കളങ്കിതര്‍: സതീശന്റെ പ്രസ്താവനയില്‍ എ ഗ്രൂപ്പിന് അമര്‍ഷം
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫ് പടയൊരുക്കത്തില്‍നിന്ന് കളങ്കിതരെ മാറ്റിനിര്‍ത്തുമെന്ന കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി സതീശന്റെ പ്രസ്താവനയില്‍ എ ഗ്രൂപ്പിന് കടുത്തഅമര്‍ഷം. ഉമ്മന്‍ ചാണ്ടിയെ ലക്ഷ്യംവച്ചാണ് സതീശന്റെ പ്രസ്താവനയെന്നാണ് ഗ്രൂപ്പിന്റെ വിലയിരുത്തല്‍. ഇതിലുള്ള പ്രതിഷേധം അവര്‍ കെ.പി.സി.സി പ്രസിഡന്റിനെയും മറ്റു മുതിര്‍ന്ന നേതാക്കളെയും അറിയിച്ചിട്ടുണ്ട്.
കെ.പി.സി.സി പ്രസിഡന്റിനെ പോലും മറികടന്നാണ് സതീശന്‍ കാര്യങ്ങള്‍ പ്രഖ്യാപിക്കുന്നതെന്ന് എ ഗ്രൂപ്പ് ആരോപിക്കുന്നു. യാത്രയില്‍ ഇത്തരക്കാരുടെ സാന്നിധ്യമുണ്ടാക്കാന്‍ ആസൂത്രിത ശ്രമമുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും ഭാരവാഹികളല്ലാത്തവരെ സ്വീകരണവേദിയില്‍ ഇരുത്തില്ലെന്നുമൊക്കെ സതീശന്‍ പറഞ്ഞിരുന്നു.
ഇതെല്ലാം ഉമ്മന്‍ ചാണ്ടിയെയും മറ്റു ചില എ ഗ്രൂപ്പ് നേതാക്കളെയും ലക്ഷ്യംവച്ചാണെന്നാണ് ഗ്രൂപ്പ് നേതാക്കള്‍ കരുതുന്നത്. സോളാര്‍ കേസ് അന്വേഷിച്ച ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ആരോപണവിധേയരായവരില്‍ പ്രമുഖനാണ് ഉമ്മന്‍ചാണ്ടി. മറ്റു നേതാക്കളിലധികവും എ ഗ്രൂപ്പ് കാരുമാണ്. യാത്രയില്‍ ഇവരുടെ സാന്നിധ്യം ഒഴിവാക്കുകയും ഇവരെ കളങ്കിതരായി ചിത്രീകരിക്കുകയുമാണ് സതീശന്റെ ലക്ഷ്യമെന്നും ഗ്രൂപ്പ് നേതാക്കള്‍ ആരോപിക്കുന്നു.
യാത്രയുടെ സ്വീകരണ സ്ഥലങ്ങളില്‍ കളങ്കിതരുടെയും ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെയും സാന്നിധ്യം ഒഴിവാക്കണമെന്ന് നിര്‍ദേശിച്ച് കഴിഞ്ഞ ദിവസം യു.ഡി.എഫ് സംസ്ഥാന നേതൃത്വം ജില്ലാ ഘടകങ്ങള്‍ക്കു സര്‍ക്കുലര്‍ അയച്ചിരുന്നു. ഇതൊരു രഹസ്യ നിര്‍ദേശമായിരുന്നു. അതു പരസ്യപ്പെടുത്തിയ സതീശന്‍ മുന്നണിക്കും കോണ്‍ഗ്രസിനും അപകീര്‍ത്തിയുണ്ടാക്കിയെന്ന ആരോപണവും എ ഗ്രൂപ്പ് ഉന്നയിക്കുന്നുണ്ട്. ഔദ്യോഗികമായി ഇതു പരസ്യപ്പെടുത്തുകയാണെങ്കില്‍ തന്നെ അതു ചെയ്യേണ്ടത് പ്രതിപക്ഷനേതാവോ യു.ഡി.എഫ് കണ്‍വീനറോ ആണെന്ന് അവര്‍ വാദിക്കുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടി അച്ചടക്കലംഘനം ആരോപിച്ച് കെ.പി.സി.സി പ്രസിഡന്റിനും ഹൈക്കമാന്‍ഡിനും പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് എ ഗ്രൂപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."