ബൊറൂസിയ- റയല്‍ മുഖാമുഖം
ഡോര്‍ട്മുണ്ട്: യുവേഫ ചാംപ്യന്‍സ് ലീഗ് പോരാട്ടത്തിലെ രണ്ടാം ഘട്ടം ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡ് ജര്‍മന്‍ കരുത്തരായ ബൊറൂസിയ ഡോര്‍ട്മുണ്ടിനെ അവരുടെ തട്ടകത്തില്‍ നേരിടാനിറങ്ങുന്നതാണ് ശ്രദ്ധേയ പോരാട്ടം. മറ്റ് മത്സരങ്ങളില്‍ നാപോളി- ഫയനൂര്‍ദുമായും മാഞ്ചസ്റ്റര്‍ സിറ്റി- ഷാക്തറുമായും സെവിയ്യ- മരിബറുമായും ടോട്ടനം- അപോയലുമായും ലിവര്‍പൂള്‍- സ്പാര്‍ടകുമായും മൊണാക്കോ- പോര്‍ടോയുമായും ഏറ്റുമുട്ടും.
ഗ്രൂപ്പിലെ ആദ്യ പോരാട്ടത്തില്‍ ടോട്ടനത്തോടേറ്റ അപ്രതീക്ഷിത തോല്‍വിയുടെ മറന്ന് കരുത്തരായ റയലിനെതിരേ വിജയം സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ബൊറൂസിയ. ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ മിന്നും ഫോമില്‍ ഗോളുകള്‍ അടിച്ചുകൂട്ടി മുന്നേറുന്ന അവര്‍ ആ പ്രകടനങ്ങളില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടാണ് ഇന്ന് കളിക്കാനിറങ്ങുന്നത്. കഴിഞ്ഞ ദിവസം നടന്ന ബുണ്ടസ് ലീഗ പോരാട്ടത്തില്‍ മോണ്‍ചെന്‍ഗ്ലാഡ്ബാചിനെതിരേ ഹാട്രിക്ക് നേടിയ പിയറി ഔബമേയങിന്റെ കരുത്തുറ്റ ഫോമാണ് ബൊറൂസിയയുടെ പ്രതീക്ഷ. റയലാകട്ടെ ആദ്യ മത്സരത്തില്‍ അപോയലിനെതിരേ 3-0ത്തിന്റെ വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ്. സ്പാനിഷ് ലാ ലിഗയില്‍ മോശം ഫോമിലാണെന്നത് അവരുടെ നെഞ്ചിടിപ്പേറ്റുന്നു. മറ്റൊന്ന് ജര്‍മന്‍ കരുത്തരെ അവരുടെ തട്ടകത്തിലാണ് നേരിടുന്നത് എന്നതിനാല്‍ അതി ജാഗ്രതയിലായിരിക്കും റയല്‍ ഇന്ന് പോരിനിറങ്ങുക. കഴിഞ്ഞ സീസണില്‍ അവരുടെ കുതിപ്പില്‍ നിര്‍ണായകമായ മോഡ്രിച്- ടോണി ക്രൂസ് മധ്യനിര ക്ലിക്കാകാത്തതാണ് റയലിനെ വലയ്ക്കുന്നത്.
ആദ്യ മത്സരത്തില്‍ ഉജ്ജ്വല വിജയം സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമുകളായ മാഞ്ചസ്റ്റര്‍ സിറ്റിയും ടോട്ടനവും ഇന്നിറങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."