ഉദ്യോഗസ്ഥര്‍ക്ക് മന്ത്രിമാരെ വിലയില്ലാതായി: കെ. മുരളീധരന്‍
കോഴിക്കോട്: ഇടതുഭരണത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രിമാരെ വിലയില്ലാതായെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ലീഡര്‍ സ്റ്റഡി സെന്റര്‍ അളകാപുരിയില്‍ സംഘടിപ്പിച്ച ക്വിറ്റ് ഇന്ത്യാ ദിനാചരണവും കെ. കരുണാകരന്‍ അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനോട് പോയി പണി നോക്കാനാണ് ഗതാഗത കമ്മിഷണര്‍ ടോമിന്‍ ജെ. തങ്കച്ചരി പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
രണ്ടരമാസക്കാലത്തെ ഇടതുഭരണം സമ്പൂര്‍ണ പരാജയമാണ്. ഉദ്യോഗസ്ഥര്‍ക്കെതിരേ ശബ്ദമുയര്‍ത്താന്‍ പോലും വകുപ്പു മന്ത്രിമാര്‍ക്ക് സാധിക്കുന്നില്ല. കോഴിക്കോട്ട് പൊലിസ് ഉദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ ക്ഷമാപണം നടത്താന്‍ പോലും മുഖ്യമന്ത്രി ഇതുവരെ തയാറായിട്ടില്ല.
സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാത്തവര്‍ രാജ്യവും ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റിക്കൊടുത്തവര്‍ സംസ്ഥാനവും ഭരിക്കുന്ന ഇന്നത്തെ കാലത്ത് പരീക്ഷണങ്ങള്‍ നേരിടുന്നതു സ്വാഭാവികമാണ്. ബ്രിട്ടീഷ് ബൂര്‍ഷ്വാസികളുടെ കൈയില്‍ നിന്ന് ഇന്ത്യന്‍ ബൂര്‍ഷ്വാസികളുടെ കൈകളിലേക്ക് ഭരണമെത്തിയെന്ന് ആരോപിച്ച് സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാതെ കരിങ്കൊടി നാട്ടിയവരാണ് കമ്മ്യൂണിസ്റ്റുകാരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലീഡര്‍ സ്റ്റഡി സെന്റര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. കെ. പ്രവീണ്‍കുമാര്‍ അധ്യക്ഷനായി. ചടങ്ങില്‍ സ്വാതന്ത്ര്യസമര സേനാനിയും മുന്‍മന്ത്രിയുമായ എം. കമലത്തെ മുരളീധരന്‍ പൊന്നാടയണിയിച്ച് ആദരിച്ചു. ഡി.സി.സി പ്രസിഡന്റ് കെ.സി അബു, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. പി. ശങ്കരന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. പി.എം സുരേഷ്ബാബു, എന്‍. സുബ്രഹ്മണ്യന്‍, മുന്‍മന്ത്രി എം.ടി പത്മ, കെ. രാമചന്ദ്രന്‍ മാസ്റ്റര്‍, അഡ്വ. പി.എം നിയാസ്, മുനീര്‍ എരവത്ത്, ദിനേശ് പെരുമണ്ണ, സി.വി ജിതേഷ്, അഡ്വ. പി. രാജേഷ് കുമാര്‍, സി.പി വിശ്വനാഥന്‍, പി. കുഞ്ഞിമൊയ്തീന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."