മുഗളന്‍മാര്‍
പ്രഗത്ഭരായ മുഗള്‍ ചക്രവര്‍ത്തിമാരുടെ പരമ്പരയില്‍ അവസാനത്തെ ചക്രവര്‍ത്തിയായിരുന്നു ഔറംഗസീബ്(1618-1707). ഷാജഹാന്റെ പിന്‍ഗാമിയായ ഔറംഗസീബ് പിതാവായ ഷാജഹാനെ ആഗ്രാ കോട്ടയില്‍ തടവിലിട്ട് തന്റെ സഹോദരന്മാരെ മൂന്നുപേരെയും കൊലപ്പെടുത്തിയശേഷമാണ് 1658-ല്‍ രാജാവായി സ്വയം പ്രഖ്യാപിച്ച് രാജ്യഭരണം ഏറ്റെടുത്തത്. പണ്ഡിതനും കലാസ്വാദകനും പ്രജാതല്പരനുമായിരുന്ന മൂത്തമകന്‍ ദാരാഷിക്കോ അടുത്ത ചക്രവര്‍ത്തിയാകണമെന്നതായിരുന്നു ഷാജഹാന്റെ ആഗ്രഹമെങ്കിലും തന്ത്രശാലിയായ ഔറംഗസീബ് ഇതെല്ലാം തകിടം മറിച്ചാണ് ഭരണം ഏറ്റെടുത്തത്.
ഡല്‍ഹിയില്‍ താമസിച്ച് ഭരണം നടത്തിയ അദ്ദേഹം മറ്റു മുഗള്‍ രാജാക്കന്മാരില്‍ നിന്ന് തികച്ചും വ്യത്യസ്തനായിരുന്നു. ആഡംബരങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി ലളിതമായ ജീവിതമാണ് നയിച്ചിരുന്നത്. മത ഭക്തനായ അദ്ദേഹം പൊതു ഖജനാവിലെ പണം സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നില്ല. വിശ്രമ വേളകളില്‍ തൊപ്പിതുന്നി വിറ്റുകിട്ടിയ പണമാണ് വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതെന്ന് പറയപ്പെടുന്നു. യുദ്ധതന്ത്രജ്ഞനും നയതന്ത്ര വിദഗ്ധനുമായ അദ്ദേഹം ഒട്ടേറെ ആക്രമണങ്ങള്‍ നടത്തി തന്റെ സാമ്രാജ്യം വികസിപ്പിച്ചു.
ഔറംഗസീബിന്റെ സൈനിക നീക്കങ്ങളെല്ലാം ചെലവേറിയതായിരുന്നു.1660-ല്‍ മറാത്തികളും1669-ല്‍ ജാട്ടുകളും 1672-ല്‍ സത്‌നാമുകളും,1675-ല്‍ സിക്കുകാരും1679-ല്‍ രജപുത്രരും മുഗള്‍ഭരണത്തിനെതിരേ വിപ്ലവം ആരംഭിച്ചു. 1686 ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും ഔറംഗസീബിന് എതിരായി. സിക്കുകാരുടെ ഒന്‍പതാമത്തെ ഗുരുവായ ഗുരുതേജ ബഹാദൂറിനെ വധിച്ചതും മറാത്ത നേതാവായിരുന്ന ശിവജിയോട് ഏറ്റുമുട്ടിയതും ഔറംഗസീബിന് കനത്ത തിരിച്ചടിയായി.
കര്‍ഷകര്‍ക്കു മേല്‍ കഠിനമായി നികുതി ചുമത്തി. യാഥാസ്ഥിതികവും സങ്കുചിതവുമായ വീക്ഷണങ്ങള്‍ വച്ചു പുലര്‍ത്തി. ഇങ്ങനെയെല്ലാം അദ്ദേഹം ജനങ്ങളുടെ വെറുപ്പ് സമ്പാദിച്ചു. ഹിന്ദുക്കള്‍ക്ക് പ്രത്യേകം നികുതി(ജിസിയ)ഏര്‍പ്പെടുത്തി. രാജകൊട്ടാരത്തില്‍ സംഗീതം നിരോധിച്ചു. അദ്ദേഹം പ്രസിദ്ധമായ ഡക്കാണ്‍ നയം നടപ്പാക്കി തന്റെ സാമ്രാജ്യത്തില്‍ സതി നിരോധിച്ചു. ഇദ്ദേഹത്തിന്റെ ഭരണ സമ്പ്രദായം ജനങ്ങളുടെ വിദ്വേഷത്തിന് കാരണമായി. കര്‍ഷക കലാപങ്ങള്‍ നാട്ടിലുടനീളം തലപൊക്കി. പ്രാദേശിക ഭരണാധികാരികള്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ചെയ്തു.
