാഗീയത കാരണം തടസപ്പെട്ടത്.
മാധവന്റെ വീടാക്രമിച്ച കേസിലെ പ്രതികളായ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരേ നിസാര വകുപ്പുകള്‍ ചുമത്തി സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ചിരുന്നു. സി.പി.എം ഏരിയ നേതാവായ ഒരാളുടെ ഇടപെടല്‍ മൂലമാണു പ്രതികളെ ജാമ്യത്തില്‍ വിടാന്‍ ഇടയാക്കിയതെന്ന് ആരോപിച്ച് ഒരു വിഭാഗം പ്രവര്‍ത്തകര്‍ ശക്തമായ നിലപാടു സ്വീകരിച്ചതോടെയാണു സമ്മേളനങ്ങള്‍ തടസപ്പെടാന്‍ കാരണമായതെന്നാണു വിവരം.
മൂന്നു ബ്രാഞ്ചു സമ്മേളനങ്ങള്‍ തടസപ്പെട്ടപ്പോള്‍ അന്നേ ദിവസം കോട്ടൂര്‍ ബ്രാഞ്ച് സമ്മേളനം നിശ്ചയിച്ച പ്രകാരം നടന്നു. ബ്രാഞ്ച് സമ്മേളനങ്ങള്‍ തടസപ്പെട്ടതു ചര്‍ച്ച ചെയ്യുന്നതിനായി അടിയന്തിര ലോക്കല്‍ കമ്മിറ്റി യോഗം ചേര്‍ന്നുവെങ്കിലും ബ്രാഞ്ച് സമ്മേളനങ്ങളുടെ നടത്തിപ്പു കാര്യത്തില്‍ തീരുമാനമാകാതെയാണു പിരിഞ്ഞത്. 18 ബ്രാഞ്ച് കമ്മിറ്റികളാണു മുളിയാര്‍ ലോക്കല്‍ കമ്മിറ്റിക്കു കീഴിലുള്ളത്. മൂന്നു ബ്രാഞ്ചു സമ്മേളനങ്ങള്‍ ഇന്നു നടക്കും.
ഇനി നടക്കാനുള്ള മറ്റു ബ്രാഞ്ച് സമ്മേനങ്ങളിലും ഈ വിഷയം ചര്‍ച്ചയാവാനാണു സാധ്യത.
അതേസമയം, ബ്രാഞ്ച് സമ്മേനങ്ങള്‍ തടസപ്പെട്ടതല്ലെന്നും മറ്റു ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവെക്കുകയായിരുന്നുവെന്നുമാണു സി.പി.എം നേതാക്കള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."