ട്രാക്ക് തെറ്റി സ്‌കൂള്‍ കായികമേള; താരങ്ങളുടെ കരിയറിന് വെല്ലുവിളി
കൊച്ചി: ട്രാക്ക് തെറ്റി ഓടുന്ന സ്‌കൂള്‍ കായികമേള കായിക താരങ്ങളുടെ കരിയറിന് തിരിച്ചടിയാകുന്നു. പാലായില്‍ ഒക്ടോബര്‍ 13 മുതല്‍ 18 വരെ നടത്തുമെന്ന് പ്രഖ്യാപിച്ച മേള വീണ്ടും മാറ്റി നിശ്ചയിച്ചത് താരങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി മാറുകയാണ്. 20 മുതല്‍ 23വരെ നടത്തുമെന്നാണ് പുതിയ പ്രഖ്യാപനം.
സബ്ജില്ലയില്‍ തുടങ്ങി ദേശീയ സ്‌കൂള്‍ കായികമേളകളിലും ദേശീയ ജൂനിയര്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിലും വിശ്രമമില്ലാതെ പങ്കെടുക്കേണ്ട അവസ്ഥയിലാണ് കായിക താരങ്ങള്‍. കായിക അധ്യാപകര്‍ സമരവുമായി രംഗത്ത് എത്തിയതോടെയാണ് താളം തെറ്റിയ മേള സമരം പിന്‍വലിച്ചിട്ടും നേരായ ട്രാക്കിലായിട്ടില്ല. ഗെയിംസ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കാനാണ് മേളയുടെ തിയതി മാറ്റിയതെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍, മേള വൈകിയതോടെ കായിക താരങ്ങള്‍ക്ക് അത്യധ്വാനം ചെയ്യേണ്ട അവസ്ഥയാണ്. വിശ്രമമില്ലാതെ താരങ്ങള്‍ക്ക് യാത്ര ചെയ്ത് ട്രാക്കിലും ഫീല്‍ഡിലും പോരാടേണ്ട ഗതികേടിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.
ഹരിയാനയിലെ പഞ്ചുകുളയില്‍ ദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ് ഒക്ടോബര്‍ അവസാന വാരമാണ് നിശ്ചയിച്ചിട്ടുള്ളത്. നവംബര്‍ ഒന്ന് മുതല്‍ അഞ്ച് വരെ ദേശീയ ജൂനിയര്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ് വിജയവാഡയില്‍ നടക്കും. നവംബര്‍ ഏഴ് മുതല്‍ 12 വരെ മധ്യപ്രദേശിലെ ഭോപ്പാലില്‍ ദേശീയ ജൂനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പും നടക്കും. സബ് ജൂനിയര്‍ മീറ്റ് ഡിസംബര്‍ ആദ്യ വാരം മഹാരാഷ്ട്രയിലെ രത്‌നഗിരിയിലുമാണ് നിശ്ചയിച്ചിട്ടുള്ളത്. നിലവിലെ അവസ്ഥയില്‍ ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പുകളുടെ തിയതി മാറ്റിയില്ലെങ്കില്‍ കായിക താരങ്ങള്‍ വലയും.
ആവശ്യത്തിന് റിക്കവറിക്ക് സമയം നല്‍കാതെയുള്ള മേള നടത്തിപ്പ് താരങ്ങളെ കൊണ്ടെത്തിക്കുക കടുത്ത പരുക്കിലേക്കാവുമെന്ന് പരിശീലകര്‍ പറയുന്നു. സ്‌കൂള്‍ കായിക മേള നടത്തിപ്പിലെ താളംതെറ്റല്‍ അത്‌ലറ്റിക് അസോസിയേഷന്റെയും ഫെഡറേഷന്റെയും മീറ്റുകളില്‍ താരങ്ങള്‍ക്ക് പങ്കെടുക്കുന്നതിനും വിഘാതം സൃഷ്ടിക്കുന്നുണ്ട്.
ഫെഡറേഷന്‍ മീറ്റുകളേക്കാള്‍ സ്‌കൂള്‍ കായിക മേളക്കാണ് പല സ്‌കൂളുകളും മുന്‍തൂക്കം നല്‍കുന്നത്. സൗത്ത് സോണ്‍ മീറ്റില്‍ 36 താരങ്ങളാണ് സ്‌കൂള്‍ കായിക മേളയുടെ പേരില്‍ വിട്ടുനിന്നത്. സ്‌കൂളുകളുടെ തലതിരിഞ്ഞ സമീപനം താരങ്ങളുടെ കായിക ഭാവിയാണ് നശിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."