ഹജ്ജ് സബ്‌സിഡി ആരുടെയും ഒൗദാര്യമല്ല കരട്‌നയം റദ്ദാക്കണം
പുതുക്കിയ ഹജ്ജ് കരട് നയം സംശയാസ്പദവും ദുരുപദിഷ്ടവുമാണ്. ഉന്നതതല അവലോകന കമ്മിറ്റി നല്‍കിയ നിര്‍ദേശങ്ങളൊക്കെയും കേരളത്തില്‍ നിന്ന് പോകുന്നവരുടെ ഹജ്ജ് യാത്രക്ക് വിഘാതം സൃഷ്ടിക്കുന്നതാണ്. ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ പേര്‍ ഹജ്ജിന് പോകുന്നത് കേരളത്തില്‍നിന്നാണ് എന്നതിനാല്‍ തന്നെ ഈ കരട് നിര്‍ദേശങ്ങള്‍ ഗൂഢോദ്ദേശ്യത്തോടെ ഉള്ളതാണെന്ന് കരുതേണ്ടിയിരിക്കുന്നു. ഹജ്ജിന്റെ ചുമതല വഹിക്കുന്ന കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി കേരളാ ഹജ്ജ് കമ്മിറ്റിക്ക് നല്‍കിയ ഉറപ്പുകളുടെ ലംഘനവും കൂടിയാണീ കരട് നയം. ആരോഗ്യവും ഹജ്ജ് ചെയ്യാനുള്ള സാമ്പത്തിക ശേഷിയുമുള്ള ഒരു മുസ്‌ലിമിന് നിര്‍ബന്ധമാക്കപ്പെട്ട ഹജ്ജ് കര്‍മം നിര്‍വഹിക്കാനുള്ള അവകാശം നിഷേധിക്കുന്നതിലൂടെ ഇന്ത്യ എന്ന മതനിരപേക്ഷാ രാഷ്ട്രത്തിന്റെ ചൈതന്യമാണ് നഷ്ടപ്പെടുന്നത്.
ഹജ്ജ് സബ്‌സിഡി മുസ്‌ലിംകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിക്കൊണ്ടിരിക്കുന്ന ഔദാര്യമാണെന്ന ഒരു ധാരണ പൊതുസമൂഹത്തില്‍ സ്ഥിരപ്പെടുത്തുകയാണ് ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കുന്നതിലൂടെ. ഇന്ത്യക്ക് പുറത്തുള്ള മതതീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് യാത്ര പോവാന്‍ ഇന്ത്യയില്‍ ഹിന്ദുവിനും മുസ്‌ലിമിനും ക്രിസ്ത്യാനിക്കും സബ്‌സിഡി നല്‍കുന്നുണ്ടെന്ന വസ്തുത ഹജ്ജ് സബ്‌സിഡിയെ എതിര്‍ക്കുന്നവര്‍ ബോധപൂര്‍വം തമസ്‌കരിക്കുകയാണ്. ഇത് മുസ്‌ലിംകള്‍ക്ക് മാത്രം നിഷേധിക്കുന്നത് കടുത്ത വിവേചനമാണ്. നല്‍കുന്ന സബ്‌സിഡിയെ നിഷ്പ്രഭമാക്കുംവിധമാണ് ഓരോ വര്‍ഷവും ഹജ്ജ് വിമാന യാത്രാക്കൂലി കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു കൊണ്ടിരിക്കുന്നത്. 10,750 രൂപയാണ് ഹജ്ജ് സബ്‌സിഡി എന്ന പേരില്‍ ഒരാള്‍ക്ക് നല്‍കുന്നതെങ്കില്‍ വിമാനക്കൂലിയായി കഴിഞ്ഞ വര്‍ഷം ഈടാക്കിയത് 60,185 രൂപയാണെന്ന് സര്‍ക്കാര്‍ ഓര്‍ക്കണം. 2017ല്‍ അത് 77,812 രൂപയാക്കി കൊള്ളയടിച്ചപ്പോഴും സബ്‌സിഡി പഴയ നിരക്കില്‍ തന്നെയാണ് തുടരുന്നത്.
ഹജ്ജ് യാത്ര കച്ചവടവല്‍ക്കരിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ് സ്വകാര്യ ഹജ്ജ് ട്രൂപ്പിന് ക്വാട്ട വര്‍ധിപ്പിച്ചതിലൂടെ. 25 ശതമാനം ക്വാട്ടയുണ്ടായിരുന്ന സ്വകാര്യ ഹജ്ജ് ട്രൂപ്പുകള്‍ക്ക് മുപ്പതായി വര്‍ധിപ്പിച്ചു കൊടുത്തപ്പോള്‍ സര്‍ക്കാര്‍ ഹജ്ജ് ക്വാട്ട 75ല്‍ നിന്നും 70 ആയി ചുരുക്കി. 45 വയസ്സിനു മുകളിലുള്ള സ്ത്രീകള്‍ക്ക് മെഹറം വേണ്ടന്ന നിര്‍ദേശം ഇസ്‌ലാമിക വിരുദ്ധമാണ്. ഹജ്ജിന് പോകുന്ന സ്ത്രീയുടെ കൂടെ അടുത്ത ബന്ധുക്കള്‍ പോകുന്ന മെഹറം നിര്‍ത്തലാക്കുന്നതിലൂടെ സ്വകാര്യ ഹജ്ജ് ട്രൂപ്പുകളെ സഹായിക്കുകയാണ് കരട് നിര്‍ദേശത്തിലൂടെ. ഒരു കവറില്‍ നാല് സ്ത്രീകള്‍ക്കൊപ്പം ഒരു പുരുഷനും ഉണ്ടാകുമ്പോള്‍ പലപ്പോഴും സ്വകാര്യ ട്രൂപ്പുകള്‍ അത് അവരുടെ ട്രൂപ്പിലെതന്നെ ഒരാളുടെ പേരില്‍ ചേര്‍ക്കാറാണ് പതിവ്.
