തോമസ് ചാണ്ടിയെ മാറ്റണമെന്ന് എ.ഐ.വൈ.എഫ്
തിരുവനന്തപുരം: കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് ഗൗരവമായ ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ മന്ത്രി തോമസ് ചാണ്ടിയെ മന്ത്രിസ്ഥാനത്ത്‌നിന്ന് മാറ്റണമെന്ന് എ.ഐ.വൈ.എഫ്. കൈയേറ്റങ്ങള്‍ വ്യക്തമാക്കി ആലപ്പുഴ ജില്ലാ കലക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ ഉടന്‍ നടപടിയെടുക്കണമെന്നും എ.ഐ.വൈ.എഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു.
മന്ത്രിക്കെതിരായ ആക്ഷേപങ്ങള്‍ സര്‍ക്കാരിന്റെ അഴിമതിവിരുദ്ധ നിലപാടിനെ കളങ്കപ്പെടുത്തുന്നതാണ്. ഭൂമി കൈയേറ്റങ്ങള്‍ക്കെതിരായി ശക്തമായ നിലപാട് സ്വീകരിക്കുന്ന സര്‍ക്കാര്‍ ഈ വിഷയത്തിന്റെ പേരില്‍ തലകുനിക്കേണ്ട കാര്യമില്ല. കേരളീയസമൂഹം എല്‍.ഡി.എഫ് സര്‍ക്കാരില്‍നിന്ന് ആഗ്രഹിക്കുന്ന നടപടികള്‍ ഇനിയും വൈകാന്‍ പാടില്ല. മന്ത്രിയെ മാറ്റിനിര്‍ത്തി സമഗ്ര പരിശോധന നടത്തണം. കര്‍ശന നടപടി സ്വീകരിക്കണം.
കലക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ട് ആഴ്ചകള്‍ പിന്നിട്ടിട്ടും ഇക്കാര്യത്തില്‍ നിയമോപദേശത്തിനായി കാത്തിരിക്കുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് തയാറാക്കിയ റിപ്പോര്‍ട്ടിന്മേല്‍ നടപടി വൈകുന്നത് നീതീകരിക്കാനാകുന്നതല്ലെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."