ആവേശം കൊട്ടിക്കയറി; നിറങ്ങളില്‍ നീരാടി കൊച്ചി ലോകകപ്പ് കിരീടത്തിന് ഉജ്ജ്വല വരവേല്‍പ്പ്
കൊച്ചി: കൗമാര വിശ്വമേളയിലെ ജേതാക്കള്‍ക്ക് സമ്മാനിക്കാനുള്ള കിരീടത്തിന് കൊച്ചിയുടെ കളിത്തട്ടില്‍ ആവേശ്വജ്ജ്വല വരവേല്‍പ്പ്. കേരളത്തിന്റെ കലയും സംസ്‌കാരവും സ്വാഗതമോതിയ വേദിയില്‍ വെള്ളിക്കപ്പിനെ കൊച്ചി വരവേറ്റു.
കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിന് മുന്നിലെ പ്രത്യേകവേദിയില്‍ കായികമന്ത്രി എ.സി.മൊയ്തീന്‍ ട്രോഫി അനാവരണം ചെയ്തു. മോഹിനിയാട്ടം, മുത്തുക്കുട, കഥകളി, തെയ്യം, അര്‍ജുന നൃത്തം, മയിലാട്ടം, ഓട്ടന്‍തുള്ളല്‍, പൂക്കാവടി, പീലിക്കാവടി, വേലകളി, പടയണി കലാരൂപങ്ങളും നിറഞ്ഞാടി.
താളം കൊഴുപ്പിച്ച് ശിങ്കാരിമേളവും അരങ്ങ് വാണു. ഇവര്‍ക്കിടയിലൂടെ ഫുട്‌ബോള്‍ സ്‌ക്കില്‍സ് പ്രദര്‍ശിപ്പിച്ച് കുരുന്നു താരങ്ങള്‍. എല്ലാറ്റിനും നടുവില്‍ ചുവടുവെച്ച് ലോകകപ്പ് ഭാഗ്യചിഹ്നം 'ഖേലിയോ'.
അണ്ടര്‍ 17 ലോകകപ്പ് ട്രോഫി പര്യടനത്തിന്റെ അവസാന വേദിയായ കൊച്ചിയിലേക്ക് 8000 കിലോ മീറ്റര്‍ സഞ്ചരിച്ചാണ് കപ്പ് എത്തിയത്. വിശിഷ്ടാതിഥികള്‍ എത്തും മുന്‍പേ സ്റ്റേഡിയത്തില്‍ കലാരൂപങ്ങള്‍ നിരന്നു. 10.45ന് കായികമന്ത്രി ട്രോഫി അനാവരണം ചെയ്ത മുഹൂര്‍ത്തം തെളിവെയിലില്‍ കേരളത്തിന്റെ സാംസ്‌കാര സമ്പന്നത കണ്‍തുറന്നു കണ്ടുനിന്നു.
കെ.വി തോമസ് എം.പി, എം.എല്‍.എമാരായ പി.ടി തോമസ്, ഹൈബി ഈഡന്‍, ഡെപ്യൂട്ടി മേയര്‍ ടി.ജെ വിനോദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍, വൈസ് പ്രസിഡന്റ് ഒളിംപ്യന്‍ മേഴ്‌സിക്കുട്ടന്‍, ജി.സി.ഡി.എ ചെയര്‍മാന്‍ സി.എന്‍ മോഹനന്‍, ലോകകപ്പ് നോഡല്‍ ഓഫിസര്‍ എ.പി.എം മുഹമ്മദ് ഹനീഷ്, കെ.എഫ്.എ പ്രസിഡന്റ് കെ.എം.ഐ മേത്തര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം എം.ആര്‍ രഞ്ജിത്, സെക്രട്ടറി സഞ്ജയന്‍ കുമാര്‍, മുന്‍ ഫുട്‌ബോള്‍ താരങ്ങളായ സി.സി ജേക്കബ്, എം.എം ജേക്കബ് പങ്കെടുത്തു.
