ബാബരി മസ്ജിദ്: രവിശങ്കറിന്റെ ചര്‍ച്ചയ്ക്കുള്ള ക്ഷണം വ്യക്തിനിയമ ബോര്‍ഡ് തള്ളി
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍പ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കുള്ള ശ്രീ ശ്രീ രവിശങ്കറിന്റെ ക്ഷണം അഖിലേന്ത്യാ മുസ്്‌ലിം വ്യക്തിനിയമ ബോര്‍ഡ് തള്ളി. രവിശങ്കറുമായി മധ്യസ്ത ചര്‍ച്ചയ്ക്ക് തയാറല്ലെന്നും അതിനായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ബോര്‍ഡ് വക്താവും പ്രമുഖ അഭിഭാഷകനുമായ സഫര്‍യാബ് ജീലാനി അറിയിച്ചു. അയോധ്യയിലെ ഹൈന്ദവ ട്രസ്റ്റ് നിര്‍മോഹി അഖാരയും വ്യക്തിനിയമബോര്‍ഡും കഴിഞ്ഞദിവസം ബാബരി മസ്ജിദ് വിഷയത്തില്‍ ഒതുത്തീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു സഫര്‍യാബ് ജീലാനി.
ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് സുപ്രിംകോടതി മുന്‍പാകെയുള്ള പ്രധാനകേസിലെ കക്ഷിയാണ് നിര്‍മോഹി അഖാര. ബാബരി മസ്ജിദ് ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പിനില്ല. തര്‍ക്കം കോടതിയാണ് പരിഹരിക്കേണ്ടത്. ഈ വിഷയത്തില്‍ ബോര്‍ഡിലെ ഏതെങ്കിലും അംഗങ്ങള്‍ ആരോടെങ്കിലും ചര്‍ച്ചനടത്തിയിട്ടുണ്ടെങ്കില്‍ വ്യക്തിപരമാണെന്നും ബോര്‍ഡിന്റെ നിലപാടല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മധ്യസ്ഥ ചര്‍ച്ചയുടെ പ്രാധാന്യം മനസിലാകുന്നില്ലെന്ന് ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാനാ വലി റഹ്മാനി പറഞ്ഞു. തര്‍ക്കവുമായി ബന്ധപ്പെട്ട് സംസാരിക്കണമെന്ന ആവശ്യവുമായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് രവിശങ്കറിന്റെ മധ്യസ്ഥന്‍മാര്‍ സമീപിച്ചിരുന്നുവെന്ന് ബാബരി ആക്ഷന്‍ കമ്മിറ്റി അംഗം ഹാജി മഹ്ബൂബ് പറഞ്ഞു. എന്നാല്‍ അവര്‍ ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചിട്ടില്ല. ഹൈന്ദവ പ്രതിനിധികളുമായി രവിശങ്കര്‍ ചര്‍ച്ച ചെയ്തിട്ടുണ്ടാകാം. രവിശങ്കറിന് തങ്ങളുമായി സംസാരിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ അതിന് സന്നദ്ധമാണ്. എന്നാല്‍, സംഭാഷണത്തിലൂടെ പരിഹരിക്കാവുന്ന ഒരു പ്രശ്‌നവും ഇപ്പോഴില്ലെന്നും മഹ്ബൂബ് വ്യക്തമാക്കി.
അതേസമയം മധ്യസ്ഥശ്രമം നടത്തിയിട്ടില്ലെന്ന് രവിശങ്കര്‍ പ്രതികരിച്ചു. ഇരുകക്ഷികളും ആവശ്യപ്പെടുകയാണെങ്കില്‍ മധ്യസ്ഥതക്കു തയാറാണ്. കേസ് കോടതിയുടെ പരിഗണനയിലാണെങ്കിലും ഇക്കാര്യം ചര്‍ച്ചയിലൂടെ പരിഹരിക്കുന്നതിനെ സുപ്രിം കോടതി സൂചിപ്പിക്കുകയും ചെയ്തതാണ്. അതിനാല്‍ രവിശങ്കറുടെ നടപടി സ്വാഗതാര്‍ഹമാണെന്ന് കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ പ്രതികരിച്ചു.
ബാബരി മസ്ജിദ് ഉടമസ്ഥാവകാശ തര്‍ക്കം കോടതി തന്നെ പരിഹരിക്കട്ടെയെന്നാണ് വ്യക്തി നിയമബോര്‍ഡിന്റെയും മറ്റു മുസ്്‌ലിം സംഘനടനകളുടെയും നിലപാട്. എന്നാല്‍ ബോര്‍ഡിലെ അംഗമായ ശീഈ പ്രതിനിധി ഡോ. ഖല്‍ബേ സാദിഖ്, വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന നിലപാടിലാണ്. മുസ്്‌ലിം വ്യക്തിനിയമ ബോര്‍ഡില്‍ സുന്നി- ശീഈ പ്രതിനിധികള്‍ ഉണ്ടെങ്കിലും ശീഈ വിശ്വാസികള്‍ മാത്രമുള്ള ശീഈ വ്യക്തിനിയമ ബോര്‍ഡ് വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ മധ്യസ്ഥ ശ്രമങ്ങള്‍ തുടങ്ങിയ ശീഈ നേതാക്കള്‍, ഖല്‍ബേ സാദിഖിന്റെ നേതൃത്വത്തില്‍ രവിശങ്കറുമായി ചര്‍ച്ചയ്്ക്കു ശ്രമം നടത്തുകയുംചെയ്തു. ഈ ശ്രമങ്ങളെയാണ് ബോര്‍ഡ് നേതൃത്വം പരസ്യമായി ഇന്നലെ തള്ളിപ്പറഞ്ഞത്. ഖല്‍ബേ സാദിഖിന്റെ നടപടികളില്‍ ബോര്‍ഡിന് അതൃപ്തിയുള്ളതായി ബോര്‍ഡ് വൃത്തങ്ങള്‍ പറഞ്ഞു.
1992 ഡിസംബര്‍ ആറിനു ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് വിവിധ കോടതികളില്‍ കേസുകളുണ്ടെങ്കിലും പള്ളി നിലനിന്ന ഉടമസ്ഥാവകാശം സംബന്ധിച്ച പ്രധാന കേസില്‍ ഡിസംബര്‍ അഞ്ചിനു സുപ്രിം കോടതി വാദംകേള്‍ക്കാനിരിക്കുകയാണ്. പള്ളി നിലനിന്ന ഭൂമി മൂന്നായി വീതിച്ചുള്ള 2010 മെയിലെ അലഹബാദ് ഹൈക്കോടതി ലഖ്‌നൗ ബെഞ്ചിന്റെ വിധിയ്‌ക്കെതിരായ ഹരജിയാണ് ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസായി സുപ്രിം കോടതിയുടെ പരിഗണനയിലുള്ളത്. പള്ളി നിലനിന്ന ഭൂമി സുന്നി വഖ്ഫ് ബോഡ്, ഹൈന്ദവട്രസ്റ്റുകളായ നിര്‍മോഹി അഖാര, രാംലാല എന്നിവര്‍ക്കായി വീതിച്ചു നല്‍കണമെന്നായിരുന്നു ഹൈക്കോടതിയുടെ വിധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."