ഹാദിയയെ ഹാജരാക്കല്‍: ആരോപണങ്ങളുമായി പിതാവും എന്‍.ഐ.എയും
ന്യൂഡല്‍ഹി: ഹാദിയയെ കോടതിയില്‍ ഹാജരാക്കുന്നതുമായി ബന്ധപ്പെട്ട വാദത്തില്‍ ഗുരുതര ആരോപണങ്ങളുമായി എന്‍.ഐ.എയും ഹാദിയയുടെ പിതാവ് അശോകനും. എന്‍.ഐ.എയ്ക്കുവേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍സിങ്ങും അശോകനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ശ്യാം ദിവാനുമാണ് ആരോപണങ്ങളുന്നയിച്ചത്. ഹാദിയയെ മനഃശാസ്ത്ര സമീപനങ്ങളിലൂടെ മനസുമാറ്റാനാണ് ശ്രമിച്ചതെന്ന് എന്‍.ഐ.എ ആരോപിച്ചു.
അടുത്തിടെ കേരളത്തിലും പുറത്തും മതംമാറിയവരുടെ ചരിത്രങ്ങള്‍ പരിശോധിച്ചാല്‍ എല്ലായിത്തും ഇതേ ഘടകങ്ങള്‍ ഉള്ളതായി മനസിലാവുമെന്നു വാദിച്ച ശ്യാം ദിവാന്‍, ഇതുസംബന്ധിച്ച സത്യവാങ്മൂലം പരിശോധിച്ചാല്‍ കോടതിക്ക് ഇക്കാര്യം ബോധ്യപ്പെടുമെന്നും അറിയിച്ചു. തുടര്‍ന്ന് ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്റെ ക്രിമിനല്‍ പശ്ചാത്തലവും അദ്ദേഹം പ്രവര്‍ത്തിക്കുന്ന പോപുലര്‍ഫ്രണ്ടിന്റെ ചരിത്രവുമാണ് മനീന്ദര്‍ സിങും ശ്യാം ദിവാനും വിഷയമാക്കിയത്.
കേരളത്തില്‍ നിരവധി സംഘടിത മതംമാറ്റങ്ങള്‍ നടക്കുന്നുണ്ടെന്നും ഈ കേസിനെ ഒറ്റപ്പെട്ട സംഭവമായി കാണരുതെന്നും ശ്യാംദിവാന്‍ വാദിച്ചു. കേരളത്തിലെ ഐ.എസ് റിക്രൂട്ട്‌മെന്റ് സംബന്ധിച്ച റിപ്പോര്‍ട്ടുകളും കനകമലയില്‍ ഐ.എസ് ബന്ധം ആരോപിച്ച് പിടിയിലായ മന്‍സീദുമായി ഷെഫിന്‍ സംസാരിച്ചിരുന്നുവെന്ന കാര്യവും ശ്യാംദിവാന്‍ ആവര്‍ത്തിച്ചു. ഷെഫിനു വേണ്ടി ഹാജരായ കപില്‍ സിബല്‍, കേരളത്തെ മൊത്തം ഐ.എസിലേക്കു മാറ്റുകയാണോയെന്നു ചോദിച്ചു. ഇതുസംബന്ധിച്ച് പൊലിസ് അന്വേഷണം നടത്തുന്നുണ്ട്. എന്‍.ഐ.എ മാത്രമാണോ ഇന്ത്യയിലെ വിശ്വസ്ത അന്വേഷണ ഏജന്‍സിയെന്നും അദ്ദേഹം ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."