മുഗള്‍ സാമ്രാജ്യത്തിന്റെ പതനം
ഔറംഗസീബിന്റെ നയ വൈകല്യങ്ങളും മക്കള്‍ തമ്മിലുണ്ടായ അവകാശ സമരവും മുഗള്‍ സാമ്രാജ്യത്തിന്റെ പതനം എളുപ്പമാക്കി. പിന്‍ഗാമികളായ മുഅസ്സം, ജഹാന്ദര്‍ഷാ, ഫറുക്‌സിയര്‍, മുഹമ്മദ് ഷാ, അഹമ്മദ് ഷാ എന്നിവര്‍ അപ്രാപ്തരായിരുന്നു. ഈ സമയത്ത് ഡെക്കാണും ബംഗാളും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. മറാഠികള്‍ ശക്തി പ്രാപിച്ചു. ജാട്ടുകള്‍ സ്വതന്ത്രരാജ്യമുണ്ടാക്കി. സിക്കുകാര്‍ പഞ്ചാബില്‍ ശക്തിപ്രാപിച്ചു. പേര്‍ഷ്യന്‍ രാജാവ് നാദിര്‍ഷായുടെ ആക്രമണം മുഗളര്‍ക്ക് പ്രഹരമേല്‍പ്പിച്ചു. താമസിയാതെ ശിവജിയെപ്പോലുള്ള നേതാക്കളുടെ നേതൃത്വത്തില്‍ മറാഠികള്‍ ശക്തമായ പ്രത്യാക്രമണം നടത്തി. അവസാന നാളുകളായപ്പോഴേക്കും മുഗള്‍ സാമ്രാജ്യം ഡല്‍ഹിയിലും ചുറ്റിലുമുള്ള പ്രദേശങ്ങളായി ചുരുങ്ങി.
മുഗള്‍ സാമ്രാജ്യത്തിന്റെ വിദേശ സ്വഭാവം, സൈനിക സംവിധാനത്തിലെ അപാകതകള്‍, മന്‍സബ്ദാരി സമ്പ്രദായം, സൈന്യത്തിലെ അച്ചടക്കമില്ലായ്മ, രാജ്യത്തിന്റെ വൈപുല്യം പ്രഭുവര്‍ഗത്തിന്റെ അധഃപതനം, പ്രവിശ്യകളിലെ ശിഥിലീകരണ പ്രവണത, പിന്തുടര്‍ച്ചാ സംവിധാനത്തിന്റെ പോരായ്മ, ഷാജഹാന്റെ കാലം മുതലുള്ള സാമ്പത്തിക തകര്‍ച്ച, ഔറംഗസീബിന്റെ മത-രാഷ്ട്രീയ നയങ്ങള്‍, ഉദ്യോഗസ്ഥ വൃന്ദത്തിന്റെ കാര്യക്ഷമതയില്ലായ്മ എന്നിവയെല്ലാം മുഗള്‍ സാമ്രാജ്യത്തിന്റെ പതനത്തിന് കാരണമായി.
1764-ല്‍ ബക്‌സാര്‍ യുദ്ധത്തില്‍ ബ്രിട്ടീഷുകാര്‍ മുഗള്‍ ചക്രവര്‍ത്തിയായ ഷാ ആലമിനെ പരാജിതനാക്കി രാജ്യം പിടിച്ചെടുത്തു. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തോടെ മുഗള്‍ഭരണത്തിന്റെ അന്ത്യം കുറിക്കപ്പെട്ടു. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത അവസാനത്തെ മുഗള്‍ ചക്രവര്‍ത്തിയായ ബഹദൂര്‍ ഷായെ ബ്രിട്ടീഷുകാര്‍ കീഴ്‌പ്പെടുത്തി റംഗൂണിലേയ്ക്ക് നാടുകടത്തി. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ മുഴുവന്‍ കൂട്ടക്കൊലചെയ്തു. അതോടെ 1526-ല്‍ സ്ഥാപിതമായ മുഗള്‍സാമ്രാജ്യത്തിന്റെ പതനം പൂര്‍ത്തിയായി.
