രണ്ടാംഭാഗം പാഠപുസ്തക വിതരണം പാതിയില്‍ മുടങ്ങി
കല്‍പ്പറ്റ: ജില്ലയില്‍ പാദവാര്‍ഷിക പരീക്ഷക്ക് ശേഷം പഠിപ്പിക്കേണ്ട പാഠപുസ്തകമില്ലാതെ സ്‌കുളുകളില്‍ പഠനം തുടങ്ങി. രണ്ടാംഭാഗ ടെക്സ്റ്റ് പുസ്തക വിതരണമാണ് പാതിവഴിയില്‍ മുടങ്ങിയത്. പുസ്തക വിതരണം എന്ന് പൂര്‍ത്തിയാക്കാനാവുമെന്നറിയാതെ വിദ്യാഭ്യാസ അധികാരികള്‍ കുഴങ്ങിയിരിക്കുകയാണ്. ടെക്സ്റ്റ് പുസ്തകമില്ലാതെ പഠനം കാര്യക്ഷമമാവില്ലെന്നാണ് അധ്യാപകരുടെ പക്ഷം. ജില്ലയില്‍ ഒന്നു മുതല്‍ 10 വരെ ക്ലാസുകള്‍ക്കായി ഇംഗ്ലീഷ്-മലയാളം മീഡിയമടക്കം 128 ഇനം ടെക്സ്റ്റ് പുസ്തകങ്ങളാണ് വിതരണം ചെയ്യേണ്ടത്. പൊതുവായ 58 ഇനവും ഇംഗ്ലീഷ്-മലയാളം മീഡിയത്തിനായി 35 ഇനം വീതം പുസ്തങ്ങളുമാണുണ്ടാവുക. രണ്ടാം ഭാഗം 111 ഇനം പുസ്തകങ്ങളും മൂന്നാം ഭാഗം 33 ഇനം പുസ്തകങ്ങളുമാണ് ജില്ലക്കാവശ്യമുള്ളത്. ആദ്യപാദത്തില്‍ വൈകിയാണെങ്കിലും മുഴുവന്‍ പുസ്തകങ്ങളുടെയും വിതരണം പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ കലാ-കായിക-പ്രവൃത്തി പരിചയ പാഠപുസ്തക വിതരണം ജില്ലയില്‍ നടക്കാത്തതിനാല്‍ പുസ്തകം കാണാതെയാണ് കുട്ടികള്‍ ഓണ പരീക്ഷയെഴുതിയത്. പാദവാര്‍ഷിക പരീക്ഷക്ക് ശേഷം നല്‍കേണ്ട രണ്ടാംഭാഗം പുസ്തങ്ങളില്‍ 74 ഇനം പുസ്തകങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്. വിതരണം ചെയ്യേണ്ട 111 ഇനത്തില്‍ ബാക്കി വരുന്ന 37 ഇനങ്ങള്‍ എന്ന് വിതരണം ചെയ്യാന്‍ സാധിക്കുമെന്ന് അധ്യാപകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ധാരണയില്ല. ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളിലെ പുസ്തകങ്ങളാണ് കിട്ടാനുള്ളതില്‍ ഏറെയും.
ഉറുദു, അറബി, സംസ്‌കൃതം തുടങ്ങിയ ഭാഷാ പുസ്തകങ്ങളും ഇതിലുള്‍പ്പെടും. എല്‍.പി, യു.പി ക്ലാസുകളിലേക്ക് 18 വീതം പുസ്തകങ്ങളും ഹൈസ്‌കുള്‍ എട്ടാം ക്ലാസിലേക്കുള്ള ഒരു പുസ്തകവുമാണ് ഇനി ലഭിക്കാനുള്ളത്. രണ്ടാംപാദ പരീക്ഷ ഡിസംബറിലാണ് നടക്കുക. ഇതിനിടയില്‍ ഉപജില്ല, ജില്ല കലാ, കായിക, പ്രവൃത്തി പരിചയ, ശാസ്ത്ര മേളകള്‍ നടക്കേണ്ടതുണ്ട്. കൂടാതെ വിദ്യാരംഗം കലാ സാഹിത്യ മല്‍സരങ്ങളും വേണം. ഇതിനിടയില്‍ പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കണം. മേളകളും പാഠപുസ്തകമില്ലാതെയുള്ള പഠനവും പൊതു വിദ്യാഭ്യാസത്തെ താളം തെറ്റിക്കുമെന്നാണ് ഇതുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. ഡിസംബര്‍ മാസത്തോടെ മൂന്നാംഭാഗം പാഠപുസ്തക വിതരണം പൂര്‍ത്തിയാക്കേണ്ടതുണ്ട്. 33 ഇനം പുസ്തകങ്ങളാണ് മൂന്നാം വാള്യമുള്ളത്. കുട്ടികള്‍ക്ക് പാഠപുസ്തകങ്ങള്‍ വിദ്യാഭ്യാസവകുപ്പ് നേരിട്ട് സ്‌കുളുകള്‍ മുഖേനയാണ് വിതരണം ചെയ്യുന്നത്. കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ആവശ്യമായ പുസ്തകങ്ങളുടെ എണ്ണം സ്‌കുളധികാരികള്‍ വിദ്യാഭ്യാസ വകുപ്പിന് നല്‍കും. തുടര്‍ന്ന് ജില്ലയിലെ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ആവശ്യമായ പുസ്തകങ്ങള്‍ സ്‌കുളിലെത്തിക്കും. കഴിയുന്നത്ര വേഗത്തില്‍ കുട്ടികളുടെ കൈകളില്‍ പുസ്തകമെത്തിക്കുകയാണ് പതിവ്. ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള പുസ്തകങ്ങളാണ് നേരിട്ട് വിതരണം ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."