അപരാജിത ആംഗെലാ മെര്‍ക്കല്‍
ബെര്‍ലിന്‍: സുസ്ഥിരതയ്ക്കുവേണ്ടി വോട്ട് ചോദിച്ച ആംഗെലാ മെര്‍ക്കലിനെ ഒരിക്കല്‍ക്കൂടി ജര്‍മന്‍ ജനത വിശ്വാസത്തിലെടുത്തിരിക്കുന്നു.
തുടര്‍ച്ചയായി നാലാംതവണ ജര്‍മന്‍ പാര്‍ലമെന്റായ ബുണ്ടസ്റ്റാഗിന്റെ അധിപയായി തെരഞ്ഞെടുക്കപ്പെട്ട മെര്‍ക്കലിന് ഭരണം പൂര്‍ത്തിയാക്കാനായാല്‍ മുന്‍ ചാന്‍സലര്‍ ഹെല്‍മറ്റ് കോഹ്‌ളിന്റെ റെക്കോര്‍ഡിനൊപ്പമെത്താം.
ലോകരാഷ്ട്രീയത്തില്‍ ശ്രദ്ധേയ സാന്നിധ്യമായി മാറിയ മെര്‍ക്കലിനു പകരക്കാരില്ലെന്നു തന്നെയാണ് ജര്‍മന്‍ ജനത വിധിയെഴുതിയിരിക്കുന്നത്.
രാജ്യത്തിന്റെ സാമ്പത്തികനില ഭദ്രമാക്കിയും ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തിയും ജര്‍മന്‍ ജനതയുടെ വിശ്വാസം ആര്‍ജിച്ച മെര്‍ക്കല്‍ കുടിയേറ്റ-അഭയാര്‍ഥി, യൂറോപ്യന്‍ യൂനിയന്‍ അനുകൂല നയങ്ങള്‍കൊണ്ട് പടിഞ്ഞാറിനും ലോകത്തിനും പ്രിയങ്കരിയാണ്. അതുകൊണ്ടുതന്നെ അവരുടെ നാലാം ഊഴത്തിനുവേണ്ടി തന്നെയാണ് ലോകം കാത്തിരുന്നത്.
വിജയത്തിനിടയിലും തിരിച്ചടി
മെര്‍ക്കല്‍ അപ്രമാദിത്തം തുടര്‍ന്നെങ്കിലും 70 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട പ്രകടനമാണ് ഭരണകക്ഷിയായ സി.ഡി.യു-സി.എസ്.യു മുന്നണി കാഴ്ചവച്ചത്. മുന്നണിക്ക് ഒറ്റയ്ക്കു ഭരിക്കാനുള്ള വോട്ടും ലഭിച്ചിട്ടില്ല. ഇതിലും നല്ല പ്രകടനമായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്ന മെര്‍ക്കലിന്റെ പ്രതികരണത്തില്‍ ആ തിരിച്ചടി നിഴലിക്കുന്നുണ്ട്.
അവസാനം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 32.8 ശതമാനം (246 സീറ്റ്) വോട്ടാണ് സി.ഡി.പി-ക്രിസ്ത്യന്‍ സെക്യുലര്‍ യൂനിയന്‍ (സി.എസ്.യു) സഖ്യത്തിനു ലഭിച്ചത്. മുന്‍ സഖ്യകക്ഷികളായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ജര്‍മനി (എസ്.പി.ഡി) 20.7 ശതമാനം (153) വോട്ടോടെ രണ്ടാം സ്ഥാനത്തായി. അതേസമയം, നവനാസികള്‍ എന്ന പേരില്‍ അറിയപ്പെടുന്ന തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ആള്‍ട്ടര്‍നേറ്റിവ് ഫോര്‍ ജര്‍മനി (എ.എഫ്.ഡി) ജര്‍മന്‍ പാര്‍ലമെന്റില്‍ ആദ്യമായി അക്കൗണ്ട് തുറന്നു. 13.2 (94) ശതമാനം വോട്ടോടെ പാര്‍ലമെന്റില്‍ ഏറ്റവും വലിയ മൂന്നാമത്തെ ഒറ്റ കക്ഷിയുമായി അവര്‍. മറ്റു കക്ഷിനില: ഫ്രീ ഡെമോക്രാറ്റിക് പാര്‍ട്ടി (10.4), ദ ലെഫ്റ്റ് (9.0), ഗ്രീന്‍ പാര്‍ട്ടി (9.1).
മെര്‍ക്കലിന്റെ കുടിയേറ്റ-മുസ്‌ലിം അനുകൂല നിലപാടിനെതിരേ ആലീസ് വെയ്ഡലിന്റെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ എ.എഫ്.ഡി നടത്തിയ കൊണ്ടുപിടിച്ച പ്രചാരണങ്ങള്‍ ഒരുപരിധിവരെ വിജയിച്ചതാണ് സി.ഡി.യു മുന്നണിക്കു ക്ഷീണമുണ്ടാക്കിയത്. മുന്‍ സഖ്യകക്ഷികളായ മാര്‍ട്ടിന്‍ ഷ്യൂള്‍സിന്റെ സോഷ്യലിസ്റ്റ് പാര്‍ട്ടിക്കും എ.എഫ്.ഡി തിരിച്ചടി നല്‍കി. എസ്.പി.ഡിക്കും ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വോട്ടാണ് ഇത്തവണ ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടിയ പോളിങ് രേഖപ്പെടുത്തിയിട്ടും മുന്‍നിര കക്ഷികള്‍ക്കെല്ലാം തിരിച്ചടി നേരിട്ടത് അതിന്റെ സാക്ഷ്യമാണ്. 76.2 ശതമാനം പോളിങ്ങാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഇത് 2013ല്‍ 71.5 ശതമാനം ആയിരുന്നു.