സാലിമ കെ. സിബാബര്‍
മുഗള്‍ സാമ്രാജ്യത്വത്തിന്റെ സ്ഥാപകനായ സഹീറുദ്ദീന്‍ മുഹമ്മദ് ബാബര്‍ 1483 ഫെബ്രുവരി 14ന് ഉസ്‌ബെക്കിസ്താനിലെ ഫര്‍ഗാനയില്‍ തിമൂറി ഭരണാധിപനായിരുന്ന ഉമര്‍ ഷേഖ് മിര്‍സയുടെ മൂത്തപുത്രനായി ജനിച്ചു. മധ്യേഷ്യയിലെ ഫര്‍ഗാനയില്‍ തിമൂറി കുടംബാംഗമായിരുന്ന ബാബര്‍, ഉസ്‌ബെക്കുകളുമായുള്ള പോരാട്ടത്തില്‍ പരാജയപ്പെടുകയും തുടര്‍ന്ന് അവിടംവിട്ട് ഇന്ത്യയിലേക്കെത്തി മുഗള്‍ സാമ്രാജ്യത്തിന് അടിത്തറ പാകുകയും ചെയ്തു. 1494ല്‍ പന്ത്രണ്ടാം വയസുമുതല്‍ തിമൂറിന്റെ തലസ്ഥാനമായിരുന്ന സമര്‍ഖന്ദ് തിരിച്ചുപിടിക്കാനായി ബാബര്‍ ഉസ്‌ബെക്കുകളോട് യുദ്ധത്തിലേര്‍പ്പെട്ടുകൊണ്ടായിരുന്നു പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
തുടര്‍ച്ചയായ യുദ്ധങ്ങള്‍ക്കൊടുവില്‍ 1530 ഡിസംബര്‍ 26ന് ആഗ്രയില്‍ 48-ാം വയസില്‍ നിര്യാതനായി. ആദ്യം ആഗ്രയില്‍ ഖബറടക്കിയ അദ്ദേഹത്തിന്റെ ഭൗതികശരീരാവശിഷ്ടം, പത്തുവര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹത്തിന്റെ ഇഷ്ടദേശമായ കാബൂളിലേക്ക് കൊണ്ടുപോയി.
അക്ബര്‍
മുഗള്‍ സാമ്രാജ്യത്വത്തിന്റെ മൂന്നാമത്തെ ചക്രവര്‍ത്തിയാണ് ജലാലുദ്ദീന്‍ മുഹമ്മദ് അക്ബര്‍. 1556 മുതല്‍ 1605 വരെയാണ് ഭരണകാലം. മുഗള്‍ ഭരണത്തില്‍ ശക്തമായ ഒരു ഭരണരീതി കൊണ്ടുവന്നത് അക്ബറായിരുന്നു. സന്താനലബ്ദി ഇ ല്ലാതിരുന്ന ാതിരുന്ന അക്ബര്‍ ഒടുവില്‍ സലിം ഷെയ്ക്ക് എന്നയാളുടെ ചികിത്സയ്ക്ക് വിധേയമായി. 1569ല്‍ ജഹാംഗീര്‍ (സലിം) പിറന്നതോടെ ഷെയ്ക്കിന്റെ സ്മരണാര്‍ഥം സ്ഥാപിച്ചതായിരുന്നു ഫത്തേപ്പൂര്‍ സിക്രി. ശക്തമായ ഭരണതീരുമാനവും അദ്ദേഹം കൈക്കൊണ്ടു. അമുസ്‌ലിംകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ജിസിയ സമ്പ്രദായം എടുത്തുകളഞ്ഞു. സേനാസംവിധാനത്തെ വിപുലപ്പെടുത്തി. ഇന്ത്യയിലെത്തന്നെ നീതിന്യായ നിര്‍വഹണത്തിന്റെ മാതൃകകള്‍ അക്ബറിന്റെ ഭരണ പരിഷ്‌കരണത്തില്‍ നിന്നാണ്.
പുത്രന്മാരുടെ ധിക്കാരവും മിത്രങ്ങളുടെ വേര്‍പാടും വൃദ്ധനായ ചക്രവര്‍ത്തിയെ വ്യാകുലനാക്കിയിരുന്നു. പിതാവിന്റെ അധികാരങ്ങളെ വെല്ലുവിളിച്ച് ജഹാംഗീര്‍ പരസ്യമായി രംഗത്തുവന്നു. വയറുകടി ബാധിച്ച് അവശനായ അക്ബര്‍ ചക്രവര്‍ത്തി 63ാമത്തെ വയസില്‍, 1605 ഓഗസ്റ്റ് 17ന് അന്തരിച്ചു. സിക്കന്തരയില്‍ അദ്ദേഹം പണികഴിപ്പിച്ച ശവകുടീരത്തില്‍ ഭൗതികാവശിഷ്ടം അടക്കം ചെയ്തു. എന്നാല്‍ അദ്ദേഹത്തോടുള്ള പ്രതികാരത്തിന്റെ ഭാഗമായി 1661ല്‍ ജാട്ടുവംശജര്‍ ഈ ശവകുടീരം കൊള്ളയടിക്കുകയും ഭൗതികാവശിഷ്ടം നശിപ്പിക്കുകയും ചെയ്തു.
