രണ്ട് വിദ്യാര്‍ഥികള്‍ പുഴയില്‍ മുങ്ങി മരിച്ചു
ചേര്യംകൊല്ലി(വയനാട്): പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ഇന്നലെ വൈകിട്ട് അഞ്ചോടെ ചേര്യംകൊല്ലി വലിയ പാലത്തിന് സമീപം കഴുക്കലോടിയിലാണ് സംഭവം. കെല്ലൂര്‍ കാരാട്ടുകുന്നിലെ പുത്തൂര്‍ മമ്മൂട്ടിയുടെയും സുഹറയുടെയും മകന്‍ റസ്മില്‍(15), എഴുത്തന്‍ ഹാരിസിന്റെയും നസീറയുടെയും മകന്‍ റിയാസ്(15) എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകിട്ട് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ ഇരുവരും പുഴയില്‍ മുങ്ങിപ്പോവുകയായിരുന്നു. കൂടെയുള്ളവരുടെ ബഹളംകേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചു.
തുടര്‍ന്നെത്തിയ മാനന്തവാടി ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തി രണ്ടുപേരേയും പുറത്തെടുത്ത് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടഞ്ഞിരുന്നു.
കെല്ലൂര്‍ അഞ്ചാംമൈല്‍ നിബ്‌റാസുല്‍ ഇസ്‌ലാം മദ്‌റസയിലെയും ദ്വാരക സേക്രഡ്ഹാര്‍ട്ട് സ്‌കൂളിലെ പത്താംതരത്തിലെയും വിദ്യാര്‍ഥികളാണ് മരിച്ച റസ്മിലും റിയാസും.
റിയാസിന്റെ സഹോദരങ്ങള്‍: റംഷീന, ജുമൈല. റസ്മിലിന്റെ സഹോദരങ്ങള്‍: റമീസ്, റിന്‍ഷ ഫാത്തിമ. ഇരുവരുടെയും മൃതദേഹങ്ങള്‍ മാനന്തവാടി ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് കെല്ലൂര്‍ അഞ്ചാംമൈല്‍ പുത്തന്‍പള്ളി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കം നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."