പാകിസ്താനില്‍ തീവ്രവാദമുണ്ട്, എങ്കിലും സുഷമയുടെ യു.എന്‍ പ്രസംഗം അഹങ്കാരം- ചൈന
ബെയ്ജിങ്: പാകിസ്താനെ രൂക്ഷമായി കടന്നാക്രമിച്ചുകൊണ്ട് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഐക്യരാഷ്ട്ര സഭയില്‍ നടത്തിയ പ്രസംഗം ധാര്‍ഷ്ട്യവും അഹങ്കാരവും നിറഞ്ഞെതായിരുന്നുവെന്ന് ചൈന. ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസിലെ മുഖപ്രസംഗത്തിലാണ് ചൈനയുടെ കുറ്റപ്പെടുത്തല്‍.
പാകിസ്താനില്‍ തീവ്രവാദമുണ്ട്. എന്നാല്‍ ഇന്ത്യ ആരോപിക്കുന്നതുപോലെ തീവ്രവാദികളെ പിന്തുണയ്ക്കുന്നത് പാകിസ്താന്റെ ദേശീയ നയമാണോ. തീവ്രവാദം കയറ്റി അയയ്ക്കുന്നതുകൊണ് പാകിസ്താന്‍ എന്തു നേട്ടമാണ് ഉണ്ടാക്കുന്നത്. പണമോ ബഹമതിയോ ഇതുവഴി പാകിസ്താന് ലഭിക്കുന്നുണ്ടോ എന്നും എഡിറ്റോറിയലില്‍ ചോദിക്കുന്നു.
അടുത്തകാലത്തുണ്ടായ സാമ്പത്തിക വളര്‍ച്ചയും വിദേശ ബന്ധങ്ങളിലുണ്ടായ പുരോഗതിയും കൊണ്ട് അഹങ്കാരിയായ ഇന്ത്യ പാകിസ്താനെ വിലകുറച്ചുകാണാനും ചൈനയുമായി സംഘര്‍ഷങ്ങളില്‍ ഏര്‍പ്പെടാനും തുടങ്ങിയെന്ന് ഗ്ലോബല്‍ ടൈംസ് ആരോപിക്കുന്നു. പാകിസ്താനെ ബഹുമാനിക്കാനും ചൈനയുമായി സൗഹൃദം സൂക്ഷിക്കാനുമാണ് ഇന്ത്യ ശ്രമിക്കേണ്ടതെന്നുമുള്ള ഉപദേശവും പത്രത്തിന്റെ മുഖപ്രസംഗത്തില്‍ നല്‍കുന്നുണ്ട്.
ചൈനയുമായുള്ള പ്രശ്‌നങ്ങള്‍ സ്വന്തം നിലയ്ക്ക് പരിഹരിക്കാമെന്നാണ് ഇന്ത്യകരുതുന്നതെന്ന് 73 ദിവസം നീണ്ടുനിന്ന ദോക്‌ലാം സംഘര്‍ഷം പരാമര്‍ശിച്ച് എഡിറ്റോറിയലില്‍ സൂചിപ്പിച്ചു. ചൈനയുടെ വിദ്വേഷം ഇന്ത്യ ഇരന്നുവാങ്ങുകയാണെന്നും പത്രം പറയുന്നു. പാകിസ്താനുമായി തങ്ങള്‍ സൗഹൃദത്തിലേര്‍പ്പെട്ടാല്‍ ഇന്ത്യ പറയും അവരെ നേരിടാനാണെന്ന്, ദോക്‌ലാമില്‍ റോഡ് നിര്‍മിച്ചാല്‍ അവര്‍ പറയും സിലിഗുരി ഇടനാഴിക്ക് ഭീഷണിയാണെന്ന്, ദക്ഷിണേഷ്യയിലേക്കുള്ള വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയെ ഇന്ത്യ കാണുന്നത് അവരെ വളയാനുള്ള തന്ത്രമെന്ന നിലയിലാണ്. ഇന്ത്യയുടെ താല്‍പര്യങ്ങളെല്ലാം ഇത്തരം യുക്തിയുടെ പുറത്തുള്ളതാണെന്നും ഗ്ലോബല്‍ ടൈംസ് ആരോപിക്കുന്നു.
ചൈനയുമായി സൗഹൃദബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളിലൊന്നാണ് പാകിസ്താന്‍. അതിനാലാണ് യു.എന്നിലെ സുഷമയുടെ പ്രസംഗം ചൈനയെ ചൊടിപ്പിച്ചത്. യു.എന്‍ പൊതുസഭാ സമ്മേളനത്തിലായിരുന്നു വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ പാകിസ്താനെതിരായ തീപ്പൊരി പ്രസംഗം. ഇന്ത്യ ഡോക്ടര്‍മാരെയും എന്‍ജിനീയര്‍മാരെയും സൃഷ്ടിക്കുമ്പോള്‍ പാകിസ്താന്റെ ലക്ഷ്യം തീവ്രവാദികളെ ഉണ്ടാക്കുന്നത് മാത്രമാണെന്ന് പ്രസംഗത്തില്‍ സുഷമ സ്വരാജ് ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."