ജഹാംഗീര്‍
നാലാമെത്ത ചക്രവര്‍ത്തിയായ നൂറുദ്ദീന്‍ സലിം ജഹാംഗീര്‍ 1605 മുതല്‍ മരണംവരെ അധികാരത്തില്‍ തുടര്‍ന്നു. ഒരുപക്ഷി നിരീക്ഷകനും ശാസ്ത്രഗവേഷകനുമായ ജഹാംഗീര്‍ അക്ബറിന്റെ ഭരണനയങ്ങള്‍ തന്നെയായിരുന്നു തുടര്‍ന്നത്.
ഷാജഹാന്‍
1628 മുതല്‍ 1658 വരെ മുഗള്‍ ഭരണത്തിന്റെ അഞ്ചാമത്തെ ചക്രവര്‍ത്തിയായി തുടര്‍ന്ന ഷിഹാബുദ്ദീന്‍ മുഹമ്മദ് ഷാജഹാന്റെ ഭരണകാലം മുഗള്‍ വാസ്തുവിദ്യയുടെ സുവര്‍ണകാലഘട്ടമായാണ് അറിയപ്പെടുന്നത്. താജ്മഹല്‍, മോത്തി മസ്ജിദ്, ചെങ്കോട്ട, ഡല്‍ഹി ജുമാ മസ്ജിദ് എന്നിവ സ്ഥാപിച്ചത് ഷാജഹാനാണ്. വാസ്തുകലയോട് പ്രത്യേക താല്‍പര്യമുണ്ടായിരുന്ന ഇദ്ദേഹമാണ് കശ്മിരില്‍ ഉദ്യാനങ്ങള്‍ക്ക് തുടക്കം കുറിച്ചതെന്ന് പറയപ്പെടുന്നു.
1592 ജനുവരി അഞ്ചിന് ജഹാംഗീറിന്റെയും മനമഥി രാജകുമാരിയുടെയും മൂന്നാമത്തെ പുത്രനായി ജനനം. 1612 ല്‍ തന്റെ ഇരുപതാമത്തെ വയസിലാണ് മുംതാസ് മഹലുമായി വിവാഹം നടക്കുന്നത്. അവസാനകാലത്ത് കുടുംബപരമായി പ്രശ്‌നങ്ങളില്‍പ്പെട്ട് ഔറംഗസേബ് ഭരണം പിടിച്ചെടുത്തു. ഷാജഹാനെ ആഗ്ര കോട്ടയില്‍ തടവിലാക്കി. 1666 ജനുവരി 22ന് മരിച്ചു. പത്‌നി മുംതാസ് മഹലിന്റെ കബറിടത്തിലാണ് ഷാജഹാനെയും ഖബറടക്കിയത്.
ഔറംഗസീബ്
ആറാമത്തെ മുഗള്‍ ചക്രവര്‍ത്തിയായ അബു മുസാഫര്‍ മുഹിയുദ്ദീന്‍ മുഹമ്മദ് ഔറംഗസേബ് ആലംഗീര്‍ ഷാജഹാന്റെയും മുംതാസിന്റെയും മൂന്നാമത്തെ മകനായി 1618 നവംബര്‍ മൂന്നിന് ഗുജറാത്തിലെ ദഹോഡില്‍ ജനിച്ചു.
ജനനസമയം പിതാവായ ഷാജഹാന്‍ ഗുജറാത്തിലെ ഗവര്‍ണര്‍ ആയിരുന്നു. 18 വയസായപ്പോള്‍, അദ്ദേഹത്തെ ഡക്കാന്‍ മേഖലയുടെ വൈസ്രോയി ആയി നിയമിച്ചു. 1645ല്‍ ഗുജറാത്തിലെ ഗവര്‍ണറായി നിയമിതനായി. 1657 സെപ്റ്റംബര്‍ മാസത്തില്‍ ഷാജഹാന്‍ രോഗബാധിതനായതിനെത്തുടര്‍ന്ന് മൂത്തസഹോദരനായ ദാരാഷിക്കോയേയും മറ്റ് രണ്ട് സഹോദരന്മാരെയും വധിച്ച് 1658 ജൂലൈ 21ന് മുഗള്‍ ഭരണാധികാരിയായി പ്രഖ്യാപിച്ചു.
