തലശ്ശേരി ജില്ലാ കോടതിയുടെ മതില്‍ പൊളിക്കാന്‍ അനുമതി
തലശ്ശേരി: കണ്ണൂര്‍, തലശ്ശേരി ദേശീയപാതയില്‍ ജില്ലാ കോടതിക്കടുത്ത അപകടവളവ് നിവര്‍ത്താന്‍ ഹൈക്കോടതിയുടെ അനുമതി. കോടതിയുടെ വടക്കുഭാഗത്തെ ചുറ്റുമതിലിന്റെ ഒരു ഭാഗം പൊളിച്ച് നീക്കിയാണ് റോഡ് വീതി കൂട്ടുന്നത്.
വര്‍ഷങ്ങളായുള്ള നാടിന്റെ മുറവിളിക്കൊടുവില്‍ ഹൈക്കോടതി സമ്മതം നല്‍കിയതോടെ റോഡ് വീതി കൂട്ടാനുള്ള പ്രവൃത്തി എത്രയും പെട്ടെന്ന് ആരംഭിക്കും. ഇതിനായുള്ള സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ക്കായി തുടക്കമിട്ടു കഴിഞ്ഞു. ഒട്ടും വീതിയില്ലാത്ത സ്ഥലമായതിനാല്‍ നിരവധി റോഡപകടങ്ങളാണ് ഇവിടെ സംഭവിച്ചിട്ടുള്ളത്. മൂന്ന് വര്‍ഷം മുന്‍പ് ഇവിടത്തെ കോടതി കോം പൌണ്ടില്‍ മീഡിയേഷന്‍ സെന്ററിനായി ഇരുനില കെട്ടിടം പണിയുന്നതിന് മുന്‍പെ തന്നെ റോഡ് വീതി കൂട്ടാന്‍ സ്ഥലം വിട്ടുനല്‍കണമെന്ന് അപേക്ഷിച്ച് അഭിഭാഷകനായ ദിവാകരന്‍ കണ്ടോത്തിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം വക്കീലന്മാരും തലശ്ശേരിയിലെ പൊതുപ്രവര്‍ത്തകരും നിയമപോരാട്ടം തുടങ്ങിയിരുന്നു. എന്നാല്‍ നീതിപീഠങ്ങള്‍ കനിഞ്ഞില്ല. ഇതിനിടയില്‍ ദേശീയപാതയിലെ അപകട വളവുകള്‍ സന്ദര്‍ശിച്ച റോഡ് സേഫ്റ്റി കമ്മിഷണര്‍ തലശ്ശേരി ജില്ലാ കോടതി വളവ് അടിയന്തിരമായി വീതി കൂട്ടണമെന്ന് നിര്‍ദ്ദേശിച്ചു. പ്രശ്‌നത്തിലിടപെട്ട ദേശീയപാതാ വിഭാഗവും പൊതു പ്രവര്‍ത്തകരും കോടതി വളവിന്റെ അപകടാവസ്ഥ വീണ്ടും ഹൈക്കോടതിയുടെയും തലശ്ശേരി ജില്ലാ കോടതിയുടെയും ശ്രദ്ധയിലെത്തിച്ചു. വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് ഇപ്പഴത്തെ ജില്ലാ ജഡ്ജ് ആര്‍. രഘു അനുകൂല നിലപാട് സ്വീകരിച്ചതോടെയാണ് വഴിമുടക്കി നിന്ന തടസങ്ങള്‍ ഓരോന്നായി നീങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."