കൊളീജിയം നടപടികള്‍ പരസ്യമാക്കും
ന്യൂഡല്‍ഹി: ഉന്നത നീതിപീഠങ്ങളിലേക്കുള്ള ജഡ്ജിമാരുടെ നിയമനം കൂടുതല്‍ സുതാര്യമാക്കാന്‍ നിയമനത്തിന് അധികാരമുള്ള സുപ്രിംകോടതി കൊളീജിയത്തിന്റെ സുപ്രധാന തീരുമാനം. ജഡ്ജിമാരുടെ സ്ഥാനക്കയറ്റം, സ്ഥലംമാറ്റം തുടങ്ങിയവ സംബന്ധിച്ച ശുപാര്‍ശകളും മറ്റുവിശദാംശങ്ങളും പൊതുജനങ്ങള്‍ക്കു ലഭ്യമാവുന്ന വിധത്തില്‍ വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിക്കാനാണ് ചീഫ്ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ കൊളീജിയത്തിന്റെ തീരുമാനം.
നിയമനത്തിനായി ശുപാര്‍ശ ചെയ്യപ്പെടുന്ന വ്യക്തികളെ നിയമിക്കുകയാണെങ്കില്‍ അതിനുള്ള കാരണവും ശുപാര്‍ശ തള്ളുകയാണെങ്കില്‍ അതിനുള്ള കാരണങ്ങളും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. കൊളീജിയം നടപടികള്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് അവ കാര്യകാരണങ്ങള്‍ സഹിതം പരസ്യപ്പെടുത്താന്‍ തിരുമാനിച്ചത്. ചീഫ്ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ ചെലമേശ്വര്‍, രഞ്ചന്‍ ഗൊഗോയ്, മദന്‍ ബി. ലോകുര്‍, മലയാളിയായ കുര്യന്‍ ജോസഫ് എന്നിവര്‍ ഒപ്പിട്ട കൊളീജിയത്തിന്റെ ഉത്തരവിലാണ് ഇക്കാര്യങ്ങളുള്ളത്. കൊളീജിയത്തിന്റെ രഹസ്യസ്വഭാവം നിലനിര്‍ത്തി തന്നെ സുതാര്യതകൊണ്ടുവരികയെന്ന ഉദ്ദേശത്തോടെയാണ് തീരുമാനങ്ങള്‍ പരസ്യപ്പെടുത്തുന്നതെന്നും ഉത്തരവില്‍ പറയുന്നു.
നയംമാറ്റത്തിന്റെ ഭാഗമായി കേരളാ, മദ്രാസ് ഹൈക്കോടതികളിലെ ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച വിശദാംശങ്ങള്‍ കൊളീജിയം വ്യാഴാഴ്ച വെബ്‌സൈറ്റിലൂടെ പരസ്യപ്പെടുത്തുകയുംചെയ്തു. സുപ്രിംകോടതി വെബ്‌സൈറ്റില്‍ 'കൊളീജിയം റെസലൂഷന്‍' എന്ന ലിങ്കിലാണ് കൊളീജിയം യോഗനടപടികളുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കുക.
സീനിയോരിറ്റി ഉണ്ടായിട്ടും സ്ഥാനക്കയറ്റം ലഭിക്കാത്തതിനെത്തുടര്‍ന്ന് കര്‍ണാടക ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് ജയന്ത് പാട്ടീല്‍ രാജിവച്ചത് വന്‍വിവാദമായിരുന്നു. ജയന്തിന്റെ രാജിയില്‍ ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കിടയിലും അഭിപ്രായവ്യത്യാസം ഉണ്ട്. ദുഷ്യന്ത് ദവെയെ പോലുള്ള മുതിര്‍ന്ന അഭിഭാഷകരും ഗുജറാത്ത്, സുപ്രിംകോടതി ബാര്‍ അസോസിയേഷനുകളും ജയന്തിന്റെ രാജിയില്‍ എതിരഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും സംബന്ധിച്ച് പഴയനിലപാടില്‍ നിന്നു കൊളീജിയം അയഞ്ഞത്.
കൊളീജിയം സുതാര്യമല്ലെന്നു നേരത്തെ തന്നെ വിമര്‍ശനം ഉന്നയിച്ചയാളാണ് കൊളീജിയത്തിലെ അംഗമായ മുതിര്‍ന്ന ജഡ്ജിയും കേരളാ ഹൈക്കോടതി മുന്‍ ചീഫ്ജസ്റ്റിസുമായ ചെലമേശ്വര്‍. ഭരണഘടനാവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി 2015 ഒക്ടോബറിലാണ് ദേശീയ ജുഡീഷ്യല്‍ നിയമന കമ്മിഷന്‍ (എന്‍.ജെ.എ.സി) റദ്ദാക്കി പഴയ കൊളീജിയം സംവിധാനം സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് പുനഃസ്ഥാപിച്ചത്. അന്നത്തെ ഉത്തരവില്‍ കൊളീജിയം സംവിധാനം കുറ്റമറ്റതും സുതാര്യവുമായിരിക്കണമെന്ന് അഞ്ചംഗബെഞ്ചില്‍ ഉണ്ടായിരുന്ന ജസ്റ്റിസ് ചെലമേശ്വര്‍ പ്രത്യേകം എടുത്തുപറയുകയുംചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."