ഓണ്‍ലൈന്‍ ലേലം; സര്‍ക്കാരിന് നഷ്ടം ലക്ഷങ്ങള്‍
കാട്ടിക്കുളം: തിരുനെല്ലി പഞ്ചായത്ത് ടിമ്പര്‍ ലോഡിങ് യൂനിയന്‍ കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വനം വകുപ്പിന്റെ ബാവലി മരം ഡിപ്പോയില്‍ ധര്‍ണ നടത്തി.
ഓണ്‍ലൈന്‍ ലേലം വന്നതോടെ ലക്ഷങ്ങളുടെ മരങ്ങള്‍ ഡിപ്പോകളില്‍ കിടന്ന് നശിക്കുന്നതിനെതിരേയും തൊഴിലാളികളുടെ തൊഴില്‍ നഷ്ടം പരിഹരിക്കണമെന്നാവശ്യപ്പെട്ടുമായിരുന്നു സമരം. 2014 വരെ സര്‍ക്കാര്‍ മരം ഡിപ്പോകളില്‍ പരസ്യ ലേലമാണ് നടത്തിയിരുന്നത്.
ഇതില്‍ വന്‍കിടക്കാരും ചെറുകിടക്കാരും പങ്കെടുത്തിരുന്നു. കൂടാതെ മേല്‍ത്തരം മരങ്ങളും അല്ലാത്തവയും ലേലത്തില്‍ പങ്കെടുത്തവര്‍ വാങ്ങിയിരുന്നു. എന്നാല്‍ ലേലം ഓണ്‍ലൈനായതോടെ മേല്‍ത്തരം മരങ്ങള്‍ മാത്രമാണ് വിറ്റുപോകുന്നത്. കോടികളുടെ ഇടത്തര, ചെറുകിട മരങ്ങള്‍ ഡിപ്പോകളില്‍ കിടന്നു നശിക്കുകയാണ്. ഇതു കാരണം സര്‍ക്കാരിന് കോടികളുടെ നഷ്ടവും മരംകയറ്റ് തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടവുമുണ്ടാകുകയാണ്. 2014 ല്‍ ബാവലി ഡിപ്പോയില്‍ കേവലം 25 മീറ്റര്‍ മരം മാത്രമാണ് ലേലം കഴിഞ്ഞ് ബാക്കിയായത്. ഓണ്‍ലൈന്‍ വന്നതിനുശേഷം മൂന്ന് വര്‍ഷം കൊണ്ട് 1225 മീറ്റര്‍ മരങ്ങള്‍ ബാക്കിയായി ഡിപ്പോയില്‍ കിടന്ന് നശിക്കുകയാണ്. കേരളത്തിലെ മുഴുവന്‍ മരം ഡിപ്പോകളിലേയും സ്ഥിതി ഇതാണ്. ഓണ്‍ലൈന്‍ ലേലം കഴിഞ്ഞ് ബാക്കിവരുന്ന മരങ്ങള്‍ അപ്പോള്‍ തന്നെ പഴയതുപോലെ പരസ്യലേലം ചെയ്ത് സര്‍ക്കാരിന്റെ നഷ്ടം ഒഴിവാക്കുകയും, തൊഴിലാളികള്‍ക്ക് തൊഴിലവസരം ഉണ്ടാക്കണമെന്നുമാവശ്യപ്പെട്ടാണ് തൊഴിലാളികളുടെ സമരം.
ഈ കാര്യങ്ങള്‍ സംബന്ധിച്ച് വനംവകുപ്പ് മന്ത്രിക്ക് നേരിട്ട് നിവേദനം നല്‍കിയിട്ടും പരിഹാരം കാണാത്ത സാഹചര്യത്തിലാണ് പ്രത്യക്ഷ സമരപരിപാടി ആരംഭിച്ചത്. ധര്‍ണ വാര്‍ഡ് മെമ്പര്‍ കണ്‍വിനര്‍ ടി.സി ജോസഫ് അധ്യക്ഷനായി. ടി.എ റെജി, ഇ.ജെ ബാബു, സി.കെ ശങ്കരന്‍, ഇ.എ ഇബ്രാഹീം, അനില്‍ മാസ്റ്റര്‍, വി.എ ഗോപി എന്നിവര്‍ സംസാരിച്ചു. പി.കെ ബിജു സ്വാഗതവും ജോണ്‍ മുത്തുമാരി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."