ചാലക്കുടി കൊലപാതകം: മുഖ്യപ്രതി ജോണി പിടിയില്‍
ചാലക്കുടി: റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവ് കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി ജോണി (ചക്കര ജോണി) പിടിയിലായി. ഇയാള്‍ക്കൊപ്പം കൂട്ടാളി രഞ്ജിത്തും പിടിയിലായിട്ടുണ്ട്. പാലക്കാട്ടുനിന്ന് ഞായറാഴ്ച രാത്രിയാണ് ഇവര്‍ പിടിയിലായത്.
പിടിയിലായ ഇരുവരെയും ചാലക്കുടി ഡി.വൈ.എസ്.പി ഓഫീസിലെത്തിച്ചു.
റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായ രാജീവിനെ ഒരു വാടകകെട്ടിടത്തിലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പരിയാരം തവളപ്പാറയില്‍ പാട്ടത്തിന് ഭൂമിയെടുത്ത് കൃഷി നടത്തുകയായിരുന്നു രാജീവ്. ഈ തോട്ടത്തിന് സമീപത്തെ കെട്ടിടത്തിലാണ് രാജീവിനെ മരിച്ചനിലയില്‍ കണ്ടത്. രാജീവും ചക്കര ജോണിയും വസ്തു ഇടപാടുകളില്‍ കൂട്ടകച്ചവടക്കാരായിരുന്നു. പണമിടപാട് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് ഇരുവരും പിരിയുകയായിരുന്നു. ജോണി രാജീവിനെതിരേ അങ്കമാലി പോലിസില്‍ നിരവധി കേസുകള്‍ കൊടുത്തതായും പറയുന്നു.
കൊലപാതകത്തിന് പിന്നില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടിലെ തര്‍ക്കങ്ങളാണെന്ന് പൊലിസ് പറയുന്നു. ചുരുങ്ങിയ കാലയളവിനിടെയാണ് ജോണിയുടെ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വളര്‍ച്ച ഉണ്ടായത്. കേസ് ആവശ്യത്തിനായാണ് രാജീവ് അഡ്വ. സി.പി ഉദയഭാനുവിന് അടുത്തെത്തുന്നത്. പിന്നീട് അഭിഭാഷകനും രാജീവും തമ്മില്‍ നിരവധി സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായാണ് പറയപ്പെടുന്നത്. രാജീവ് അഭിഭാഷകനില്‍ നിന്ന് മൂന്നുകോടി രൂപയും ജോണിയില്‍ നിന്ന് രണ്ടരക്കോടിയും വസ്തു ഇടപാടിനായി കൈപ്പറ്റിയതായി പറയുന്നു. പണം നല്‍കിയതിന്റെ രേഖകള്‍ ഇരുവരും രാജീവില്‍ നിന്ന് വാങ്ങിയിരുന്നില്ല. പലപ്പോഴായി പണം ആവശ്യപ്പെട്ടെങ്കിലും പണമോ പണം വാങ്ങിയതിനുള്ള രേഖകളോ നല്‍കാന്‍ രാജീവ് തയാറായില്ലെന്ന് പറയപ്പെടുന്നു. ഇതുസംബന്ധിച്ച് നിരവധിതവണ തര്‍ക്കങ്ങളുണ്ടായിട്ടുണ്ട്. ഭീഷണിപ്പെടുത്തിയും അല്ലാതെയും രേഖകളില്‍ ഒപ്പിടാന്‍ ആവശ്യപ്പെട്ടെങ്കിലും രാജീവ് തയാറായില്ല. തുടര്‍ന്ന് രേഖകള്‍ ശേഖരിക്കാനായി ജോണിയുടെ ബന്ധുവായ കൊരട്ടി സ്വദേശി ഷാജുവിന് ക്വട്ടേഷന്‍ നല്‍കി. ഇതിന്റെ ഭാഗമായി ഷാജുവും സംഘവും പരിയാരത്തെ തവളപ്പാറയില്‍ രാജീവിന്റെ തോട്ടത്തിന് സമീപം വീട് വാടകയ്‌ക്കെടുത്ത് പദ്ധതികള്‍ ആസൂത്രണം ചെയ്യുകയായിരുന്നു.
കൃത്യം നടന്ന ദിവസം ഷാജുവും സംഘവും രാജീവിന്റെ തോട്ടത്തിലെത്തി. രേഖകള്‍ നല്‍കുന്നത് സംബന്ധിച്ചുള്ള തര്‍ക്കം വാക്കേറ്റത്തിലും കൈയാങ്കളിയിലുമെത്തി. തുടര്‍ന്ന് മര്‍ദിച്ചവശനാക്കിയശേഷം കൈകാലുകളും വായയും വരിഞ്ഞുകെട്ടി ഓട്ടോറിക്ഷയില്‍ വാടകവീട്ടിലേക്ക് കൊണ്ടുപോയി. പിടിവലിക്കിടയില്‍ ശ്വാസംമുട്ടി മരിക്കുകയായിരുന്നുവെന്നാണ് സൂചന. കഴിഞ്ഞ ദിവസം രാവിലെ തോട്ടത്തിലെത്തിയ തൊഴിലാളികള്‍ രാജീവിന്റെ സ്‌കൂട്ടര്‍ മറിഞ്ഞുകിടക്കുന്നത് കണ്ട് രാജീവിന്റെ വീട്ടില്‍ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ മകന്‍ അഖിലാണ് പൊലിസില്‍ പരാതി നല്‍കിയത്.
പരാതിയെ തുടര്‍ന്ന് പൊലിസ് നടത്തിയ തിരച്ചിലിലാണ് കൃഷിയിടത്തിന് സമീപമുള്ള ആളൊഴിഞ്ഞ കെട്ടിടത്തില്‍ മൃതദേഹം കണ്ടത്. കൈകള്‍ രണ്ടും മുന്നിലേക്ക് കെട്ടിയ നിലയിലായിരുന്നു. തലയില്‍ ഒരു മുറിവും കാണപ്പെട്ടു. എന്നാല്‍, മരണകാരണം തലയിലെ മുറിവല്ലെന്നും ശ്വാസം ലഭിക്കാതെയാണെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."