ലോകകപ്പ് ട്രോഫി അടുത്തുനിന്നു കാണാനും ഫോട്ടോ എടുക്കാനുമായി നിരവധി പേരാണ് കൊച്ചി സ്റ്റേഡിയത്തിലേക്ക് എത്തിയത്. ഇന്ന് അംബേദ്കര്‍ സ്റ്റേഡിയത്തിലും നാളെ ഫോര്‍ട്ട്‌കൊച്ചി വാസ്‌ഗോഡഗാമ സ്‌ക്വയറിലും ട്രോഫി പ്രദര്‍ശിപ്പിക്കും.
പാറിപ്പറക്കാന്‍ കാനറികള്‍
സെലക്കാവോ എന്ന വിളിപ്പേരുള്ള ബ്രസീല്‍ കൊച്ചിയുടെ കളിത്തട്ടിലാണ് കൗമാര വിശ്വമേളയില്‍ പന്തുതട്ടാന്‍ വരുന്നത്. കാനറികള്‍ ആക്രമണ ഫുട്‌ബോളിന്റെ വക്താക്കള്‍. അണ്ടര്‍ 17 ലോകകപ്പ് ചരിത്രത്തില്‍ 1993ല്‍ ഒഴികെ എല്ലാ തവണയും പന്ത് തട്ടിയവര്‍. 1997, 99, 2003 വര്‍ഷങ്ങളില്‍ ലോക ചാംപ്യന്‍മാര്‍. 2015ല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി. കിടിലന്‍ ടീമുകളുടെ ഗ്രൂപ്പായ ഡിയിലാണ് ബ്രസീല്‍. നൈജറും ഉത്തര കൊറിയയും സ്‌പെയിനും എതിരാളികള്‍. ലോക ഫുട്‌ബോളിലെ തറവാടികളുടെ ഏറ്റുമുട്ടല്‍ പ്രവചനാതീതം. ആര്‍ക്കും ആരെയും വീഴ്ത്താം. മരണ ഗ്രൂപ്പിലെ പോര് അതുകൊണ്ടു തന്നെ ആവേശകരമാകും.
വിസ്മയം വിനിഷ്യസ്
ബ്രസീലിന്റെ കരുത്ത് ഒഴുക്കുള്ള കളിയുമായി കളം നിറയുന്ന താരങ്ങള്‍ തന്നെ. കൂട്ടയാക്രമണം കൈമുതല്‍. ലാറ്റിനമേരിക്കന്‍ അണ്ടര്‍ 17 ചാംപ്യന്‍ഷിപ്പില്‍ ഒരു കളിയും തോല്‍ക്കാതെ ജേതാക്കളായാണ് ഇന്ത്യയിലേക്കുള്ള വരവ്. സംപൂര്‍ണരാണെന്ന അവകാശവാദക്കാരാണ് കാനറികള്‍. സീസണിലെ ഗോള്‍ സമ്പാദ്യം 24. വഴങ്ങിയത് മൂന്നെണ്ണം മാത്രം. എതിരാളികളുടെ പ്രത്യാക്രമണത്തില്‍ പതറുന്നതാണ് പോരായ്മ. ലോക ഫുട്‌ബോളിലെ ഏറ്റവും വിലയേറിയ ടീനേജ് താരം വിനിഷ്യസ് ജൂനിയര്‍ എന്ന ഗോള്‍ വേട്ടക്കാരനാണ് തുറുപ്പുചീട്ട്. വില 45 മില്യണ്‍ യൂറോ. അതായത് 346.40 കോടിക്കാണ് റയല്‍ മാഡ്രിഡ് വിനിഷ്യസിനെ സ്വന്തമാക്കിയത്. വിനിഷ്യസിന് ഗോള്‍ അടിക്കാന്‍ പന്ത് എത്തിച്ചു കൊടുക്കുന്ന അലന്‍ ആണ് മറ്റൊരു പ്രതീക്ഷ.
