കരിപ്പൂരില്‍ 36 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 1.25 കിലോഗ്രാം സ്വര്‍ണം കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി.
എയര്‍ അറേബ്യയുടെ ഷാര്‍ജ-കരിപ്പൂര്‍ വിമാനത്തിലെത്തിയ കോഴിക്കോട് ചേവായൂര്‍ സ്വദേശി സുബൈര്‍(41)ശരീരത്തില്‍ കെട്ടിവച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് കണ്ടെടുത്തത്. രണ്ട് ചതുര കട്ടകളാക്കി അരയില്‍ ഒളിപ്പിച്ചുവച്ചിരിക്കുകയായിരുന്നു സ്വര്‍ണമടങ്ങിയ മിശ്രിതം.
2.31 കിലോഗ്രാം തൂക്കമുണ്ടായിരുന്ന മിശ്രിതത്തില്‍ നിന്നാണ് കസ്റ്റംസ് 1.25 കിലോഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തത്. സാധാരണ പരിശോധനയില്‍ ഒരിക്കലും തിരിച്ചറിയാനാവാത്ത തരത്തിലായിരുന്നു സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. ദുബൈയില്‍ വച്ച് പരിചയപ്പെട്ട കൊടുവള്ളി സ്വദേശിയാണ് ഇയാള്‍ക്ക് സ്വര്‍ണം നല്‍കിയത്. ദുബൈയിലുള്ള സ്വര്‍ണക്കടത്ത് സംഘത്തിലെ അംഗമായ ഇയാള്‍ സംശയം തോന്നാതിരിക്കാന്‍ ഷാര്‍ജയില്‍ നിന്നാണ് വിമാനം കയറിയത്.
പിടികൂടിയ സ്വര്‍ണത്തിന് ഇന്ത്യന്‍ വിപണിയില്‍ 36 ലക്ഷം രൂപയോളം വിലവരും. ഒരാഴ്ചക്കിടെ 5 കോടി വിലവരുന്ന സ്വര്‍ണമാണ് ഡി.ആര്.ഐ യും കസ്റ്റംസും ചേര്‍ന്ന് കരിപ്പൂരില്‍ പിടിച്ചെടുത്തത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍മാരായ എം.സി.രാജേന്ദ്രബാബു, ജോയ് തോമസ്, സൂപ്രണ്ടുമാരായ ബിമല്‍ദാസ്, പാട്രിക് ജോസഫ്, ബി.പി.ദാസ് മാലിക്ക്, ഇന്‍സ്പെക്ടര്‍മാരായ സത്യവേന്ദ്രസിങ്, സന്ദീപ് കുമാര്‍, രാംലാല്‍ എന്നിവരടങ്ങിയ സംഘമാണ് കള്ളക്കടത്ത് പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."