നോട്ട് നിരോധനം സാമ്പത്തിക ദുരന്തം, ജി.എസ്.ടി പരാജയം- വിമര്‍ശനവുമായി യശ്വന്ത് സിന്‍ഹ
ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കേന്ദ്ര ധനമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ യശ്വന്ത് സിന്‍ഹ രംഗത്ത്. രാജ്യത്തെ നിലവിലെ സാമ്പത്തിക വ്യവസ്ഥക്കെതിരെയാണ് യശ്വന്ത് തുറന്നടിച്ചത്.
രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങിയതില്‍ ബി.ജെ.പിയിലെ തന്നെ പലര്‍ക്കും കടുത്ത അതൃപ്തിയുണ്ട്. എന്നാല്‍ പേടി കാരണം ആരും ഒന്നും തുറന്ന് പറയുന്നില്ലെന്ന് സിന്‍ഹ പറഞ്ഞു. ഇന്ത്യന്‍ എക്സ്പ്രസില്‍ 'എനിക്കിപ്പോള്‍ സംസാരിക്കണം' എന്ന തലക്കെട്ടില്‍ എഴുതിയ കോളത്തിലാണ് മുന്‍ ധനകാര്യമന്ത്രി കൂടിയായ സിന്‍ഹയുടെ വിമര്‍ശനം.
നോട്ട് നിരോധനം ലഘൂകരിക്കാനാവാത്ത സാമ്പത്തിക ദുരന്തമായിരുന്നെന്ന് പറഞ്ഞ സിന്‍ഹ ജി.എസ്.ടിക്കെതിരെയും ശക്തമായ വിമര്‍ശനമാണ് ഉന്നയിച്ചത്. ജി.എസ്.ടി തീര്‍ത്തും മോശമായ രീതിയിലാണ് നടപ്പാക്കിയത്. ഇതിലൂടെ നിരവധി ചെറുകിട സംരംഭങ്ങള്‍ തകര്‍ന്നു. ദശലക്ഷകണക്കിന് ആളുകള്‍ക്ക് തൊഴിലും അവസരങ്ങളും നഷ്ടമാക്കി- സിന്‍ഹ കുറ്റപ്പെടുത്തി.
സാങ്കേതിക കാരണങ്ങള്‍ കൊണ്ടാണ് ജി.ഡി.പി താഴ്ന്നതെന്ന ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുടെ പ്രസ്താവനയേയും അദ്ദേഹം വിമര്‍ശിച്ചു. വളര്‍ച്ച കണക്കുകൂട്ടുന്ന രീതി ബി.ജെ.പി മാറ്റണം. യഥാര്‍ത്ഥത്തില്‍ പുറത്തു വന്നതിനേക്കാള്‍ താഴ്ചയിലാണ് ജി.ഡി.പിയെന്നും അദ്ദേഹം പറഞ്ഞു.
ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കെതിരെയും അദ്ദേഹം കടുത്തവിമര്‍ശനമാണ് നടത്തിയത്. ഇന്ത്യയില്‍ നിന്ന് ദാരിദ്ര്യം തുടച്ച് നീക്കുമെന്നണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ധനകാര്യ മന്ത്രി എല്ലാ ഇന്ത്യക്കാരേയും പട്ടിണിയിലാക്കാന്‍ അധിക ജോലിയെടുക്കുകയാണെന്ന് സിന്‍ഹ പരിഹസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."