നോട്ട് നിരോധന പീഡനത്തിന് ഒരു വര്‍ഷം
ഉയര്‍ന്ന മൂല്യമുണ്ടായിരുന്ന ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ട് നിരോധനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു. നോട്ട് നിരോധനത്തിന്റെ ആഘാതത്തില്‍ നിന്നു രാജ്യം ഇതുവരെ കരകയറിയില്ലെന്ന് മാത്രമല്ല, ജി.എസ്.ടി എന്ന ചരക്ക് സേവനനികുതി ഏര്‍പ്പെടുത്തിയതോടെ സാധാരണക്കാരന് ഇരട്ട പ്രഹരവുമായി. തൊഴില്‍ നഷ്ടപ്പെട്ട ലക്ഷക്കണക്കിന് തൊഴിലാളികളാണ് ഇന്ന് തെരുവില്‍ അലയുന്നത്. ജി.എസ്.ടി തകര്‍ത്തത് പരമ്പരാഗത ചെറുകിട വ്യവസായങ്ങളെയായിരുന്നു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥക്ക് 40 ശതമാനത്തോളം സംഭാവന നല്‍കുന്നത് അസംഘടിത മേഖലയില്‍ നിന്നാണെന്ന് കഴിഞ്ഞ ദിവസം മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് ശ്രദ്ധിക്കേണ്ട വസ്തുതയാണ്. എന്നിട്ടും ഈ ദിവസത്തെ കള്ളപ്പണ വിരുദ്ധ ദിനമായി ആചരിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ കാണിച്ച ചങ്കൂറ്റം അത്ഭുതാവഹം തന്നെ. കള്ളപ്പണക്കാരെല്ലാം കൈവശമുണ്ടായിരുന്ന കള്ളപ്പണമെല്ലാം ബാങ്കുകള്‍ക്ക് മുമ്പില്‍ ക്യൂ നിന്ന് വെളുപ്പിച്ചു. ഇങ്ങനെയാണ് റദ്ദാക്കപ്പെട്ട 14.8 ലക്ഷം കോടിയില്‍ 99.9 ശതമാനവും തിരിച്ചെത്തിയത്. പാവപ്പെട്ടവരാകട്ടെ മരുന്നു വാങ്ങാന്‍ ബാങ്കുകള്‍ക്ക് മുമ്പില്‍ ക്യൂ നിന്ന് തളര്‍ന്ന് വീഴേണ്ടിയും വന്നു. നോട്ട് നിരോധനവും ജി.എസ്.ടിയും നല്ലൊരു ആശയം തന്നെയായിരുന്നു. പക്ഷേ, വികലമായ പ്രയോഗത്തിലൂടെ ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയുടെ അടിത്തറയാണ് ബി.ജെ.പി സര്‍ക്കാര്‍ ഇളക്കിയത്. നോട്ട് നിരോധനത്തെ തുടര്‍ന്ന് ഇന്ത്യയുടെ കാര്‍ഷികോല്‍പാദനം നേര്‍പകുതിയായി കുറഞ്ഞു എന്ന യാഥാര്‍ഥ്യത്തെ സര്‍ക്കാര്‍ മറച്ചുവച്ചിട്ട് കാര്യമില്ല! നോട്ട് നിരോധനത്തിന് പുറമെ വരള്‍ച്ചയും കാര്‍ഷിക ലോണുകളുടെ പലിശ തിരിച്ചടക്കാന്‍ കഴിയാതെ വന്നതും ഇന്ത്യന്‍ കര്‍ഷകനെ ദാരിദ്ര്യത്തിന്റെ പാതാളത്തിലേക്കാണ് ചവിട്ടിത്താഴ്ത്തിയത്.
റിസര്‍വ് ബാങ്കിന്റെ വിശ്വാസ തകര്‍ച്ചക്കും നോട്ട് നിരോധനം ഇടവരുത്തി. സ്ഥാപനത്തിന്റെ സ്വതന്ത്രമായ പ്രവര്‍ത്തനത്തിന് നേരെയുള്ള കടന്നാക്രമണവും കൂടിയായിരുന്നു നോട്ട് റദ്ദാക്കല്‍. നോട്ട് നിരോധനം ആനമണ്ടത്തരമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മതിക്കുകയാണ് വേണ്ടതെന്ന് കഴിഞ്ഞ ദിവസവും മുന്‍പ്രധാന മന്ത്രിയും ലോക സാമ്പത്തിക വിദഗ്ധരില്‍ പ്രമുഖനുമായ ഡോ. മന്‍മോഹന്‍ സിങ് ആവര്‍ത്തിച്ചിരിക്കുകയാണ്.
