ആരോരുമില്ലാത്ത കുട്ടികള്‍ക്ക് സര്‍ക്കാരിന്റെ സഹായ ഹസ്തം
തിരുവനന്തപുരം: അനാഥരും അഗതികളുമായ കുട്ടികള്‍ക്ക് സഹായ ഹസ്തവുമായി സര്‍ക്കാര്‍. പതിനെട്ടു വയസുവരെയുള്ള കുട്ടികള്‍ക്ക് പ്രതിമാസം 2,000 രൂപ വീതം നല്‍കുന്ന സ്റ്റേറ്റ് സ്‌പോണ്‍സര്‍ഷിപ് പദ്ധതിക്ക് ഈ അധ്യയന വര്‍ഷം തന്നെ തുടക്കമാകും. ജില്ലാ ശിശുസംരക്ഷണ ഓഫിസുകള്‍ ഉടന്‍ അപേക്ഷ ക്ഷണിക്കും. തുടക്കം 1,000 കുട്ടികള്‍ക്കാണ് സഹായം നല്‍കുന്നത്. ഇതിനായി 1.6 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. സംയോജിത ശിശുസംരക്ഷണ വിഭാഗത്തിനാണ് പദ്ധതിയുടെ നടത്തിപ്പുചുമതല.
പിതാവും മാതാവും ഇല്ലാത്തവര്‍, മാതാപിതാക്കളില്‍ ആരെങ്കിലും ഒരാള്‍ ഇല്ലാത്തവര്‍, അവിവാഹിതരായ അമ്മമാരുടെ കുട്ടികള്‍, വിവിധ പ്രയാസങ്ങള്‍ കാരണം രക്ഷിതാക്കള്‍ക്ക് നോക്കാനോ പരിപാലിക്കാനോ കഴിയാത്ത കുട്ടികള്‍, കിടപ്പുരോഗികളോ മാരകരോഗം ബാധിച്ചവരോ ആയ മാതാപിതാക്കളുള്ളവര്‍ എന്നിവര്‍ക്കാണ് സഹായം.
സാമൂഹ്യനീതിവകുപ്പ് ജില്ലാ ശിശു സംരക്ഷണ സമിതികള്‍ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്.സര്‍ക്കാര്‍ സഹായം കിട്ടാന്‍ ജില്ലാ ശിശു സംരക്ഷണ സമിതി ഓഫിസുകളില്‍ അപേക്ഷ നല്‍കണം.
അപേക്ഷിക്കുന്ന കുട്ടിയുടെ ജീവിതസാഹചര്യം ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി വിലയിരുത്തും. തുടര്‍ന്ന് റിപ്പോര്‍ട്ട് സ്‌പോണ്‍സര്‍ഷിപ് അംഗീകാര സമിതി പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും അപേക്ഷ അംഗീകരിച്ച് ബാങ്ക് അക്കൗണ്ടുവഴി തുക നല്‍കുക.
നടപ്പു അധ്യയന വര്‍ഷം പദ്ധതി ആരംഭിക്കാന്‍ സാമൂഹ്യ നീതി വകുപ്പ് ശിശുസംരക്ഷണ സമിതികള്‍ക്ക് നിര്‍ദേശം നല്‍കി. അടുത്ത അധ്യയന വര്‍ഷം മുതല്‍ യോഗ്യതയുള്ള എല്ലാ കുട്ടികള്‍ക്കും വിതരണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."