പൊന്നാനി കോള്‍ നിലം: പ്രശ്‌ന പരിഹാരത്തിന് മന്ത്രിയുടെ ഉറപ്പ്
പെരുമ്പടപ്പ്: പൊന്നാനി കോള്‍ നിലവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ കര്‍ഷകരുമായി ചര്‍ച്ച ചെയ്ത് അനുകൂല തീരുമാനമെടുക്കുമെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉറപ്പു നല്‍കി. പെരുമ്പടപ്പില്‍ കോള്‍ കര്‍ഷക സംഗമത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
തൃശൂര്‍ ജില്ലയിലെ തലപ്പിള്ളി, ചാവക്കാട് താലൂക്കുകളും മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലും കൂടി ഉള്‍പ്പെടുന്നതാണ് 3400 ഹെക്ടര്‍ പൊന്നാനി കോള്‍ മേഖല. കോള്‍ നിലങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമാക്കി നടപ്പാക്കിയ നൂറാടിത്തോട് വികസനവും സമഗ്ര കോള്‍നില വികസനും പൂര്‍ണമായായല്‍ മാത്രമേ കോള്‍നിലങ്ങളിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാവൂയെന്ന് കര്‍ഷകര്‍ പറഞ്ഞു. ഒന്നും രണ്ടും ഘട്ടങ്ങളില്‍ ബണ്ടുകളും സ്ലൂയിസ്സുകളുടെയും നിര്‍മാണ പ്രവൃത്തികളാണ് പൊന്നാനി കോളില്‍ നടക്കുന്നത്. മൂന്നാം ഘട്ടം കൂടിലഭിച്ചാല്‍ മാത്രമേ വിഭാവനം ചെയ്ത രീതിയില്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കൂയെന്നും അറിയിച്ചു. പൊന്നാനി കോളില്‍ ചില ഭാഗങ്ങളില്‍ പഴയ കാല മരങ്ങളുടെ അവശിഷ്ടങ്ങള്‍ പകുതി ദ്രവ രൂപത്തില്‍ (പൂതചേര്‍) ഉള്ളതിനാല്‍ ബണ്ടുകള്‍ തെന്നി നീങ്ങുന്നതിനും ബണ്ടു തകരുന്നതിനും ഇടയാകാറുണ്ട്. ഇത്തരം അപകടങ്ങള്‍ മൂലം കൃഷിയുടെ വിവിധ ഘട്ടങ്ങളില്‍ കൃഷിനാശം സംഭവിക്കുന്നതായും കര്‍ഷകര്‍ അറിയിച്ചു. സാമ്പത്തിക ഭദ്രത കുറവുള്ള കര്‍ഷകര്‍ ധനകാര്യ സ്ഥാപനങ്ങളെ ആശ്രയിച്ചാണ് കൃഷിക്കുള്ള മൂലധനം കണ്ടെത്തുന്നത്. അത്യുത്പാദനശേഷിയുള്ള ഉമ, ജ്യോതി, കാഞ്ചന ശ്രേയസ്സ് ,മട്ട, തൃവേണി എന്നിവയാണ് കൃഷി ചെയ്യുന്ന ഇനങ്ങള്‍. പ്രകൃതി ക്ഷോഭങ്ങള്‍, ബണ്ടു തകര്‍ച്ച എന്നിവ ബാധിച്ചില്ലെങ്കില്‍ നല്ല വിളവു ലഭിക്കാറുണ്ട്. ഹെക്ടറിന് ആറു മുതല്‍ ഒമ്പതുവരെ ടണ്‍ നെല്ലുത്പാദിപ്പിക്കുന്ന പാടശേഖരങ്ങളാണ് പൊന്നാനി കോളിലുള്ളത്. അതിനാല്‍ കോള്‍ സംരക്ഷണം ഗൗരവമായി പരിഗണിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."