സംയുക്ത സമരസമിതി ഹൈക്കോടതിയിലേക്ക്
പയ്യന്നൂര്‍: കൊറ്റി ജുമാ മസ്ജിദ് ജീവനക്കാരന്‍ തെക്കേ മമ്പലത്തെ അബ്ദുല്‍ ഹക്കീമിനെ കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ അന്വേഷണം അട്ടിമറിക്കാന്‍ നീക്കമെന്നാരോപിച്ച് സി. കൃഷ്ണന്‍ എം.എല്‍.എ ചെയര്‍മാനായും ടി. പുരുഷോത്തമന്‍ കണ്‍വീനറുമായ സംയുക്ത സമരസമിതി ഹൈക്കോടതിയിലേക്ക്. ഇതുസംബന്ധിച്ച് 25ന് സമരസമിതി പ്രവര്‍ത്തകര്‍ അഭിഭാഷകന്‍ മുഖേന ഹൈക്കോടതിയെ സമീപിക്കും. ഹക്കീമിന്റെ കൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചന നടത്തിയെന്ന് കണ്ടെത്തിയ സി.ബി.ഐ ഡിവൈ.എസ്.പി ഡാര്‍വിന്റെ നേതൃത്വത്തിലുള്ള സംഘം നാലുപേരെ കഴിഞ്ഞ ഏപ്രില്‍ അഞ്ചിന് അറസ്റ്റുചെയ്യുകയും ഇവരെ കോടതി റിമാന്‍ഡ് ചെയ്യുകയും ചെയ്തു. നാലുപേരെയും അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്‌തെങ്കിലും മറ്റ് പ്രതികളെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
ഇവരെ ശാസ്ത്രീയ പരിശോധനക്കും വിധേയമാക്കിയിരുന്നു. 2017 ജൂലൈ നാലിന് ഉപാധികളോടെ നാലുപേരും ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്തു. എന്നാല്‍ സി.ബി.ഐ സംഘത്തിന്റെ തുടര്‍നടപടികള്‍ എങ്ങുമെത്താത്ത സാഹചര്യത്തില്‍ കൊലപാതകം നടത്തിയ യഥാര്‍ഥ പ്രതികളെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ടാണ് സംയുക്ത സമരസമിതി ഹൈക്കോടതിയെ സമീപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."