ലാസ് വേഗസ് ഭീകരാക്രമണം: ഇരുട്ടില്‍തപ്പി അന്വേഷണ സംഘം
വാഷിങ്ടണ്‍: അമേരിക്കയുടെ ചരിത്രത്തില്‍ നടന്ന ഏറ്റവും വലിയ വെടിവയ്പ്പായ ലാസ് വേഗസ് സംഭവത്തില്‍ തുമ്പുണ്ടാക്കാനാകാതെ അന്വേഷണസംഘം. ആക്രമണം നടത്തിയ ഭീകരന്‍ സ്റ്റീഫന്‍ പഡോക്ക് കൊല്ലപ്പെട്ടെങ്കിലും സംഭവത്തിനു പിന്നിലെ കാരണങ്ങളോ താല്‍പര്യങ്ങളോ ഒന്നും കണ്ടെത്താന്‍ സംഘത്തിനായിട്ടില്ല. പഡോക്കിന്റെ ഏഷ്യക്കാരിയായ കാമുകിയെ പൊലിസ് ചോദ്യം ചെയ്‌തെങ്കിലും കാര്യമായൊന്നും ലഭിച്ചിട്ടില്ല. അതിനിടെ, ഭീകരസംഘങ്ങള്‍ക്കു സംഭവത്തില്‍ ബന്ധമില്ലെന്ന് കഴിഞ്ഞ ദിവസം എഫ്.ബി.ഐ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
മാരകശേഷിയുള്ള തോക്കുകള്‍ വാങ്ങാന്‍ പഡോക്ക് ശ്രമിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. ലാസ് വേഗസ് ആക്രമണത്തിന് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് ഇയാള്‍ ഫൊനിക്‌സില്‍ വെടിക്കെട്ട് നടത്താവുന്ന തരത്തിലുള്ള ബുള്ളറ്റ് തോക്ക് വാങ്ങാനെത്തിയതെന്ന് അന്വേഷണസംഘം അറിയിച്ചു. എന്നാല്‍, കച്ചവടക്കാരന്റെയടുത്ത് അത്തരത്തിലുള്ള തോക്ക് ഇല്ലാത്തതു കാരണം ഇയാള്‍ തിരിച്ചുപോകുകയായിരുന്നു.
അതിനിടെ, അമേരിക്കയിലെ തോക്ക് നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. തോക്ക് ഉപയോഗിക്കുന്നതിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് അമേരിക്കയിലെ ദേശീയ റൈഫിള്‍സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. തോക്ക് കൈവശം വയ്ക്കുന്നതു നിരോധിക്കുന്ന കാര്യം പരിഗണിക്കുമെന്ന് റിപബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ചയാണ് അമേരിക്കയിലെ ലാസ് വേഗസില്‍ കൊയ്ത്തുത്സവത്തിന്റെ ഭാഗമായി നടന്ന സംഗീത പരിപാടിക്കിടെ ഭീകരാക്രമണമുണ്ടായത്. പരിപാടി നടന്ന വേദിയില്‍നിന്ന് ഏതാനും മീറ്ററുകള്‍ അകലെയുണ്ടായിരുന്ന മാന്‍ഡലാ ബേ ഹോട്ടലിന്റെ 32-ാം നിലയില്‍നിന്ന് അക്രമിയായ പഡോക്ക് ജനക്കൂട്ടത്തിനു നേരെ തുടരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ 58 പേര്‍ കൊല്ലപ്പെടുകയും 500ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."