കാര്‍ലോസിന്റെ തന്ത്രങ്ങള്‍
കാര്‍ലോസ് അമാദോ. കാനറികള്‍ക്ക് ജൂനിയര്‍ തലത്തില്‍ ഒട്ടേറെ വിജയങ്ങള്‍ സമ്മാനിച്ച പരിശീലകന്‍. 2015 ല്‍ അണ്ടര്‍ 17 ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റു. ആക്രമണ ഫുട്‌ബോളിന്റെ വക്താവാണ് കാര്‍ലോസ്. ആക്രമിച്ച് കളിച്ച് വിജയിക്കുക. ലോകകപ്പ് സ്വന്തമാക്കുക. ഒന്നാം സ്ഥാനം ലക്ഷ്യമിടുക എന്നതാണ് ഞങ്ങളുടെ പാരമ്പര്യമെന്ന് കാര്‍ലോസ് വ്യക്തമാക്കിയിട്ടുണ്ട്.
പൊരുതി നില്‍ക്കാന്‍ സ്പാനിഷ് പട
സ്‌പെയിന്‍. മൂന്ന് തവണ ലോകകപ്പിന്റെ ഫൈനല്‍ കളിച്ച ടീം. ഒന്‍പതാം അണ്ടര്‍ 17 ലോകകപ്പ് കളിക്കാനാണ് ലാ റോജ വിളിപ്പേരുള്ള സ്പാനിഷ് പടയുടെ വരവ്. 1991, 2003, 2007 ലോകകപ്പുകളിലാണ് കലാശപ്പോരില്‍ വീണത്. 1997ലും അവസാനമായി ലോകകപ്പ് കളിച്ച 2009ലും മൂന്നാം സ്ഥാനക്കാര്‍. ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് യോഗ്യത നേടിയത്. യുവേഫ അണ്ടര്‍ 17 ചാംപ്യന്‍ഷിപ്പിലെ ജേതാക്കള്‍.
ആബേലും ഡയസും
കടുപ്പമേറിയ മത്സരങ്ങളിലും പൊരുതി നില്‍ക്കുന്ന ടീം. പോരാട്ടവീര്യമാണ് കൈമുതല്‍. ഷൂട്ടൗട്ടിലും സ്പാനിഷ് കൗമാരം മിടുക്കരാണ്. പ്രതിരോധത്തിലാണ് പിഴയ്ക്കുന്നത്. ബാഴ്‌സലോണ, റയല്‍ മാഡ്രിഡ് ക്ലബുകളിലെ കൗമാര താരങ്ങള്‍ വ്യത്യസ്ത ശൈലിക്കാരാണ്. ഈ ശൈലികളെ സമന്വയിപ്പിക്കുക എന്നതാണ് സ്‌പെയിന്റെ വെല്ലുവിളി. ഇഗ്‌നേസിയോ ഡയസും ആബേല്‍ റുയിസുമാണ് ആക്രമണത്തിന്റെ കുന്തമുനകള്‍. ഇഗ്‌നേസിയോ നിര്‍ണായക നിമിഷങ്ങളില്‍ പിഴയ്ക്കാതെ ഷൂട്ട് ചെയ്യുന്ന താരം.
കീറിമുറിക്കാന്‍ സാന്റി
സ്‌പെയിനിന്റെ മുന്‍ രാജ്യാന്തരതാരം സാന്റി ഡെനിയ ആണ് മുഖ്യപരിശീലകന്‍. ഡിഫന്‍ഡറായിരുന്ന സാന്റിയുടെ തന്ത്രം എതിരാളികളെ കീറിമുറിക്കുക എന്നതാണ്.
നല്ല ഫുട്‌ബോള്‍ കാഴ്ചവച്ച് സെമി ഫൈനല്‍ വരെ എത്താന്‍ സ്പാനിഷ് പടയ്ക്ക് ശേഷിയുണ്ടെന്ന് സാന്റി വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."