ഒടുവില്‍ സ്വതന്ത്ര കാറ്റലോണിയ
ബാഴ്‌സലോണ/മാഡ്രിഡ്: ഒടുവില്‍ കാറ്റലന്‍ ജനതയുടെ ഹിതം അംഗീകരിച്ച് പ്രാദേശിക സര്‍ക്കാരിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം. കാറ്റലോണിയ പ്രാദേശിക പാര്‍ലമെന്റില്‍ ഇന്നലെ ഉച്ചയ്ക്കു ശേഷം നടന്ന രഹസ്യ വോട്ടെടുപ്പിലാണ് ആഴ്ചകളായി തുടര്‍ന്നുവന്ന അനിശ്ചിതത്വങ്ങള്‍ക്ക് അറുതിവരുത്തി പ്രാദേശിക സര്‍ക്കാര്‍ അന്തിമ പ്രഖ്യാപനം നടത്തിയത്. കാറ്റലോണിയയുടെ അധികാരം പിടിച്ചെടുക്കാന്‍ സ്‌പെയിന്‍ ദേശീയ സര്‍ക്കാര്‍ നീക്കം ശക്തമാക്കുന്നതിനിടെയാണ് കാറ്റലോണിയയുടെ അപ്രതീക്ഷിത പ്രഖ്യാപനം.
അതിനിടെ, കാറ്റലോണിയയുടെ അധികാരം നേരിട്ടു പിടിച്ചെടുക്കാനുള്ള ദേശീയ സര്‍ക്കാരിന്റെ നീക്കത്തിന് സ്പാനിഷ് സെനറ്റ് അംഗീകാരം നല്‍കിയതു പ്രതിസന്ധി ശക്തമാക്കുകയാണ്. കാറ്റലന്‍ പാര്‍ലമെന്റിന്റെ തീരുമാനം നിയമപരമായി നിലനില്‍ക്കില്ലെന്ന് സ്പാനിഷ് സര്‍ക്കാര്‍ ആദ്യ പ്രതികരണത്തില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഈ സന്നിഗ്ധഘട്ടത്തില്‍ സ്‌പെയിന്‍ എന്തു തീരുമാനമെടുക്കുമെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല.
ഇന്നലെ ഉച്ചയ്ക്കു ശേഷം രഹസ്യവോട്ടെടുപ്പിനു നീക്കം നടക്കുന്നതിനു തൊട്ടു മുന്‍പായി പ്രതിപക്ഷം പാര്‍ലമെന്റില്‍നിന്നു വാക്കൗട്ട് നടത്തിയിരുന്നു. പ്രഖ്യാപന വിവരമറിഞ്ഞ് പാര്‍ലമെന്റിനു പുറത്തും ബാഴ്‌സലോണ അടക്കമുള്ള കാറ്റലന്‍ നഗരങ്ങളിലും പതിനായിരക്കണക്കിനു സ്വാതന്ത്ര്യാനുകൂലികള്‍ ഒത്തുകൂടിയിരുന്നു. അന്തിമ പ്രഖ്യാപനം പുറത്തുവന്നതോടെ ഹര്‍ഷാരവങ്ങള്‍ മുഴക്കിയാണു ജനങ്ങള്‍ ആഘോഷിച്ചത്.
