സംഘര്‍ഷഭൂമിയായി ബേപ്പൂര്‍ തുറമുഖം
ഫറോക്ക്: ബേപ്പൂര്‍ തുറമുഖത്ത് കണ്ടെയ്‌നര്‍ കയറ്റിറക്ക് കൂലി സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധം പൊലിസും തൊഴിലാളികളും തമ്മിലുള്ള സംഘര്‍ഷത്തില്‍ കലാശിച്ചു. തൊഴിലാളികളുടെ പ്രതിഷേധം മറികടന്നു കപ്പലില്‍നിന്ന് കണ്ടെയ്‌നര്‍ ഇറക്കാനുള്ള ശ്രമം ബേപ്പൂര്‍ തുറമുഖത്തെ മണിക്കൂറുകളോളം യുദ്ധക്കളമാക്കി. തുറമുഖത്ത് പ്രതിഷേധവുമായി നിന്ന തൊഴിലാളികളെ മൂന്നുതവണ ലാത്തി വീശിയും ടിയര്‍ ഗ്യാസ് പ്രയോഗിച്ചുമാണ് പോര്‍ട്ട് വളപ്പില്‍നിന്ന് പുറത്താക്കിയത്. ലാത്തിയടിയില്‍ തിരിഞ്ഞോടുന്നിതിനിടെ നിലത്തുവീണ തൊഴിലാളികളെ പൊലിസ് വളഞ്ഞിട്ടു ക്രൂരമായി തല്ലിച്ചതച്ചു. പൊലിസിന്റെ ലാത്തിയടിയില്‍ നിരവധി തൊഴിലാളികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സംഘര്‍ഷത്തില്‍ എസ്.ഐ, എ.എസ്.ഐ എന്നിവരടക്കും നിരവധി പൊലിസുകാര്‍ക്കം പരുക്കേറ്റു.
തുറമുഖത്ത് കണ്ടെയ്‌നര്‍ കയറ്റിറക്കിനുള്ള കുറഞ്ഞ കൂലി നിരിക്കില്‍ തൊഴിലാളികള്‍ മാസങ്ങളായി പ്രതിഷേധത്തിലാണ്. ഇതിനിടെയാണ് നിലവിലെ കൂലിയേക്കാള്‍ കുറഞ്ഞ നിരക്കാണ് പുതുതായി സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. ചരക്ക് കണ്ടെയ്‌നറിന് 300 രൂപയും കാലിക്ക് 250 രുപയുമാണ് കഴിഞ്ഞ ദിവസം ഡി.എല്‍.ഒ ഇറക്കിയ ഉത്തരവിലുള്ളത്. എന്നാല്‍ നേരത്തെ കലക്ടറുമായുള്ള ചര്‍ച്ചയില്‍ കണ്ടെയ്‌നര്‍ കയറ്റിറക്കിനു 500 രൂപ നല്‍കാന്‍ തീരുമാനമായിരുന്നു. സര്‍ക്കാരിന്റെ ഭാഗത്തു പ്രതികൂലമായ തീരുമാനമുണ്ടായതാണ് തൊഴിലാളികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്താന്‍ ഇടയാക്കിയത്.
ഇന്നലെ രാവിലെയാണ് മുംബൈയില്‍ നിന്ന് ടൈല്‍സ് നിറച്ച കണ്ടെയ്‌നറുമായി കപ്പല്‍ ബേപ്പൂര്‍ തുറമുഖത്തെത്തിയത്. ടൈല്‍സ് ഇറക്കുന്നതിനെതിരേ പ്രതിഷേധവുമായെത്തിയ തൊഴിലാളികള്‍ തുറമുഖ ഉദ്യോഗസ്ഥനുനേരെ കൈയേറ്റശ്രമം നടത്തിയതാണ് ആദ്യം ലാത്തി വീശാന്‍ കാരണമെന്ന് പൊലിസ് പറഞ്ഞു. ഈ നടപടിയില്‍ പ്രകോപിതരായ തൊഴിലാളികള്‍ ഇരുമ്പ് ബാരലുകള്‍ കൊണ്ട് പോര്‍ട്ടിന്റെ പ്രവേശന കവാടം ബന്ധിക്കുകയും ബാരലുകള്‍ നിരത്തുകയും ചെയ്തു. തൊഴിലാളികളുടെ ഭാഗത്തുനിന്ന് കല്ലേറുണ്ടായതാണ് ലാത്തി ചാര്‍ജിനു ഇടയാക്കിയതെന്ന് പൊലിസ് പറഞ്ഞു.
എന്നാല്‍ സമാധാനപരമായി പ്രതിഷേധിക്കുന്നതിനിടെ പോര്‍ട്ടിലെ ഉദ്യോഗസ്ഥനാണ് പൊലിസിനുനേരെ കല്ലെറിഞ്ഞ് പ്രകോപനമുണ്ടാക്കിയതെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ആദ്യത്തെ ലാത്തിയടിയില്‍ ചിതറിയോടിയ തൊഴിലാളികള്‍ വീണ്ടും സംഘടിച്ചെത്തുന്നതിനിടെ പൊലിസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. ഇതിനിടെ തൊഴിലാളികളുടെ ഭാഗത്തുനിന്ന് കല്ലേറ് ആരംഭിച്ചതോടെ പൊലിസ് പിന്തിരിഞ്ഞു. തുടര്‍ന്ന് തൊഴിലാളികള്‍ വീണ്ടുമൊരുമിച്ചെത്തി തുറമുഖത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുന്നതിനിടെയാണ് പൊലിസ് രണ്ടാമത് ലാത്തി വീശിയത്. തൊഴിലാളികളെ തല്ലിയോടിച്ചാണ് തുറമുഖത്തുനിന്ന് പുറത്താക്കിയത്. തുടര്‍ന്നു തൊഴിലാളി പ്രതിഷേധം കാരണം ബേപ്പൂര്‍ അഴിമുഖത്ത് നിര്‍ത്തിയിട്ടിരുന്ന കണ്ടയ്‌നര്‍ കപ്പല്‍ തുറമുഖത്ത് അടുപ്പിച്ചു. കപ്പലിലെ തൊഴിലാളികളെ ഉപയോഗിച്ചു കണ്ടെയ്‌നറുകള്‍ തുറമുഖത്ത് ഇറക്കുകയും ചെയ്തു. നാലു കണ്ടെയ്‌നറുകളുമായി എം.വി കരുതല്‍ എന്ന കപ്പലാണ് ഇന്നലെ തുറമുഖത്തെത്തിയത്.
പൊലിസ് ലാത്തിയടിയില്‍ പരുക്കേറ്റ തൊഴിലാളികള്‍ വിവിധ ആശുപത്രികളിലായി ചികിത്സ തേടി. നിരവധി തൊഴിലാളികളുടെ കൈക്കും കാലിനും ക്ഷതമേല്‍ക്കുകയും ചിലരുടെ തലക്കും മുഖത്തും പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സംഘര്‍ഷത്തില്‍ നല്ലളം എസ്.ഐ കൈലാസ് നാഥ്, ഫറോക്ക് അഡിഷണല്‍ എസ്.ഐ സജീര്‍, അന്‍വര്‍ സാദത്ത്, ഷനോജ് പ്രകാശ്, ശ്രീജിത്ത്, വിനീഷ്, ഷൈജു, ഷാജിമോന്‍ എന്നി പൊലിസുകാര്‍ക്കാണ് പരുക്കേറ്റത്. തൊളിലാളികളായ ബി. ബാവ, കെ.പി ജാസിം, കെ. ഹാരിഫ്, പി. റാസിഖ്, കെ.വി ബിജീഷ് എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."