കെ.എസ്.ഇ.ബി നറുവെട്ടം പദ്ധതിക്ക് തുടക്കമായി
ബാലുശ്ശേരി: മികച്ച ഉപഭോക്തൃ സൗഹൃദ സ്ഥാപനമായി കെ.എസ്.ഇ.ബിയെ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ജില്ലയിലുടനീളം നറുവെട്ടം പദ്ധതിക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി ബാലുശ്ശേരി പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന നറുവെട്ടം-2017 പദ്ധതി എം.എല്‍.എ പുരുഷന്‍ കടലുണ്ടി ഉദ്ഘാടനം ചെയ്തു. ഉപഭോക്താക്കള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍, ജനപ്രതിനിധികള്‍ എന്നിവരുടെ സഹകരണത്തോടെ പരാതികള്‍, പരിഹാര നിര്‍ദേശങ്ങള്‍ അഭിപ്രായങ്ങള്‍ സ്വീകരിക്കുക എന്നിവയാണ് ആദ്യഘട്ടപ്രവര്‍ത്തനം. ഗുണമേന്മയുള്ള വൈദ്യുതി ഇടതടവില്ലാതെ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടൊപ്പം ഉപഭോക്താക്കളും ജീവനക്കാരും തമ്മിലുള്ള മികച്ച സഹകരണവും സൗഹൃദവും പരിപാടിയിലൂടെ ലക്ഷ്യമാക്കും. വോള്‍ട്ടേജ് കുറവ് അനുഭവപ്പെടുന്ന പ്രദേശങ്ങള്‍, വോള്‍ട്ടേജ് ഏറ്റക്കുറച്ചിലുകള്‍ അനുഭപ്പെടുന്ന പ്രദേശങ്ങള്‍, വൈദ്യുത തടസം കൂടുതലായി അനുഭവപ്പെടുന്ന പ്രദേശങ്ങള്‍, സൂരക്ഷാഭീഷണിയുള്ള ലൈനുകളും പ്രദേശങ്ങളും കണ്ടെത്തി ബോര്‍ഡ് തലത്തില്‍ യോഗം ചേര്‍ന്ന് പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തും. ചടങ്ങില്‍ ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് അധ്യക്ഷയായി.
കാക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. ജമീല, കൂരാച്ചുണ്ട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.കെ അഹമ്മദ്, ഉണ്ണികുളം പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.സി ഭാസ്‌കരന്‍ സംസാരിച്ചു. അസി. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ നിഷഭാനു സ്വാഗതവും അസി. എന്‍ജിനിയര്‍ പി.വി മുരുകേഷ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."