പഴയ നോട്ടുകള്‍ മാറ്റാന്‍ പ്രവാസികള്‍ക്ക് ഇനി അവസരമില്ല
ന്യൂഡല്‍ഹി: നവംബര്‍ എട്ടിന് അസാധുവാക്കിയ പഴയ 500, 1000 രൂപാ നോട്ടുകള്‍ ബാങ്കുകളില്‍ മാറ്റിയെടുക്കാനോ നിക്ഷേപിക്കാനോ പ്രവാസി ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍ വംശജര്‍ക്കും ഇനി അവസരം നല്‍കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
നോട്ട് നിരോധനം പ്രാബല്യത്തില്‍ വന്നതിന് ശേഷം ഈ വര്‍ഷം ജൂണ്‍ വരെ പ്രവാസി ഇന്ത്യക്കാര്‍ക്ക് പിന്‍വലിച്ച നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍നിന്ന് മാറ്റിയെടുക്കാന്‍ അവസരം നല്‍കിയിരുന്നു. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ പൗരത്വമുള്ള ഇന്ത്യന്‍ വംശജര്‍ക്ക് ഇതിനുള്ള അവസരം നല്‍കിയിരുന്നില്ല.
വിദേശപൗരത്വമുള്ള ഇന്ത്യന്‍ വംശജരുടെ കൈവശം ഏകദേശം 7,500 കോടിയോളം രൂപയുടെ അസാധു നോട്ടുകള്‍ ഉണ്ടെന്നാണ് കണക്ക്. എന്നാല്‍, ഇനി ആര്‍ക്കും ഇത് മാറ്റി എടുക്കാന്‍ അവസരം നല്‍കാനാവില്ലെന്ന നിലപാടിലാണ് കേന്ദ്രം. പ്രവാസികള്‍ക്ക് ആധാര്‍ ഇല്ലാത്തതിനാല്‍ അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ക്ക് യാതൊരു പ്രശ്‌നമില്ലെന്നും എന്‍.ആര്‍.ഐ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കല്‍ നിര്‍ബന്ധമല്ലെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. ഗള്‍ഫ് നാടുകളിലെ സ്വദേശിവല്‍ക്കരണം മൂലം നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിന് കേന്ദ്ര മന്ത്രാലയങ്ങളുടെ സഹായം ലഭ്യമാക്കുമെന്നും അവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."