10 ഡാമുകള്‍ക്ക് മാവോയിസ്റ്റ് ഭീഷണി; സുരക്ഷ വ്യവസായ സംരക്ഷണ സേന ഏറ്റെടുത്തു
തിരുവനന്തപുരം: സംസ്ഥാനത്തെ 10 ഡാമുകള്‍ക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന് ഇന്റലിജന്‍സ്. ഇതേത്തുടര്‍ന്ന് ഡാമുകളുടെ സുരക്ഷ സംസ്ഥാന വ്യവസായ സംരക്ഷണ സേന ഏറ്റെടുത്തു. കെ.എസ്.ഇ.ബിയായിരിക്കും സേനയെ നിയന്ത്രിക്കുക.
ഇടുക്കി, ചെറുതോണി, കുളമാവ്, പമ്പ, കക്കി, ആനത്തോട്, പെരിങ്ങല്‍കൂത്ത്, ഇടമലയാര്‍, മാട്ടുപ്പെട്ടി, ബാണാസുരസാഗര്‍ എന്നീ ഡാമുകള്‍ക്കാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്. പ്രത്യേക പരിശീലനംനേടിയ തോക്കേന്തിയ ഭടന്മാര്‍ 24 മണിക്കൂറും സുരക്ഷയൊരുക്കും. ഡി.ഐ.ജി ഷഫീന്‍ അഹമ്മദിനാണ് വ്യവസായ സംരക്ഷണ സേനയുടെ ചുമതല നല്‍കിയിരിക്കുന്നത്. ഡാമുകള്‍ക്കുചുറ്റും വനമായതിനാല്‍ സുരക്ഷ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ പെട്ടെന്നുള്ള ആക്രമണം തടയാനാവില്ലെന്നാണ് ഇന്റലിജന്‍സ് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. മാത്രമല്ല, മാവോയിസ്റ്റ് സാന്നിധ്യം പല ഡാമുകള്‍ക്കും സമീപമുള്ള കാടുകളില്‍ കണ്ടെത്തിയിട്ടുണ്ട്. വയനാട് ബാണാസുരസാഗറിനുസമീപം മാവോയിസ്റ്റുകളെ കണ്ടെത്തിയതായി പൊലിസ് നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പൊലിസ് സേനക്ക് ഡാമുകള്‍ക്ക് സുരക്ഷയൊരുക്കാന്‍ കഴിയില്ലെന്ന റിപ്പോര്‍ട്ട് കഴിഞ്ഞയാഴ്ച ചേര്‍ന്ന സുരക്ഷാ അവലോകന സമിതി സര്‍ക്കാരിന് നല്‍കിയിരുന്നു.
നിലവില്‍ മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെയുള്ള ഡാമുകള്‍ക്ക് തോക്കേന്തിയ പൊലിസുകാരാണ് സംരക്ഷണമൊരുക്കുന്നത്. ഇതുമാറ്റി സംസ്ഥാനത്തെ എല്ലാ ഡാമുകള്‍ക്കും വ്യവസായ സംരക്ഷണ സേനയുടെ സുരക്ഷ ഒരുക്കണമെന്നും സുരക്ഷാ അവലോകന സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 227 പൊലിസ് ഉദ്യോഗസ്ഥരെയാണ് ഡാം സുരക്ഷയ്ക്കുവേണ്ടി നിലവില്‍ നിയോഗിച്ചിരിക്കുന്നത്. മൂഴിയാര്‍, ഇടുക്കി, കുളമാവ്, മലങ്കര, മുല്ലപ്പെരിയാര്‍, പറമ്പിക്കുളം-ആളിയാര്‍, ശിരുവാണി, പെരുവരിപ്പല്ലം, തുണക്കടവ്, കക്കയം എന്നിവിടങ്ങളിലാണ് സുരക്ഷയ്ക്കായി പൊലിസിനെ നിയോഗിച്ചിരിക്കുന്നത്.
ഈ ഡാമുകളുടെയും സുരക്ഷ വ്യവസായ സംരക്ഷണ സേന ഉടന്‍ ഏറ്റെടുക്കും. മുല്ലപ്പെരിയാറില്‍ മാത്രം ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ 124 പൊലിസ് ഉദ്യോഗസ്ഥരാണ് സുരക്ഷ ഒരുക്കുന്നത്. നിലവില്‍ സംസ്ഥാന വ്യവസായ സംരക്ഷണ സേനയ്ക്ക് 979 വിദഗ്ധ പരിശീലനം ലഭിച്ച അംഗങ്ങളാണുള്ളത്. ഇവര്‍ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വ്യവസായ ശാലകള്‍ക്കും ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള 68 ഓര്‍ഗനൈസേഷനുകള്‍ക്കും സംരക്ഷണം ഒരുക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."