കലക്ടറേറ്റില്‍ തീപിടിത്തം: തെരഞ്ഞെടുപ്പ് ഫയലുകള്‍ കത്തിനശിച്ചു
കോഴിക്കോട്: കലക്ടറേറ്റില്‍ ആര്‍.ഡി.ഒ ഓഫിസിന് മുകളിലെ രണ്ടാം നിലയില്‍ തീപിടിച്ചു. കനത്ത പുക പടര്‍ന്നത് കലക്ടറേറ്റില്‍ ആശങ്ക പടര്‍ത്തി. ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെയാണ് ഇടത് ഭാഗത്തെ ഇ-ബ്ലോക്കിലെ രണ്ടാം നിലയിലെ തപാല്‍ വകുപ്പിന് സമീപത്തെ ജീവനക്കാര്‍ ഭക്ഷണം കഴിക്കുന്ന ഹാളില്‍ നിന്നാണ് തീപടര്‍ന്നത്. ഇവിടെ നിന്നും പുക ഉയരുന്നത് കണ്ട തപാല്‍ വിഭാഗത്തിലെ വനിതാ ജീവനക്കാര്‍ പുറത്തേക്ക് ഓടി. ജീവനക്കാര്‍ തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും ഒന്നാം നിലയില്‍ പുക നിറഞ്ഞത് കാരണം ഫലം കണ്ടില്ല.
ശേഷം അഗ്നിശമന സേന എത്തി അര മണിക്കൂര്‍ നേരം പ്രയത്‌നിച്ചാണ് തീ കെടുത്തിയത്. ഒന്നാം നിലയിലേക്ക് കടക്കാന്‍ കഴിയാത്തത് കാരണം കെട്ടിടത്തിന്റെ പിന്നില്‍ കോണി വഴി കയറി ജനല്‍ പൊളിച്ചാണ് അഗ്നിശമന സേന തീയണച്ചത്. ഹാളില്‍ സൂക്ഷിച്ചിരുന്ന പഴയ തെരഞ്ഞെടുപ്പ് ഫയലുകള്‍ കത്തി നശിച്ചിട്ടുണ്ട്. കൂടാതെ ഇവിടെയുണ്ടായിരുന്ന ഫോട്ടോസ്റ്റാറ്റ് മെഷീന്‍,
വാട്ടര്‍ പ്യൂരിഫയര്‍, കസേരകള്‍, അലമാര എന്നിവയും കത്തി നശിച്ചിട്ടുണ്ട്. വെള്ളിമാട്കുന്നില്‍ നിന്നും മൂന്ന് യൂനിറ്റും ബീച്ചില്‍ നിന്നും രണ്ട് യൂനിറ്റും അഗ്നിശമന സേനയാണ് തീ അണക്കാനെത്തിയത്. വെള്ളിമാട്കുന്ന് ഫയര്‍ സ്റ്റേഷന്‍ ഓഫിസര്‍ കെ.സി ബാബുരാജ്, ലീഡിങ് ഫയര്‍മാന്‍ ഇ.സി നന്ദകുമാര്‍, ഫയര്‍മാന്‍മാരായ എം.ഫൈബിന്‍, സി.പി ബിനീഷ്, കെ.അഭിനന്ദ്, വി.കെ അനൂപ്, എസ്.ഡി സജിത്കുമാര്‍, വിജിന്‍, സലീം, സുധീര്‍, തോമസ്, വിജയന്‍, വിനു വര്‍ഗീസ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. നടക്കാവ് സി.ഐ. ടി.കെ അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. ഫോറന്‍സിക് വിഭാഗത്തിലെ വി. വിനീത്, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ഡെപ്യൂട്ടി ഇലക്ട്രിക്ക് ഇന്‍സ്‌പെക്ടര്‍ സുനില്‍ ശ്രീനിവാസന്‍ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. തീപിടിത്തതിന്റെ കാരണം ഇത് വരെയും വ്യക്തമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."