എം.എല്‍.എയെ കൊലപ്പെടുത്തിയ കേസ്: മുന്‍ ജാര്‍ഖണ്ഡ് മന്ത്രി അറസ്റ്റില്‍
റാഞ്ചി: ജനതാദള്‍ (യു) നേതാവും എം.എല്‍.എയുമായ രമേശ്‌സിങ് മുണ്ടയെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ ജാര്‍ഖണ്ഡ് മന്ത്രി ഗോപാല്‍കൃഷ്ണ പടാറിനെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. ഒന്‍പതു വര്‍ഷം മുന്‍പ് മാവോവാദികളാണ് രമേശ് മുണ്ടയെ കൊലപ്പെടുത്തിയത്.
അന്വേഷണത്തില്‍ ഗോപാല്‍കൃഷ്ണ മാവോവാദികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് രമേശിനെ കൊലപ്പെടുത്തിയതെന്നും കണ്ടെത്തിയാണ് ഇയാളെ എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ കൊലപ്പെടുത്താന്‍ മാവോവാദികള്‍ക്ക് ഗോപാല്‍കൃഷ്ണ നാല് കോടി രൂപ നല്‍കിയെന്നും കണ്ടെത്തിയിട്ടുണ്ട്.
രമേശ് മുണ്ടയുടെ സുരക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അസി. സബ് ഇന്‍സ്‌പെക്ടര്‍ ശേഷനാഥ് സിങിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. രമേശിന്റെ യാത്രയെ സംബന്ധിച്ച കാര്യങ്ങള്‍ അപ്പപ്പോള്‍ ഗോപാല്‍കൃഷ്ണയെയും മാവോവാദികളെയും അറിയിച്ചിരുന്നത് ഇദ്ദേഹമായിരുന്നുവെന്നും എന്‍.ഐ.എ പറയുന്നു.
മാവോവാദി സംഘടനയുടെ പ്രാദേശിക നേതാവായ കുന്ദന്‍ പഹനായിരുന്നു രമേശിനെ കൊലപ്പെടുത്തിയത്. ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ പോകുമ്പോഴായിരുന്നു ആക്രമണമുണ്ടായത്. കോടതിയില്‍ ഹാജരാക്കിയ ഗോപാല്‍കൃഷ്ണയെ ഒക്ടോബര്‍ 15 വരെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."