കൊടുംവഞ്ചനയുടെ പ്രഖ്യാപനത്തിന് നാളേക്ക് നൂറാണ്ട്
ഫലസ്ഥീന്‍ ജനതയുടെ ഭൂമി അപഹരിച്ചെടുത്തുള്ള ഇസ്‌റാഈല്‍ രാഷ്ട്രനിര്‍മിതിയിലേക്കു നയിച്ച കുപ്രസിദ്ധ ബാള്‍ഫര്‍ പ്രഖ്യാപനത്തിനു നാളെ നൂറു വര്‍ഷം പിന്നിടുന്നു. 1917 നവംബര്‍ രണ്ടിന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയായിരുന്ന ആര്‍തര്‍ ബാള്‍ഫര്‍ ബ്രിട്ടനിലെ സയണിസ്റ്റ് നേതാവ് ലയണല്‍ വാള്‍ട്ടര്‍ റോത്ത്‌സ്ഷില്‍ഡിനെഴുതിയ കത്തിലാണ് ജൂതസമൂഹത്തിനു സ്വന്തമായൊരു രാഷ്ട്രം നിര്‍മിച്ചുനല്‍കുമെന്ന പ്രഖ്യാപനം നടത്തിയത്.
[caption id="attachment_444670" align="alignleft" width="99"] ആര്‍തര്‍ ബാള്‍ഫര്‍,[/caption]
ഫലസ്ഥീന്റെ മണ്ണില്‍ ഒരു ജൂതരാഷ്ട്രം എന്ന ദീര്‍ഘകാലമായി സയണിസ്റ്റ് പ്രസ്ഥാനങ്ങള്‍ മനസില്‍ താലോലിച്ചുകൊണ്ടു നടന്ന സ്വപ്നം യാഥാര്‍ഥ്യമാക്കിയതിനു പിന്നിലെ പ്രധാന ഘടകം ആ പ്രഖ്യാപനമായിരുന്നു. 'നക്ബ' എന്ന പേരില്‍ അറിയപ്പെട്ട 1948ലെ കൂട്ടക്കുരുതിയിലൂടെ ആ പ്രഖ്യാപനം ഇസ്‌റാഈല്‍ എന്ന രാഷ്ട്രരൂപം പ്രാപിക്കുന്നതിനാണു പില്‍ക്കാല ചരിത്രം സാക്ഷിയായത്. അങ്ങനെ ആധുനിക അറബ് ലോകചരിത്രത്തിലെ ഇനിയും തീരാത്ത കലാപകാലുഷ്യങ്ങള്‍ക്കു വഴിവെട്ടിയ ഇരുണ്ട അധ്യായമായിമാറി ബാള്‍ഫര്‍ പ്രഖ്യാപനം.
1914-18 കാലയവവില്‍ നടന്ന ഒന്നാം ലോക യുദ്ധത്തില്‍ ഓട്ടോമന്‍ സാമ്രാജ്യവും ജര്‍മനി, ഓസ്ട്രിയ, ഹംഗറി, ബള്‍ഗേറിയ അടക്കമുള്ള സഖ്യരാഷ്ട്രങ്ങളും പരാജയപ്പെട്ടതോടെ പശ്ചിമേഷ്യയെ ബ്രിട്ടന്‍, ഫ്രാന്‍സ്, ഇറ്റലി, ജപ്പാന്‍ അടങ്ങുന്ന സഖ്യകക്ഷികള്‍ പങ്കിട്ടെടുക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി ഫലസ്ഥീന്‍ പ്രദേശങ്ങള്‍ ബ്രിട്ടനു കീഴിലുമായി. അങ്ങനെയാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍ കഴിഞ്ഞിരുന്ന ജൂതജനതയെ ഫലസ്ഥീനില്‍ കുടിയിരുത്താനുള്ള നീക്കങ്ങള്‍ ബ്രിട്ടന്‍ ആരംഭിച്ചത്. 1922ല്‍ വെറും പത്തു ശതമാനം മാത്രമായിരുന്ന ഫലസ്ഥീനിലെ ജൂതജനസംഖ്യ 1935 ആയപ്പോഴേക്കും 27 %ആയി കുതിച്ചുയര്‍ന്നു. സത്യത്തില്‍, ജൂതസമൂഹത്തിനു സ്വന്തമായ ഭൂമി എന്ന ആയുധം ഉപയോഗിച്ച് അറബ് ജനതയുടെ ചെലവില്‍ ഫലസ്ഥീനില്‍ ബ്രിട്ടന്‍ തങ്ങളുടെ അധികാരം ഉറപ്പിക്കുകയായിരുന്നു ബാള്‍ഫര്‍ പ്രഖ്യാപനത്തിലൂടെയും അനന്തര നടപടികളിലൂടെയും ചെയ്തത്.
