കാഞ്ഞിരത്തിനാല്‍ ഭൂമി; വനംവകുപ്പ് ഉദ്യോഗസ്ഥനെതിരായ നടപടി ഉപേക്ഷിച്ചു
കല്‍പ്പറ്റ: നിര്‍ധന കുടുംബത്തിന്റെ ഭൂമി അന്യായമായി പിടിച്ചെടുത്തത് ശരിയാണെന്ന് സമര്‍ഥിക്കാന്‍ നിയമസഭയെയും മന്ത്രിയെയും തെറ്റിദ്ധരിപ്പിച്ച വനംവകുപ്പ് ഉദ്യോഗസ്ഥനെ തിരായ നടപടി പൊതുഭരണവകുപ്പ് ഉപേക്ഷിച്ചു. തൊണ്ടര്‍നാട് വില്ലേജിലെ കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ 12 ഏക്കര്‍ ഭൂമി പിടിച്ചെടുത്ത സംഭവത്തില്‍ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പ്രതിസ്ഥാനത്തുള്ള ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ ഇ. പ്രദീപ്കുമാറിനെതിരായ നടപടിയാണ് പൊതുഭരണവകുപ്പ് ഉപേക്ഷിച്ചത്. കാഞ്ഞിരത്തിനാല്‍ കുടുംബം 1967ല്‍ വില കൊടുത്തു വാങ്ങിയ ഭൂമി വനംവകുപ്പ് 1976ലാണ് പിടിച്ചെടുത്തത്. പ്രസ്തുത സ്ഥലം ഉള്‍പ്പെട്ട നോര്‍ത്ത് വയനാട് ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്ററായിരുന്നു ഇ. പ്രദീപ്കുമാര്‍. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ കോഴിക്കോട് നോര്‍തേണ്‍ റെയ്ഞ്ച് സൂപ്രണ്ട് ടി. ശ്രീശുകന്‍ 2009ല്‍ കാഞ്ഞിരത്തിനാല്‍ ഭൂമി സംബന്ധിച്ച് അന്വേഷണം നടത്തി വിജിലന്‍സ് ഡയരക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പ്രദീപ്കുമാറിന്റെ തെറ്റായ നടപടികള്‍ പരാമര്‍ശിക്കുന്നുണ്ട്. തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്കെതിരേ നടപടി എടുക്കണമെന്നും യഥാര്‍ഥത്തില്‍ മറ്റൊരു ഭൂമി വനമായി ഏറ്റെടുക്കേണ്ടതിന് പകരം വനംവകുപ്പ് തെറ്റായി കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ ഭൂമി പിടിച്ചെടുക്കുകയായിരുന്നുവെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേ തുടര്‍ന്ന് കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതിന് പൊതുഭരണം, റവന്യൂ, വനംവന്യജീവി വകുപ്പുകള്‍ക്ക് വിജിലന്‍സ് ഡയരക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതില്‍ പൊതുഭരണവകുപ്പാണ് പ്രദീപ്കുമാറിനെതിരായ അച്ചടക്ക നടപടി ഉപേക്ഷിച്ചത്.
ഭാവിയില്‍ നിയമസഭാ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന താക്കീതോടെ നടപടി അവസാനിപ്പിച്ചുവെന്നും വിവരാവകാശ ചോദ്യത്തിനുള്ള മറുപടിയില്‍ പറയുന്നു. ഭൂമി പിടിച്ചെടുത്തതില്‍ വനംവകുപ്പിന് തെറ്റുപറ്റിയെന്ന് വിവിധ അന്വേഷണ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിട്ടും കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് നീതി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങളാണ് മുന്‍ വയനാട് സബ് കലക്ടര്‍ ശീറാം സാംബശിവറാവുവും അന്വേഷണത്തില്‍ കണ്ടെത്തിയത്. കാഞ്ഞിരത്തിനാല്‍ കുടുംബം അവകാശവാദം ഉന്നയിക്കുന്ന സ്ഥലം എം.പി.പി.എഫ് നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന് സ്ഥാപിക്കുന്ന രേഖകള്‍ ഒന്നുംതന്നെ വനം വകുപ്പിന്റെ പക്കലില്ല.
1971ന് മുന്‍പേ ഭൂമിയില്‍ കൃഷി ഉണ്ടായിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ വിവിധ ഘട്ടങ്ങളില്‍ തെറ്റായി നല്‍കിയ വിവരങ്ങള്‍ കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് 1977ന് മുന്‍പുള്ള ചെറുകിട വനം കൈയേറ്റങ്ങള്‍ സാധുവാക്കുന്ന 1993ലെ കേരള ലാന്‍ഡ് അസൈന്‍മെന്റ് നിയമത്തിന്റെ ആനകൂല്യങ്ങള്‍ നഷ്ടമാകുന്നതിന് ഇടയാക്കിയെന്നും സബ് കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തങ്ങള്‍ക്കെതിരായ വിധിക്കെതിരേ കാഞ്ഞിരത്തിനാല്‍ കുടുംബ നല്‍കിയ കേസില്‍ സത്യാവസ്ഥ കോടതിയെ ബോധിപ്പിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."