സാമ്പത്തിക സൂചികകള്‍ നല്‍കിയ വിവരങ്ങളെക്കാള്‍ വലിയ നാശമാണ് നോട്ട് നിരോധനത്തിലൂടെയും ജി.എസ്.ടി നടപ്പാക്കലിലൂടെയും രാജ്യത്ത് സംഭവിച്ചിരിക്കുന്നതെന്നും മുന്‍ പ്രധാനമന്ത്രി പറയുന്നുണ്ട്. വസ്തുതകള്‍ തുറന്ന് പറയുന്ന മന്‍മോഹന്‍ സിങിനെയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെയും പരിഹസിക്കുന്നത്‌കൊണ്ടെന്ത് ഫലം. അത്‌കൊണ്ട് യാഥാര്‍ഥ്യങ്ങള്‍ ഇല്ലാതാകുമോ? പറ്റിയ തെറ്റ് ഏറ്റുപറയാനുള്ള ആര്‍ജവമായിരുന്നു പ്രധാനമന്ത്രിയില്‍ നിന്നുണ്ടാകേണ്ടിയിരുന്നത്. പകരം പറ്റിയ തെറ്റിനെ കള്ളപ്പണ വിരുദ്ധ ദിനമായി ആചരിക്കുന്നതിലൂടെ ഇന്ത്യന്‍ ജനതയെ പിന്നെയും ദ്രോഹിക്കുകയാണ്. രാജ്യത്തെ ചെറുകിട പരമ്പരാഗത വ്യവസായങ്ങളെല്ലാം ജി.എസ്.ടി എന്ന നീരാളിപ്പിടുത്തത്തില്‍ തകര്‍ന്നു വീണുകൊണ്ടിരിക്കുമ്പോള്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടം ഉണ്ടായിക്കൊണ്ടിരിക്കുമ്പോള്‍ എങ്ങനെയാണ് സര്‍ക്കാരിന് ഈ വിധം പരിഹാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയുക.
തിരിപ്പൂരിലെ ചെറുകിട വസ്ത്ര നിര്‍മാണ യൂനിറ്റുകളില്‍ അഞ്ഞൂറെണ്ണമാണ് ജി.എസ്.ടി മൂലം പൂട്ടിയത്. രണ്ടായിരത്തോളം ചെറുകിട പ്ലൈവുഡ് യൂനിറ്റുകള്‍ക്കും താഴ് വീണിരിക്കുന്നു. ഇവിടങ്ങളില്‍ തൊഴിലെടുത്ത് അന്നന്നത്തെ അഷ്ടിക്ക് വക തേടിയവര്‍ ഇന്ന് തെരുവിലലയുകയാണ്. ഇത് ഒരു ഉദാഹരണം മാത്രം. ഇതുപോലെ എത്രയോ ചെറുകിട സ്ഥാപനങ്ങളാണ് പൂട്ടിയത്. ടാറ്റയും ബിര്‍ളയും കൊടുക്കുന്ന നികുതി കുടില്‍ വ്യവസായത്തിലൂടെ ഉല്‍പാദിപ്പിക്കുന്ന സോപ്പുപൊടി നിര്‍മാതാക്കളും നല്‍കണമെന്ന വ്യവസ്ഥ എന്ത് മാത്രം ക്രൂരമാണ്. നിത്യോപയോഗ വസ്തുക്കളുടെ വില ദിനംപ്രതി കുതിച്ചുയരുകയാണ്. ജി.എസ്.ടിയുടെ പേരില്‍ ഹോട്ടലുകളില്‍ കൊള്ളലാഭമാണ് എടുക്കുന്നത്. ഇതിനെതിരെ കേന്ദ്രസര്‍ക്കാര്‍ ഒരു നടപടിയും എടുക്കുന്നുമില്ല. സ്ഥാനമൊഴിയുന്ന വേളയില്‍ റിസര്‍വ് ബാങ്ക് ചെയര്‍മാന്‍ രാഘുറാം രാജന്‍ പറഞ്ഞത് ഇന്ത്യന്‍ സാമ്പത്തികനില ഗുരുതരാവസ്ഥയിലാണെന്നായിരുന്നു. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി വന്ന ഊര്‍ജിത് പട്ടേല്‍ പറഞ്ഞതും മറ്റൊന്നല്ല. നോട്ട് നിരോധനം തികഞ്ഞ പരാജയമായിരുന്നുവെന്നും കള്ളപ്പണം ഇതുവഴി പുറത്ത് കൊണ്ടുവരാന്‍ കഴിഞ്ഞില്ലെന്നും വിലക്കയറ്റം ഇനിയും രൂക്ഷമാകുമെന്നും രണ്ടു മാസം മുമ്പാണ് ഊര്‍ജിത് പട്ടേല്‍ പറഞ്ഞത്. ഇതേക്കുറിച്ചൊക്കെ നോട്ട്‌നിരോധനത്തെക്കുറിച്ച് ഊറ്റം കൊള്ളുന്ന അരുണ്‍ ജെയ്റ്റ്‌ലിക്കും പ്രധാനമന്ത്രിക്കും എന്താണ് പറയാനുള്ളത്. ആകെക്കൂടി ഒരു നേട്ടമായി പറയുന്നത് കശ്മിരില്‍ കല്ലേറ് കുറഞ്ഞു എന്നാണ്. നോട്ട്‌നിരോധനത്തിലൂടെ കള്ളപ്പണം വെളുപ്പിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയായിരുന്നുവെന്ന് പറഞ്ഞത് ബി.ജെ.പി നേതാവും വാജ്‌പേയി മന്ത്രിസഭയിലെ അംഗവുമായിരുന്ന അരുണ്‍ ഷൂരിയാണ്.
2016 നവംബര്‍ 8ന് വിളംബരം ചെയ്ത നോട്ട്‌നിരോധനം എന്ന കൊടുംപാതകത്തിന് ഒരു വര്‍ഷം തികയുന്ന ഈ ദിവസത്തെ കള്ളപ്പണ വിരുദ്ധ ദിനമായി ആചരിക്കുവാന്‍ സര്‍ക്കാര്‍ കാണിച്ച ധൈര്യം ദാരിദ്ര്യത്തിന്റെ വറചട്ടിയില്‍ പൊരിയുന്ന ലക്ഷക്കണക്കിന് സാധാരണക്കാരെ എരിതീയിലേക്ക് വലിച്ചെറിഞ്ഞതിന് തുല്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."