പൂട്ടിയിട്ട വീട്ടില്‍ നിന്നു പട്ടാപ്പകല്‍ 35 പവനും 40,000 രൂപയും കവര്‍ന്നു
തളിപ്പറമ്പ്: അതിയടം പാലോട്ട്കാവിന് സമീപത്തെ പൂട്ടിയിട്ട വീട്ടില്‍ നിന്നു പട്ടാപ്പകല്‍ 40,000 രൂപയും 35 പവന് സ്വര്‍ണാഭരണങ്ങളും കവര്‍ന്നു. കണ്ടങ്കാളി ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന് ഇടത്തില്‍ രമേശനും ഭാര്യ മാട്ടൂല്‍ എം.ആര് യു.പിസ്കൂള്‍ അധ്യാപിക ജയശ്രീയും താമസിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്.
വെള്ളിയാഴ്ചയാണ് കവര്‍ച്ച നടന്നതെന്ന് കരുതുന്നു. വെള്ളിയാഴ്ച രാവിലെ വീട് പൂട്ടി സ്കൂളിലേക്ക് പോയ ദമ്പതികള്‍ മുറികളുടെ താക്കോലുകള്‍ ഡൈനിങ് ഹാളില്‍ തൂക്കിയിടുകയാണ് പതിവ്.
മോഷ്ടാവ് വീട് തുറന്ന് അകത്തുകയറി ഡൈനിങ് ഹാളില്‍ നിന്ന് താക്കോലെടുത്ത് കിടപ്പുമുറിയില്‍ കയറി അലമാര തുറന്ന് മോഷണം നടത്തുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം ദമ്പതികള്‍ തിരിച്ചെത്തി വീട് തുറന്നപ്പോള്‍ അസ്വാഭാവികമായി ഒന്നും അനുഭവപ്പെട്ടില്ലെങ്കിലും ഇന്നലെ രാവിലെ കിടപ്പുമുറിയിലെ അലമാര തുറന്നപ്പോഴാണ് മോഷണം നടന്ന കാര്യം വ്യക്തമായത്.
പരിയാരം പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മുകളിലെ നിലയിലെ വാതില്‍ തുറന്നുകിടക്കുന്നത് കണ്ടതിനാല്‍ ഇതുവഴിയായിരിക്കാം മോഷ്ടാവ് അകത്തുകടന്നതെന്ന് കരുതുന്നു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി വേണുഗോപാലും മോഷണം നടന്ന വീട്ടില്‍ അന്വേഷണം നടത്തി. മോഷ്ടാവ് വീടുമായി നല്ല പരിചയമുള്ള ആളായിരിക്കാനാണ് സാധ്യതയെന്നാണ് പൊലിസിന്റെ നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."