മെഹറം ആവശ്യമില്ലെന്ന് വരുമ്പോള്‍ ഒരു കവറില്‍ അഞ്ച് സ്ത്രീകളെയും ഉള്‍ക്കൊള്ളിച്ച് സ്വകാര്യ ഹജ്ജ് ട്രൂപ്പുകള്‍ക്ക് പണം വരാനുള്ള അവസരമാണ് കരട് നയത്തിലൂടെ നിര്‍ദേശിക്കുന്നത്. ശരീഅത്ത് വിരുദ്ധമായ ഈ നിര്‍ദേശം റദ്ദാക്കുക തന്നെ വേണം. ഹജ്ജ് എംബാര്‍ക്കേഷന്‍ 20ല്‍ നിന്ന് ഒന്‍പതായി ചുരുക്കിയതും ദുരുദ്ദേശത്തോടെയാണ്. കരിപ്പൂരില്‍ 2018ലും ഹജ്ജ് എംബാര്‍ക്കേഷന്‍ സൗകര്യം നിഷേധിച്ചിരിക്കുകയാണ്. ദൂരെയുള്ള എംബാര്‍ക്കേഷന്‍ പോയിന്റില്‍ എത്തിപ്പെടാനുള്ള പ്രയാസം ഓര്‍ത്ത് ഹജ്ജാജിമാര്‍ സ്വകാര്യ ട്രൂപ്പുകളെ തന്നെ ആശ്രയിക്കാനുള്ള തന്ത്രം ഇതിനു പിന്നിലുണ്ട്. 2018ല്‍ കരിപ്പൂരില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പുനഃസ്ഥാപിക്കുമെന്ന മുക്താര്‍ അബ്ബാസ് നഖിവിയുടെ ഉറപ്പും ലംഘിക്കപ്പെട്ടിരിക്കുകയാണ്. ഹജ്ജ് അപേക്ഷ ഫീസ് ഇനത്തില്‍ തുടങ്ങുന്ന കൊള്ള ഹജ്ജാജിമാര്‍ ഹജ്ജ് കഴിഞ്ഞ് വീട്ടിലെത്തുന്നത് വരെ തുടരുന്നുവെന്നതാണ് യാഥാര്‍ഥ്യം.
ഓരോ അപേക്ഷക്കും മുന്നൂറ് രൂപയാണ് സര്‍ക്കാര്‍ ഈടാക്കുന്നത്. ഒറ്റത്തവണ അപേക്ഷ നല്‍കുന്ന ഘടന ഉണ്ടാകണമെന്ന കേരളാ ഹജ്ജ് കമ്മിറ്റിയുടെ ആവശ്യം കരട് നയത്തില്‍ തള്ളിക്കളഞ്ഞിരിക്കുകയാണ്. ഇത് വഴി ഓരോ വര്‍ഷവും ലക്ഷങ്ങളാണ് സര്‍ക്കാര്‍ അനധികൃതമായി ഈടാക്കുന്നത്. എഴുപത് വയസ്സിന് മുകളിലുള്ളവര്‍ക്കും തുടര്‍ച്ചയായി അഞ്ചുതവണ അപേക്ഷിച്ചവര്‍ക്കും നറുക്കെടുപ്പില്ലാതെ ഹജ്ജിന് അവസരം നല്‍കുന്ന വ്യവസ്ഥയും കരട് നയത്തില്‍ റദ്ദാക്കിയത് കടുത്ത ദ്രോഹമാണ്. ജീവിതാവസാന കാലത്തെങ്കിലും ഹജ്ജ് നിര്‍വഹിക്കാനുള്ള ആഗ്രഹത്തെ നിഷേധിക്കുകയാണ് ഇതിലൂടെ. മതപരമായ നിര്‍ബന്ധ കര്‍മത്തെയാണ് ഇതിലൂടെ സര്‍ക്കാര്‍ നിഷേധിക്കുന്നതെന്നോര്‍ക്കണം. ഹജ്ജ് നയം രൂപീകരിക്കുന്നതിന് മുമ്പ് സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയപ്പോള്‍ കേരളം സമര്‍പ്പിച്ച നിര്‍ദേശങ്ങളൊക്കെയും ഉന്നതതല അവലോകന കമ്മിറ്റി തള്ളിക്കളഞ്ഞിരിക്കുകയാണ്. ഉന്നതതല കമ്മിറ്റിയുടെ കരട് നിര്‍ദേശങ്ങളൊക്കെയും ഹജ്ജ് യാത്രികരെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ നിര്‍ദേശങ്ങളൊക്കെയും പുനഃപരിശോധിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരും സംയുക്തമായി ആവശ്യപ്പെട്ടിരിക്കുകയാണ്. കേരള മുസ്‌ലിംകളുടെ ആധികാരിക മതസംഘടനയായ സമസ്തയുടെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ ഗൗരവത്തോടെ ഉള്‍ക്കൊള്ളുമെന്നാണ് ഞങ്ങള്‍ കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."