മുടി മുറിക്കല്‍: കുറ്റവാളികളെ കണ്ടെത്താനാവാതെ പൊലിസ്
ശ്രീനഗര്‍: കശ്മിരില്‍ അജ്ഞാതര്‍ സ്ത്രീകളുടെ മുടി മുറിക്കുന്നത് വ്യാപകമാവുന്നു. സംഭവങ്ങള്‍ വ്യാപകമായിട്ടും അക്രമികളെ കണ്ടെത്താന്‍ പൊലിസിന് സാധിച്ചിട്ടില്ല. രണ്ടാഴ്ചക്കിടെ കശ്മിരില്‍ 40 സ്ത്രീകളുടെ മുടി മുറിച്ചു. മുറിച്ച ശേഷം ഇവരുടെ മുടികള്‍ വീടുകള്‍ക്ക് സമീപം ഉപേക്ഷിച്ചതായാണ് കണ്ടെത്തുന്നത്. പകല്‍ സമയങ്ങളിലാണ് അജ്ഞാതര്‍ സ്ത്രീകളുടെ മുടി മുറിക്കുന്നതെന്ന് പൊലിസ് പറഞ്ഞു. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് പരാതി നല്‍കാന്‍ സ്ത്രീകള്‍ തയാറാവുന്നില്ലെന്ന് പൊലിസ് പറഞ്ഞു.
അക്രമികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ആറു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചെങ്കിലും ഇതുവരെ സൂചനയുമായി ആരുമെത്തിയിട്ടില്ല. എന്നാല്‍ വ്യാജ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സംശയമുള്ളവരെ ജനങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ടെന്ന് പൊലിസ് പറഞ്ഞു. മുടി മുറിക്കുന്നയാളാണെന്ന് ആരോപിച്ച് നയീം അലി അഹമ്മദ് എന്ന യുവാവിനെ ഇന്നലെ ജനക്കൂട്ടം മര്‍ദിച്ചു. ശ്രീനഗറില്‍ നിന്ന് 55 കി.മീ അകലെയുള്ള ബാരാമുള്ളയിലാണ് സംഭവം. പെണ്‍സുഹൃത്തിനെ കണ്ട് തിരിച്ചുവരുന്നതിനിടെയാണ് നയീം അലിക്ക് മര്‍ദനമേറ്റത് . അതിനിടെ അക്രമികളെ സംബന്ധിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിക്കാതിരിക്കാന്‍ കശ്മിര്‍ താഴ്‌വരയില്‍ ഇന്നലെ ആറു മണിക്കൂര്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സര്‍വിസുകള്‍ റദ്ദ് ചെയ്തു. തീവ്രവാദ വിരുദ്ധ പോരാട്ടങ്ങള്‍ക്കായി ഇറങ്ങേണ്ട തങ്ങളെ മുടിമുറിക്കല്‍ സംഭവം വന്‍തോതില്‍ ബാധിച്ചിട്ടുണ്ടെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് പൊലിസെന്നും ഐ.ജി മുനീര്‍ അഹമദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."