ജി.സി.സി രാജ്യങ്ങളില്‍ വിലക്കുള്ളവര്‍ ഹജ്ജിന് എത്തുന്നത് തടയാന്‍ നിര്‍ദേശം
കൊണ്ടോട്ടി: ഗള്‍ഫ് കോ ഓര്‍ഡിനേഷന്‍ കൗണ്‍സില്‍(ജി.സി.സി)രാജ്യങ്ങളില്‍ പ്രവേശിക്കുന്നതിന് അനുമതി നിഷേധിച്ചവര്‍ ഇന്ത്യന്‍ ഹജ്ജ് തീര്‍ഥാടകരില്‍ ഉള്‍പ്പെടുന്നത് തടയാന്‍ നിയമം കര്‍ക്കശമാക്കുന്നു.
ഇന്ത്യയില്‍നിന്ന് ജി.സി.സി രാജ്യങ്ങളില്‍ പ്രവേശിക്കാന്‍ വിലക്കുള്ളവര്‍ ഹജ്ജിന് എത്തുന്നത് കണ്ടെത്തിയ സാഹചര്യത്തിലാണിത്. ഈ വര്‍ഷം സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന തീര്‍ഥാടനത്തിന് പോയ മൂന്ന് കാസര്‍കോട് സ്വദേശികളെയാണ് ജിദ്ദ വിമാനത്താവളത്തില്‍നിന്ന് മടക്കി അയച്ചത്.
ഇന്ത്യയിയെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍നിന്ന് തന്നെ ഇത്തരക്കാരെ കണ്ടെത്തി യാത്ര തടയാനാണ് ലക്ഷ്യമിടുന്നത്. പ്രവാസികളായ ഹജ്ജ് തീര്‍ഥാടകരിലാണ് സഊദി അടക്കമുള്ള രാജ്യങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയവര്‍ കടന്നു കൂടുന്നതായി കണ്ടെത്തിയത്.
സഊദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍ രാജ്യങ്ങളാണ് ജി.സി.സിയിലുള്ളത്. ഈ രാജ്യങ്ങളില്‍ ഏതെങ്കിലും ഒന്നിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞാലും സഊദിയിലേക്ക് യാത്ര ചെയ്യാനാവില്ല.
ദുബൈയില്‍ വിലക്കുള്ളതിനാല്‍ കഴിഞ്ഞ ഹജ്ജ് സീസണില്‍ മൂന്ന് മലയാളികളെയാണ് ജിദ്ദയില്‍നിന്ന് തിരിച്ചയച്ചത്. 35 വര്‍ഷം മുന്‍പ് വിസയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നത്തെതുടര്‍ന്നായിരുന്നു സംഭവം. ഇതിന് ശേഷം മൂന്ന് പേരും ദുബൈയില്‍ വീണ്ടും ജോലി ചെയ്‌തെങ്കിലും ഇവര്‍ക്കുള്ള വിലക്ക് നീങ്ങിയതായി രേഖപ്പെടുത്തിയിരുന്നില്ല. കമ്പനി നല്‍കിയ വിസയില്‍ നിരവധി തവണ നാട്ടിലേക്കും ദുബൈയിലേക്കും ഇവര്‍ യാത്രയും ചെയ്തിരുന്നു. എന്നാല്‍, കുടുംബത്തോടൊപ്പം ഹജ്ജിന് എത്തിയപ്പോള്‍ ജിദ്ദ വിമാനത്താവളത്തില്‍വച്ച് ഇവരെ നാട്ടിലേക്ക് തന്നെ തിരിച്ചയക്കുകയായിരുന്നു. തീര്‍ഥാടകര്‍ പോലും പലപ്പോഴും വിലക്കുള്ള വിവരം ജിദ്ദയിലെത്തുമ്പോഴാണ് അറിയുന്നത്. പ്രവാസികളായ തീര്‍ഥാടകരിലാണ് ഇത്തരം സംഭവങ്ങള്‍ കാണപ്പെടുന്നതെന്നതിനാല്‍ അത്തരം പാസ്‌പോര്‍ട്ടുകള്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കും.
അടുത്ത വര്‍ഷം മുതല്‍ ജിദ്ദ വിമാനത്താവളത്തില്‍ നടത്തി വരുന്ന എമിഗ്രേഷന്‍ ഇന്ത്യയിലെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകളിലാക്കാനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു വരുന്നുണ്ട്. ഇതോടെ വിലക്ക് ഉള്ളവരുടെ യാത്ര നാട്ടില്‍വച്ച് തന്നെ തടയാനാകും. കേസുകള്‍ അറിയാത്ത പ്രവാസികള്‍ക്ക് കൃത്യസമയത്ത് ഇടപെട്ട് പരിഹരിക്കാനും അവസരം കൈവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."