മുഖ്യമന്ത്രിക്ക് തെറ്റായ വിവരംനല്‍കി; അസിസ്റ്റന്റ് കമ്മിഷണര്‍ക്കെതിരേ നടപടിയുണ്ടാകും
തിരുവനന്തപുരം: ഷാര്‍ജ ഭരണാധികാരിയെ വരവേല്‍ക്കാന്‍ കാത്തുനിന്ന മുഖ്യമന്ത്രിക്ക് തെറ്റായ വിവരംനല്‍കിയ അസിസ്റ്റന്റ് കമ്മിഷണര്‍ക്കെതിരേ വകുപ്പുതല നടപടിയുണ്ടാകും.
കഴിഞ്ഞ ദിവസം വൈകിട്ട് കോവളം ലീല ഹോട്ടലില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ സല്‍കാരച്ചടങ്ങില്‍ പങ്കെടുക്കാനെത്തുന്ന ഷാര്‍ജ ഭരണാധികാരിയെ സ്വീകരിക്കാന്‍ കാത്തുനിന്ന മുഖ്യമന്ത്രിയെ രണ്ടുപ്രാവശ്യമാണ് പൊലിസ് ഉദ്യോഗസ്ഥന്‍ തെറ്റിദ്ധരിപ്പിച്ചത്. മുഖ്യമന്ത്രിക്ക് തെറ്റായ വിവരംനല്‍കിയത് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ഇന്റലിജന്‍സ് മേധാവി മുഹമ്മദ് യാസീന് നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ട് കിട്ടിയാല്‍ വകുപ്പുതല നടപടി സ്വീകരിക്കും.
തിങ്കളാഴ്ച രാജ്ഭവനിലെ പരിപാടികള്‍ക്കുശേഷം കോവളത്തേക്ക് മടങ്ങിയ സുല്‍ത്താന്‍ അവിടെ വിശ്രമത്തിലായിരുന്നു. വൈകിട്ട് വിശ്രമസ്ഥലത്തുനിന്ന് ഇലക്ട്രിക് കാറില്‍ സാംസ്‌കാരിക പരിപാടി നടക്കുന്ന വേദിയില്‍ വന്നിറങ്ങുന്ന സുല്‍ത്താനെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി ലീലാ ഹോട്ടലിലെത്തിയിരുന്നു.
വൈകിട്ട് 6.30ഓടെ ഹോട്ടലിനുള്ളില്‍ സുല്‍ത്താനെ കാത്തിരിക്കുകയായിരുന്ന മുഖ്യമന്ത്രിയോട് സുല്‍ത്താനെത്തിയെന്ന് ക്രമസമാധാന ചുമതലയുണ്ടായിരുന്ന അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു. സുല്‍ത്താനെ സ്വീകരിക്കാന്‍ മാലയും ബൊക്കെയുമായി മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികളും ഹോട്ടലിന്റെ കവാടത്തിലെത്തി.
സുല്‍ത്താന് പകരം അറബിവേഷം ധരിച്ച മറ്റ് ചിലരെയാണ് മുഖ്യമന്ത്രിക്കും കൂട്ടര്‍ക്കും അവിടെ കാണാന്‍ കഴിഞ്ഞത്. വാഹനത്തില്‍ വന്നിറങ്ങിയ അറബികളെകണ്ട് തെറ്റിദ്ധരിച്ചതാണ് പ്രശ്‌നമെന്ന് മനസിലാക്കിയ മുഖ്യമന്ത്രി അസിസ്റ്റന്റ് കമ്മിഷണറോട് രോഷാകുലനായി സംസാരിച്ചിരുന്നു. പത്ത് മിനിട്ടിനുശേഷം വീണ്ടും ആരോ പറഞ്ഞതനുസരിച്ച് അസിസ്റ്റന്റ് കമ്മിഷണര്‍ മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് സുല്‍ത്താനെത്തിയതായി അറിയിച്ചു. മുഖ്യമന്ത്രിയും കൂട്ടരും സ്വീകരിക്കാന്‍ തയാറായി പുറത്തിറങ്ങി.
എന്നാല്‍, അപ്പോഴും സുല്‍ത്താന്‍ എത്തിയിരുന്നില്ല. ഇതോടെ ക്ഷോഭംകൊണ്ട് പൊട്ടിത്തെറിച്ച മുഖ്യമന്ത്രി ഇരുപത് മിനുട്ടോളം അവിടെ കാത്തുനിന്നു.
വയര്‍ലസ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുണ്ടായിട്ടും വി.ഐ.പി ഡ്യൂട്ടികളിലുണ്ടായ പിഴവും മുഖ്യമന്ത്രിക്ക് തെറ്റായ വിവരംനല്‍കിയതും മുഖ്യമന്ത്രിയുടെ ഓഫിസ് ഗൗരവമായി എടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."