വേങ്ങരയില്‍ യു.ഡി.എഫിന്റേത് മികച്ച സ്ഥാനാര്‍ഥി: കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: വേങ്ങരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മുസ്‌ലിംലീഗ് മത്സരിപ്പിക്കുന്നത് നിയമസഭയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുന്നയാളെ തന്നെയാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി വേങ്ങരയിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നിയമസഭയിലെ പ്രവര്‍ത്തനം ഒരു പരിഗണനാ വിഷയമായിരുന്നെന്നും കൃത്യസമയത്ത് യുവാക്കള്‍ക്ക് പരിഗണന നല്‍കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കേസരി സ്മാരക മന്ദിരത്തില്‍ 'വേങ്ങരക്കാര്യം' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലീഗിന്റെ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച വാര്‍ത്തകള്‍ അത്ഭുതപ്പെടുത്തി. എല്ലാം മാധ്യമ സൃഷ്ടികളായിരുന്നു. വേങ്ങരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ നിശ്ചയിച്ചതില്‍ പാര്‍ട്ടിക്ക് ഒരു പിഴവും പറ്റിയിട്ടില്ല. യുവാക്കളെ ലീഗ് അതത് ഘട്ടത്തില്‍ പരിഗണിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വേങ്ങരയിലെ തെരഞ്ഞെടുപ്പുകളില്‍ എന്നും ലീഗിന് ഭൂരിപക്ഷം കൂടിയിട്ടേയുള്ളൂ. ഇത്തവണയും അങ്ങനെതന്നെയാകും.
വേങ്ങരയില്‍ തെരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിച്ചതെന്ന പ്രചാരണം മണ്ടത്തരമാണ്. ഇ.അഹമ്മദിന്റെ മരണത്തെ തുടര്‍ന്നുണ്ടായ സാഹചര്യത്തില്‍ മത്സരിക്കേണ്ടി വന്നപ്പോഴാണ് തെരഞ്ഞെടുപ്പ് അനിവാര്യമായത്. കേന്ദ്രത്തില്‍ ബി.ജെ.പിയും കേരളത്തില്‍ ഇടതുപക്ഷവുമാണ് ലീഗിന്റെ പ്രധാന എതിരാളികള്‍.
മാറിയ സാഹചര്യത്തില്‍ ദേശീയതലത്തില്‍ പല കാര്യത്തിലും ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ടി വരും. അതിനെ സി.പി.എമ്മിനോടുള്ള മൃദുസമീപനമെന്ന് പറയാനാവില്ല. ഡീസല്‍, പെട്രോള്‍ വില കേന്ദ്രം അനുദിനം വര്‍ധിപ്പിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അതൊരു സൗകര്യമായി കാണുന്നു. ഇതെല്ലാം വേങ്ങരയിലെ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."