നഗരൂരില്‍ പുതിയ പൊലിസ് സ്റ്റേഷന്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന്
തിരുവനന്തപുരം: ജില്ലയിലെ നഗരൂര്‍ കേന്ദ്രമാക്കി പുതിയ പൊലിസ് സ്റ്റേഷന്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ആറ്റിങ്ങല്‍ എം.എല്‍.എ ബി. സത്യന്‍ അറിയിച്ചു. മേഖലയിലെ ജനങ്ങളുടെ വര്‍ഷങ്ങളായുള്ള ആവശ്യത്തിനാണ് ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ പരിഹാരമായതെന്നും എം.എല്‍.എ പറഞ്ഞു.
ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയും നഗരൂര്‍, പുളിമാത്ത്, കരവാരം എന്നീ പഞ്ചായത്തുകളുമാണ് പുതിയ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ ഉള്‍പ്പെടുന്നത്. ആറ്റിങ്ങല്‍ പൊലിസ് സ്റ്റേഷന്റെ പരിധിയിലായിരുന്ന പ്രദേശങ്ങളില്‍ അത്യാവശ്യഘട്ടത്തില്‍ ആറ്റിങ്ങല്‍, കിളിമാനൂര്‍ സ്റ്റേഷനുകളുടെ സേവനമാണ് ഉപയോഗപ്പെടുത്തിയിരുന്നത്.
ഇത് പ്രായോഗികമായി ഏറെ ബുദ്ധിമുട്ടുകളുണ്ടാക്കിയിരുന്നു. നഗരൂര്‍ ഗ്രാമപ്പഞ്ചായത്തിന് കീഴിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കൃഷിഭവനും വായനശാലയുമുള്‍പ്പെടെയുള്ളവ മാറ്റിയാണ് പൊലിസ് സ്റ്റേഷനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കിയത്. നഗരൂര്‍ പൊലിസ് സ്റ്റേഷന്‍ സംബന്ധിച്ച പ്രഖ്യാപനം കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു.
അതാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നത്. സ്ഥലത്തെ നിയമസഭാംഗമെന്ന നിലയിലുള്ള നിരന്തരമായ പരിശ്രമത്തിനാണ് ഇപ്പോള്‍ ഫലം കണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."