'ജമൈക്കാ' സഖ്യം ഭരിക്കുമോ?
കഴിഞ്ഞതവണ പിന്തുണച്ച എസ്.പി.ഡി ഇത്തവണ പ്രതിപക്ഷത്ത് ഇരിക്കുമെന്ന് അവരുടെ ചാന്‍സലര്‍ സ്ഥാനാര്‍ഥി മാര്‍ട്ടിന്‍ ഷ്യൂള്‍സ് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സി.ഡി.യു-സി.എസ്.യു മുന്നണി ഏറെ വിയര്‍ക്കും. എ.എഫ്.ഡിയുമായി ഭരണം പങ്കിടുന്നത് ഒരുനിലക്കും ചിന്തിക്കാനാകാത്തതാണ്.
ലിബറല്‍-ഇടതുകക്ഷികളായ എഫ്.ഡി.പി, ഗ്രീന്‍സ് പാര്‍ട്ടികളെ ചാക്കിലിടാനായിരിക്കും മുന്നണി ശ്രമിക്കുക. അങ്ങനെയാണെങ്കില്‍ മൂന്നു കക്ഷികളും ചേര്‍ന്നുള്ള കൂട്ടുകക്ഷി സര്‍ക്കാരായിരിക്കും വരാനിരിക്കുന്നത്. ഈ കക്ഷികളുടെ കൊടിനിറങ്ങള്‍ ചേര്‍ന്നാല്‍ ആഫ്രിക്കന്‍ രാജ്യമായ ജമൈക്കയുടെ ദേശീയപതാകയോടു സാമ്യമുള്ളതിനാല്‍ 'ജമൈക്കന്‍' കൂട്ടുകക്ഷി എന്ന പേര് ഈ സഖ്യകക്ഷി സര്‍ക്കാരിനു രാഷ്ട്രീയവൃത്തങ്ങള്‍ പതിച്ചുനല്‍കിയിട്ടുണ്ട്. സി.ഡി.യു മുന്നണിയുടെ പതാകയുടെ നിറം കറുപ്പും എഫ്.ഡി.പിയുടേത് മഞ്ഞയും ഗ്രീന്‍ പാര്‍ട്ടിയുടേത് പച്ചയുമാണ്.
ഭീഷണിയുയര്‍ത്തി എ.എഫ്.ഡി
2013ല്‍ രൂപീകൃതമായ ആള്‍ട്ടര്‍നേറ്റിവ് ഫോര്‍ ജര്‍മനി (എ.എഫ്.ഡി) വെറും നാലുവര്‍ഷത്തെ കാലയളവു കൊണ്ടുണ്ടാക്കിയ ഈ നേട്ടം ജര്‍മനിയെയും ലോകരാഷ്ട്രീയത്തെയും പേടിപ്പെടുത്തുന്നതാണ്. കടുത്ത മുസ്‌ലിം-കുടിയേറ്റ വിരുദ്ധ പ്രചാരണങ്ങളുമായി ജര്‍മനിയില്‍ സജീവമായ കക്ഷി തെരഞ്ഞെടുപ്പിലും ഇതേ വിദ്വേഷ രാഷ്ട്രീയം തന്നെയായിരുന്നു പയറ്റിയിരുന്നത്. ബുര്‍ഖയല്ല, ബിക്കിനിയാണു രാജ്യത്തിനു വേണ്ടതെന്നുവരെ പാര്‍ട്ടിയുടെ പ്രചാരണ ബോര്‍ഡുകളിലുണ്ടായിരുന്നു. പള്ളി മിനാരങ്ങളും മുസ്‌ലിം ചിഹ്നങ്ങളും നിരോധിക്കണമെന്നും അവര്‍ ആവശ്യമുയര്‍ത്തി. 2015ല്‍ അഭയാര്‍ഥികളെ സ്വീകരിക്കാന്‍ തീരുമാനിച്ച മെര്‍ക്കലിന്റെ നടപടി തന്നെയായിരുന്നു അവരുടെ പ്രധാന പ്രചാരണായുധം. അടുത്തവര്‍ഷങ്ങളില്‍ ജര്‍മന്‍ രാഷ്ട്രീയത്തില്‍ ശക്തമായ സാന്നിധ്യമാകാന്‍ പോകുകയാണു തങ്ങളെന്ന സൂചനയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്.
അതിനിടെ എ.എഫ്.ഡിയില്‍ ഭിന്നത ഉടലെടുത്തിട്ടുണ്ട്. മത്സരിച്ചു ജയിച്ച മുതിര്‍ന്ന നേതാവ് ഫ്രോക്കെ പെട്രി പാര്‍ട്ടി യോഗം ബഹിഷ്‌കരിക്കുകയും പാര്‍ട്ടി അംഗങ്ങള്‍ക്കൊപ്പം പാര്‍ലമെന്റില്‍ സീറ്റ് പങ്കിടില്ലെന്നു വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
പാര്‍ട്ടിയിലെ മിതവാദി മുഖമാണ് പെട്രി. എ.എഫ്.ഡിക്കെതിരേ രാജ്യത്ത് വ്യാപക പ്രതിഷേധ പ്രകടനങ്ങളും നടന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."