പാര്‍ലമെന്റ് തീരുമാനവുമായി മുന്നോട്ടുപോകുമെന്ന് കാറ്റലോണിയ പ്രസിഡന്റ് കാര്‍ലെസ് പ്യൂഗിമോന്റ് സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി അറിയിച്ചു. ശക്തമായും സമാധാനത്തിലും നില്‍ക്കേണ്ട ഒരു ഘട്ടത്തിലൂടെയാണ് ഞങ്ങള്‍ കടന്നുപോകുന്നത്. ജനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ചേര്‍ന്നാണു രാഷ്ട്രങ്ങളും സമൂഹങ്ങളും രൂപീകരിക്കുന്നത്. ഇതൊന്നും കൂടാതെ രാഷ്ട്രങ്ങളുണ്ടാകില്ല- അദ്ദേഹം വ്യക്തമാക്കി. ജനങ്ങള്‍ ആര്‍പ്പുവിളികളോടെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനത്തെ വരവേറ്റത്.എന്നാല്‍, ഏതാനും മണിക്കൂറുകള്‍ക്കു ശേഷം സ്പാനിഷ് സെനറ്റ് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 155 ഉപയോഗിക്കാന്‍ പ്രാദേശിക സര്‍ക്കാരിന് അധികാരം നല്‍കിയതോടെ പ്രശ്‌നം വീണ്ടും സങ്കീര്‍ണമായിരിക്കുകയാണ്.
വിഘടനവാദികളെ അടിച്ചമര്‍ത്തി നടപടിയുമായി മുന്നോട്ടുപോകുമെന്ന് സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രാജോയ് വ്യക്തമാക്കിയിട്ടുണ്ട്. സ്പാനിഷ് പൗരന്മാരോട് സമാധാനം പുലര്‍ത്താന്‍ ആവശ്യപ്പെട്ട മരിയാനോ, നിലവിലെ സ്ഥിതിഗതികള്‍ ഉചിതമായ രീതിയില്‍ കൈകാര്യം ചെയ്യുമെന്നും ഉറപ്പുനല്‍കി.
രാജ്യത്തെ ഭരണഘടനയുടെ 155ാം ആര്‍ട്ടികിള്‍ നല്‍കുന്ന അധികാരം ഉപയോഗിച്ച് പ്രാദേശിക ഭരണകൂടത്തിന്റെ അധികാരം പൂര്‍ണമായി പിടിച്ചടക്കാനുള്ള നീക്കത്തിലാണ് സ്‌പെയിന്‍. 1970ല്‍ രാജ്യത്ത് ജനാധിപത്യം പുനസ്ഥാപിച്ചശേഷം ഇതാദ്യമായാണ് സ്‌പെയിനില്‍ ഈ അധികാരം വിനിയോഗിക്കാന്‍ പോകുന്നത്.ഈമാസം ഒന്നിനാണ് സ്പാനിഷ് സര്‍ക്കാരിന്റെയും ദേശീയ കോടതിയുടെയും എതിര്‍പ്പുകള്‍ക്കിടെ ചരിത്രപരമായ ജനഹിത പരിശോധന കാറ്റലോണിയയില്‍ നടന്നത്. 43 ശതമാനം പോളിങ് രേഖപ്പെടുത്തിയ വോട്ടെടുപ്പില്‍ 90 ശതമാനം പേര്‍ സ്വാതന്ത്ര്യനീക്കത്തെ പിന്തുണച്ചതായി കാറ്റലോണിയ പ്രാദേശിക സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് നിയമവിരുദ്ധമാണെന്നു മാഡ്രിഡ് കോടതിയും ദേശീയ സര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്.
'നിയമപരമായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ ഒക്ടോബര്‍ ഒന്നിനു നടന്ന ജനഹിത പരിശോധന ശരിവച്ച് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നു. സ്വതന്ത്ര രാജ്യവുമായി കാറ്റലോണിയ മുന്നോട്ടുപോകും'
കാര്‍ലെസ് പ്യൂഗിമോന്റ്
(കാറ്റലോണിയ പ്രസിഡന്റ്)
'സ്‌പെയിന്‍ ഒരു വലിയ രാജ്യമാണ്. ഒരുകൂട്ടം ജനങ്ങളെ രാജ്യത്തിന്റെ ഭരണഘടന തകര്‍ക്കാന്‍ അനുവദിക്കില്ല. വിഘടനവാദികളെ അടിച്ചമര്‍ത്തി കാറ്റലോണിയയുടെ അധികാരം പിടിച്ചെടുക്കും'
മരിയാനോ രാജോയ്
(സ്പാനിഷ് പ്രധാനമന്ത്രി)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."