ശിക്ഷാ വിധി ചോദ്യം ചെയ്ത് ഗുര്‍മീത് റാം ഹൈക്കോടതിയില്‍
ന്യൂഡല്‍ഹി: സ്ത്രീപീഡന കേസില്‍ 20 വര്‍ഷം തടവിന് ശിക്ഷിച്ച ദേര സച്ച സൗദ നേതാവ് ഗുര്‍മീത് റാം റഹിം സിങ്, തനിക്കെതിരായ ശിക്ഷാ വിധിയെ ചോദ്യം ചെയ്ത് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ സമീപിച്ചു. അനുയായികളായ രണ്ട് സ്ത്രീകളെ പീഡിപ്പിച്ചുവെന്ന കേസിലാണ് സി.ബി.ഐ പ്രത്യേക കോടതി അദ്ദേഹത്തെ 20 വര്‍ഷം കഠിന തടവിനും 30 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചത്. ഇപ്പോള്‍ റോഹ്ത്തക്ക് ജില്ലാ ജയിലില്‍ തടവില്‍ കഴിയുകയാണ് അദ്ദേഹം.
കുറ്റാരോപണം കെട്ടിച്ചമച്ചതാണെന്നും തനിക്ക് ലൈംഗീക ശേഷിയില്ലെന്നും അദ്ദേഹം സി.ബി.ഐ കോടതിയില്‍ പറഞ്ഞിരുന്നു.
സി.ബി.ഐ കോടതിയുടെ വിധിയെ ചോദ്യം ചെയ്താണ് ഹൈക്കോടതയില്‍ ഹരജി സമര്‍പ്പിച്ചതെന്ന് ഗുര്‍മീതിന്റെ അഭിഭാഷകന് വിശാല്‍ ഗാര്‍ഗ് നര്‍വാണ പറഞ്ഞു.
15 വര്‍ഷം മുന്‍പ് നടന്നുവെന്ന് പറയുന്ന പീഡനത്തെ സംബന്ധിച്ച് സി.ബി.ഐ എടുത്ത കേസ് ആറുവര്‍ഷക്കാലം നടപടികളൊന്നുമില്ലാതെ കിടക്കുകയായിരുന്നു. യുവതികളുടെ മൊഴി രേഖപ്പെടുത്തിയെന്നല്ലാതെ തുടര്‍ നടപടികള്‍ ഒന്നുമുണ്ടായിരുന്നില്ലെന്നും വര്‍ഷങ്ങള്‍ക്കു ശേഷമാണ് പിന്നീട് വിചാരണയുണ്ടതെന്നും അഭിഭാഷകന് പറഞ്ഞു.
2002ല്‍ അന്തേവാസികളായ രണ്ട് യുവതികളാണ് ഗുര്‍മീത് പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന വാജ്പെയ്ക്ക് പരാതി നല്‍കിയത്. തുടര്‍ന്നാണ് സി.ബി.ഐ അന്വേഷണം നടത്തി ഗുര്‍മീതിനെതിരേ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതിനിടയില്‍ ദേര അനുയായി രഞ്ജിത് സിങ്, മാധ്യമ പ്രവര്ത്തകന് രാം ചന്ദര്‍ ഛത്രപതി എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലും ഗുര്‍മീത് വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."