പാഠപുസ്തകങ്ങളുടെ മൂന്നാംഘട്ട വിതരണം തുടങ്ങി
മലപ്പുറം: മൂന്നുഘട്ടങ്ങളിലായി പരിഷ്‌കരിച്ച സ്‌കൂള്‍ പാഠപുസ്തകങ്ങളുടെ മൂന്നാംഘട്ട വിതരണം തുടങ്ങി. ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലേക്കുള്ള 79 ലക്ഷം പാഠ പുസ്തകങ്ങളാണ് അവസാനഘട്ടത്തില്‍ വിതരണത്തിനായി സംസ്ഥാനത്തെ സ്‌കൂള്‍ സൊസൈറ്റികളില്‍ എത്തിച്ചുതുടങ്ങിയത്.
ബാലാവകാശ കമ്മിഷന്റെ നിര്‍ദേശപ്രകാരം ഭാരം കുറയ്ക്കാന്‍ വേണ്ടിയാണ് ഈ വര്‍ഷംമുതല്‍ പാഠപുസ്തകങ്ങള്‍ മൂന്നു വാല്യങ്ങളായി അച്ചടിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം വരെ അധിക പേജുള്ള പാഠപുസ്തകങ്ങള്‍ രണ്ടുവാല്യങ്ങളിലായിരുന്നു പ്രസിദ്ധീകരിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ചുരുക്കം ചിലസ്ഥലങ്ങളില്‍ ഒഴികെ ഒന്നാംഘട്ട വിതരണം ജൂണ്‍ ആദ്യവാരം സ്‌കൂള്‍ തുറക്കുന്നതിനു മുമ്പുതന്നെ പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് ഓണപ്പരീക്ഷക്കുമുമ്പാണ് രണ്ടാം വാല്യം വിതരണം ചെയ്തിരുന്നത്. ഇതിന്റെ വിതരണം കൃത്യസമയത്ത് പൂര്‍ത്തിയാകാത്തത്് വിവാദം ഉണ്ടാക്കിയിരുന്നു.
പാദവാര്‍ഷിക പരീക്ഷയ്ക്ക് ശേഷം പഠിപ്പിക്കേണ്ട വിവിധ വിഷയങ്ങളുടെ പുസ്തകങ്ങളുടെ വിതരണമാണ് ആഴ്ചകളോളം പല ജില്ലയിലും വൈകിയത്. ഇതിനെ തുടര്‍ന്ന് കര്‍ശനമായ ജാഗ്രതയോടെയാണ് മൂന്നാംവാല്യം വിതരണം ചെയ്യുന്നത്. ക്രിസ്മസ് പരീക്ഷയ്ക്കു ശേഷം ഈ അധ്യയന വര്‍ഷം അവസാനിക്കുംവരെ പഠിപ്പിക്കേണ്ട പാഠഭാഗങ്ങളാണ് അവസാന വാല്യത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒന്‍പത്, പത്ത് ക്ലാസുകളിലെ പുസ്തകങ്ങള്‍ ഇത്തവണയും രണ്ടുവാല്യമാണ്. പുസ്തക വിതരണം കാര്യക്ഷമമാക്കാന്‍ കര്‍ശനമായ ജാഗ്രത പുലര്‍ത്താന്‍ അച്ചടിയുടെയും വിതരണത്തിന്റെയും ചുമതല വഹിക്കുന്ന കെ.ബി.പി.എസ്സിന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ 3304 സ്‌കൂള്‍ സൊസൈറ്റികളിലേക്കും കെ.ബി.പി.എസ് നേരിട്ട് പുസ്തകം എത്തിക്കും. സ്‌കൂള്‍ സൊസൈറ്റികളിലെത്തുന്ന പുസ്തകങ്ങള്‍ കൃത്യമായി ശേഖരിച്ച് സ്‌കൂളുകളിലെത്തിക്കുന്നതിനു നടപടിയെടുക്കാന്‍ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍, ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍മാര്‍ എന്നിവര്‍ക്ക് സംസ്ഥാന പാഠപുസ്തക ഓഫിസര്‍ നിര്‍ദേശം നല്‍കി. നവംബര്‍ പത്തിനകം വിതരണം പൂര്‍ത്തിയാക്കാനാണ് കെ.ബി.പി.എസ് പദ്ധതിയിട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."