1922ല്‍ സയണിസ്റ്റ് നേതാവ് ചൈം വൈസ്മാനുമായുള്ള കൂടിക്കാഴ്ചയില്‍ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡെവിഡ് ലോയ്ഡ് ജോര്‍ജും വിദേശകാര്യ മന്ത്രി ആര്‍തര്‍ ബാള്‍ഫറും പറഞ്ഞത് ബാള്‍ഫര്‍ പ്രഖ്യാപനം കൊണ്ടു ലക്ഷ്യമിടുന്നത് സംഭവബഹുലമായൊരു ജൂതരാഷ്ട്രമാണെന്നായിരുന്നു.
എന്നാല്‍, ഫലസ്ഥീനിലെ 90 ശതമാനം വരുന്ന തദ്ദേശീയരായ അറബ് ജനത ആ പ്രഖ്യാപനം തൊട്ടിന്നുവരെയായി കൊടിയ പീഡനങ്ങള്‍ക്കും കൂട്ടക്കുരുതിക്കും കൊടിയ വഞ്ചനയ്ക്കുമാണ് ഇരയായത്. എന്തുകൊണ്ട് ബാള്‍ഫര്‍ പ്രഖ്യാപനമുണ്ടായി എന്ന ചോദ്യം അന്താരാഷ്ട്ര രാഷ്ട്രമീമാംസാ രംഗത്ത് ഏറെ കാലമായി സംവാദവിഷയമാണ്. ബ്രിട്ടീഷ് ഭരണകൂടത്തിലും ഉന്നതങ്ങളിലുമുണ്ടായിരുന്ന ശക്തമായ സയണിസ്റ്റ് സ്വാധീനം, ദീര്‍ഘകാലമായി യൂറോപ് നേരിടുന്ന ജൂതപ്രശ്‌നത്തിനു പരിഹാരം കാണാമെന്ന ചിന്ത, തന്ത്രപ്രധാന വാണിജ്യകേന്ദ്രങ്ങളായ സൂയസ് കനാലും ഈജിപ്തും സ്വന്തം വരുതിയില്‍ നിര്‍ത്താനുള്ള ബ്രിട്ടന്റെ തന്ത്രം തുടങ്ങിയവയെല്ലാം ഇതിനു കാരണമായി അക്കാദമിക പണ്ഡിതരും ചരിത്രകാരന്മാരും നിരീക്ഷിക്കുന്നുണ്ട്.
നൂറാം വാര്‍ഷികം സമുചിതമായി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ബ്രിട്ടനിലും ലോകവ്യാപകമായും സയണിസ്റ്റ്-ജൂതസമൂഹം. ബ്രിട്ടീഷ് അധികൃതരടക്കം പങ്കെടുക്കുന്ന ആഘോഷപരിപാടികളില്‍ പങ്കെടുക്കാന്‍ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്‍യാമീന്‍ നെതന്യാഹു ബ്രിട്ടനിലെത്തുന്നുണ്ട്. തന്റെ മുന്‍ഗാമിയുടെ പ്രഖ്യാപനത്തില്‍ ഇപ്പോഴും അഭിമാനിക്കുന്നുവെന്നു കഴിഞ്ഞ ദിവസം ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ബോറിസ് ജോണ്‍സന്‍ പ്രഖ്യാപിക്കുകയും ചെയ്തു.
എന്നാല്‍, കൊടിയ വഞ്ചനയുടെ നൂറാം വര്‍ഷത്തെ അന്താരാഷ്ട്ര പ്രതിഷേധദിനമായി ആചരിക്കുകയാണ് ഫലസ്ഥീന്‍ പ്രസ്ഥാനങ്ങള്‍. ആഘോഷപരിപാടികള്‍ ബഹിഷ്‌കരിക്കുമെന്ന ബ്രിട്ടീഷ് പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിന്റെ പ്രഖ്യാപനം ഏറെ പ്രശംസയും വിമര്‍ശനവും ഒരുപോലെ പിടിച്ചുപറ്റിയിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."