സംസ്ഥാനത്ത് നിരവധി ഘര്‍വാപസി കേന്ദ്രങ്ങള്‍; കണ്ണടച്ച് പൊലിസ്
കോഴിക്കോട്: സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന മുസ്്‌ലിം മത പരിവര്‍ത്തന കേന്ദ്രങ്ങള്‍ക്ക് നേരെ നുണ പ്രചരണവും ദേശീയ അന്വേഷണം ഏജന്‍സികളുടെ തെളിവെടുപ്പും തുടരുമ്പോള്‍ സംസ്ഥാനത്ത് അംഗീകാരങ്ങളൊന്നുമില്ലാതെ പ്രവര്‍ത്തിക്കുന്നത് നിരവധി ഘര്‍വാപസി കേന്ദ്രങ്ങള്‍. യോഗയുടേയും ധര്‍മ പഠനത്തിന്റെയും മറവിലാണ് ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. നിരവധി പേരെയാണ് ഇവിടങ്ങളില്‍ വച്ച് നിര്‍ബന്ധിതമായി മതം മാറ്റുന്നത്. ശാരീരിക പീഡനവും മര്‍ദനവും വഴിയാണ് മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നതെന്നാണ് വിവരം. അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ ഇവിടെ എത്തുന്നവരുടെ പേരു വിവരങ്ങള്‍ പൊലിസിനു നല്‍കേണ്ടതുമില്ല.
ഇത്തരം സ്ഥാപനങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിരവധി യുവതികളെ നിര്‍ബന്ധിച്ച് മതം മാറ്റുന്നുമുണ്ട്. മറ്റു പല സ്ഥലങ്ങളിലേക്കെന്നു പറഞ്ഞാണ് ഇത്തരം കേന്ദ്രങ്ങളിലേക്ക് ആളുകളെ കൊണ്ടുവരുന്നത്. ഇവിടെ എത്തുന്നവരില്‍ ഭൂരിപക്ഷവും സ്ത്രീകളാണ്. ക്രൂരമായ പീഡനങ്ങളും നിര്‍ബന്ധിത ജോലികളും അന്തേവാസികള്‍ക്ക് ഇത്തരം സ്ഥലങ്ങളില്‍ നേരിടേണ്ടിവരുന്നുണ്ട്.
ഇന്നലെ പൊലിസ് അടച്ചുപൂട്ടിയ തൃപ്പൂണിത്തുറ യോഗ കേന്ദ്രം ഇത്തരം സ്ഥാപനങ്ങളില്‍ പെട്ടതാണെന്നാണ് അറിയുന്നത്. കഴിഞ്ഞ ദിവസം ഹിന്ദുമതത്തിലേക്ക് തിരിച്ചുപോകുന്നതായി പ്രഖ്യാപിച്ച കാസര്‍കോട് സ്വദേശിയായ ആതിരയും ഈ കേന്ദ്രത്തില്‍ വച്ച് ക്രൂരമായ പീഡനത്തിന് വിധേയമായതായാണ് വിവരം.
ഇവിടെ നിന്ന് രക്ഷപ്പെട്ട ആയുര്‍വേദ ഡോക്ടറായ യുവതിയാണ് ആതിര ഇവിടെ ഉണ്ടായിരുന്നതായി വെളിപ്പെടുത്തിയത്. 22 ദിവസം തനിക്കും ഇവിടെ ക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നതായി യുവതിയും പരാതിയില്‍ പറയുന്നു. 25 സത്രീകളും 20 പുരുഷന്മാരും ഇപ്പോള്‍ ഇവിടെയുണ്ടെന്നും ഇവര്‍ പറയുന്നുണ്ട്. അന്യമത വിദ്വേഷമാണ് ഇവിടെ കാര്യമായി പഠിപ്പിക്കുന്നത്.
മുസ്‌ലിമാണെങ്കില്‍ ആദ്യമായി തട്ടമെടുത്തുകളയാനാണ് ആവശ്യപ്പെടുക. ഇതിന് തയാറല്ലെങ്കില്‍ ബലം പ്രയോഗിച്ച് തട്ടം മാറ്റും. പിന്നെ ശാരീരക പീഡനമാണ് ഉണ്ടാവുക. ആതിര ഇവിടെ എത്തിയപ്പോള്‍ അവളോട് തട്ടം എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു. അവള്‍ തയാറാവാത്തതിനെ തുടര്‍ന്ന് അവര്‍ ബലം പ്രയോഗിച്ച് എടുത്തു മാറ്റുകയായിരുന്നു. താന്‍ വിവാഹം കഴിച്ച ക്രിസ്ത്യന്‍ യുവാവിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പീഡനമെന്നും യുവതി അഭിമുഖത്തില്‍ പറയുന്നുണ്ട്.
ഇത്തരം കേന്ദ്രങ്ങള്‍ക്കു നേരെ പൊലിസ് കണ്ണടക്കുകയാണെന്ന ആരോപണം ശക്തമാണ്. ഈ കേന്ദ്രങ്ങളില്‍ എന്താണ് നടക്കുന്നതെന്നതിനെക്കുറിച്ച് ഒരന്വേഷണവുമില്ല. പരാതി കിട്ടിയാല്‍ പോലും അന്വേഷണം നടക്കുന്നില്ല. ഒരു സുരക്ഷയുമില്ലാതെയാണ് ഇത്തരം സ്ഥാപനങ്ങളില്‍ സ്ത്രീകളെ പാര്‍പ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."