2019ഓടെ സമ്പൂര്‍ണ വൈദ്യുതീകരണം: മോദി
ന്യൂഡല്‍ഹി: ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പും 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനും അരങ്ങൊരുങ്ങിയിരിക്കേ അധികാരത്തിലേറാനുള്ള കുറുക്കുവഴിയുമായി കേന്ദ്ര സര്‍ക്കാര്‍. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കേ ഇതിനെ മറികടക്കാനുള്ള പദ്ധതി പ്രഖ്യാപനങ്ങളൊന്നുമില്ലാതെ 2019 ഓടെ രാജ്യം സമ്പൂര്‍ണ വൈദ്യുതീകരണത്തിലേക്ക് എത്തുമെന്നാണ് ഇന്നലെ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
2019 മാര്‍ച്ച് 31നകം എല്ലാ വീടുകളിലും വൈദ്യുതി ലഭ്യമാക്കുമെന്നും 500 രൂപയ്ക്ക് പുതിയ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കുമെന്നും മോദി പ്രഖ്യാപിച്ചു. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്ക് സൗജന്യമായി വൈദ്യുതി നല്‍കും. പാവപ്പെട്ടവന്റെ സ്വപ്നമാണ് കേന്ദ്രസര്‍ക്കാരിന്റെ സ്വപ്നമെന്നും ജന്‍ധന്‍ മുതല്‍ സ്വച്ഛ് ഭാരത് വരെയും സ്റ്റാന്‍ഡ് അപ് ഇന്ത്യ മുതല്‍ സ്റ്റാര്‍ട്ട് അപ് ഇന്ത്യ വരെയുള്ള പദ്ധതികളെല്ലാം പാവങ്ങളുടെ ക്ഷേമത്തിനായാണ് നടപ്പാക്കുന്നതെന്നും മോദി പറഞ്ഞു. രാജ്യത്തെ പാവപ്പെട്ടവരുടെ വീടുകളില്‍ വൈദ്യുതിയെത്തിക്കുന്ന സൗഭാഗ്യ (സഹജ് ബിജിലി ഹര്‍ ഘര്‍ യോജന) പദ്ധതിയുടെ ഉദ്ഘാടനവും മോദി ഇന്നലെ ഡല്‍ഹിയില്‍ നിര്‍വഹിച്ചു. ഡല്‍ഹിയിലെ ഒ.എന്‍.ജി.സി ആസ്ഥാനം മുന്‍ ജനസംഘം നേതാവ് ദീന്‍ദയാല്‍ ഉപാധ്യായയുടെ പേരിലേക്ക് മാറ്റുന്നതിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.
നാലുകോടി വീടുകളിലെ സ്ത്രീകള്‍ക്കായി സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയായ സൗഭാഗ്യ യോജന സമര്‍പ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴും മെഴുകുതിരി ഉപയോഗിച്ച് പഠിക്കുന്ന കുട്ടികളുണ്ട്. വൈദ്യുതി ഇല്ലാത്ത വീടുകളുണ്ടാകില്ലെന്ന് ഉറപ്പുനല്‍കുന്നു. വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിന് ബി.പി.എല്‍ കുടുംബങ്ങളില്‍ നിന്നു പണം ഈടാക്കില്ല. വൈദ്യുതിയില്ലാത്ത ജീവിതങ്ങളെ മനസിലാക്കണം. സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷം പിന്നിട്ടിട്ടും നാലു കോടി കുടുംബങ്ങള്‍ക്ക് വൈദ്യുതി കിട്ടിയിട്ടില്ല. ഇത്തരക്കാര്‍ക്കായി സര്‍ക്കാരിന്റെ പദ്ധതിയാണ് സൗഭാഗ്യയെന്നും മോദി പറഞ്ഞു.
സമ്പൂര്‍ണ വൈദ്യുതീകരണത്തിന് ചെലവാക്കുന്ന 16,320 കോടി രൂപയില്‍ 14,025 കോടി രൂപ ഗ്രാമപ്രദേശങ്ങളിലേക്കും 2,295 കോടി രൂപ നഗരങ്ങളിലേക്കും നീക്കിവയ്ക്കും. പദ്ധതി തുകയുടെ 60 ശതമാനം കേന്ദ്രവിഹിതവും 10 ശതമാനം സംസ്ഥാനങ്ങളും വഹിക്കണം. 30 ശതമാനം വായ്പയായും കണ്ടെത്തും. പ്രത്യേകം പരിഗണനയുള്ള സംസ്ഥാനങ്ങള്‍ക്ക് 85 ശതമാനംവരെ കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രസംഗത്തിനിടെ പതിവു രാഷ്ട്രീയ ശൈലിയില്‍ മുന്‍ സര്‍ക്കാരിനെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് കല്‍ക്കരി ക്ഷാമവും വൈദ്യുതി മുടക്കവും പ്രധാനവാര്‍ത്തകളായിരുന്നു. കല്‍ക്കരി ഖനനവുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ അഴിമതിയും നടന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഇന്നലെ രാജ്യത്തെ അഭിസംബോധനചെയ്യുമെന്ന് അറിയിച്ച പ്രധാനമന്ത്രി പ്രത്യേക ഉത്തേജക പാക്കേജുകളൊന്നും പ്രഖ്യാപിച്ചില്ലെന്നുമാത്രമല്ല സാമ്പത്തിക മാന്ദ്യത്തെ അദ്ദേഹം പ്രസംഗത്തില്‍ പരാമര്‍ശിക്കുകപോലുമുണ്ടായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."