1659 ജൂണ്‍ 5-ന് ആലംഗീര്‍ (വിശ്വവിജയി) എന്ന പേര് സ്വീകരിച്ചു. 1664 സതി നിര്‍ത്തലാക്കി. 1679-ല്‍ ജസിയ (ചുങ്കം) പുനഃസ്ഥാപിച്ചു. 1673ല്‍ ലാഹോറിലുള്ള ബാദ്ഷാഹി മസ്ജിദ് നിര്‍മിച്ചു. 1678ല്‍ ഔറംഗസീബിന്റെ ഭാര്യ റാബിയ ദുറാനിയുടെ ശവകുടീരം (ബീബികാ മക്ബറാ) നിര്‍മിച്ചു. ഇത് പാവങ്ങളുടെ താജ്മഹല്‍ എന്നറിയപ്പെടുന്നു. 1707 മാര്‍ച്ച് മൂന്നിന് ഔറംഗസീബ് 90ാം വയസില്‍ അന്തരിച്ചു. ദൗലത്താബാദില്‍ ഭൗതിക ശരീരം അടക്കം ചെയ്തു.
ബഹദൂര്‍ഷാ ഒന്നാമന്‍
ഔറംഗസേബിന്റെ മരണഷശേഷം 1707ല്‍ സ്ഥാനാരോഹണം. ഭരണം ഏറ്റെടുക്കുന്ന സമയത്ത് 64 വയസായിരുന്ന ബഹാദുര്‍ ഷാ അഞ്ചു വര്‍ഷമാണ് ഭരിച്ചത്. ഷാലിമാര്‍ ഉദ്യാനത്തിന് ഭേദഗതികള്‍ നടത്തുന്നതിനിടയില്‍ 1712 ഫെബ്രുവരി 27ന് ലാഹോറില്‍ അന്തരിച്ചു. മെഹ്രോളിയില്‍ സൂഫി ഗുരു കുത്തബുദ്ദീന്‍ ബക്തിയാറിന്റെ ദര്‍ഗയ്ക്കടുത്തായാണ് ബഹാദുര്‍ ഷായുടെ മാര്‍ബിളില്‍ തീര്‍ത്ത ശവകുടീരം.
ഹുമയൂണ്‍
മുഗള്‍ വംശത്തിലെ രണ്ടാമത്തെ ചക്രവര്‍ത്തിയാണ് നസിറുദ്ദീന്‍ മുഹമ്മദ് ഹുമയൂണ്‍. ബാബറിന്റെ മൂത്തമകനായ ഇദ്ദേഹം പിതാവിന്റെ മരണശേഷം സ്ഥാനാരോഹണം ചെയ്യുമ്പോള്‍ 23 വയസ് മാത്രമാണ് പ്രായം.
ഭരണകാലത്ത് ഒട്ടേറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ഇദ്ദേഹത്തിനു ഇടക്കാലത്ത് ഭരണം നഷ്ടപ്പെട്ടു. തുടര്‍ന്ന് പേര്‍ഷ്യക്കാരുടെ സഹായത്തോടെ വീണ്ടും അധികാരസ്ഥനാവുകയായിരുന്നു. 1506ല്‍ കാബൂളില്‍ ജനനം.
പാനിപ്പത്ത് യുദ്ധത്തില്‍ ഉത്തരേന്ത്യ കീഴടക്കിയ ബാബര്‍ സമര്‍ഖന്ദ് പിടിച്ചടക്കാനായി ഹുമയൂണിനെ അയച്ചെങ്കിലും പരാജയപ്പെട്ടു.
തുടര്‍ന്ന് പിതാവിന്റെ മരണത്തിനു മാസങ്ങള്‍ക്കു മുന്‍പാണ് അദ്ദേഹം ആഗ്രയില്‍ തിരിച്ചെത്തിയത്. തന്റെ ഗ്രന്ഥശാലയുടെ പടിക്കെട്ടില്‍നിന്നു കാല്‍ തെന്നിവീണ് പരുക്കേറ്റ ഹുമയൂണ്‍ അഞ്ചുമാസത്തോളം കിടപ്പിലായി. 1556 ജനുവരിയില്‍ മരിച്ചു. തുടര്‍ന്ന് 13-ാം വയസില്‍ അക്ബര്‍ അധികാരമേറ്റു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."