രാഷ്ട്രീയരംഗത്തെ ക്രിമിനല്‍വല്‍ക്കരണവും സ്‌പെഷ്യല്‍ കോടതികളും
ജനപ്രതിനിധികള്‍ പ്രതികളായ ക്രിമിനല്‍ക്കേസുകള്‍ പെട്ടെന്നു തീര്‍പ്പാക്കാന്‍ അതിവേഗകോടതികള്‍ രൂപീകരിക്കണമെന്നു സുപ്രിംകോടതി ഉത്തരവിട്ടിരിക്കുകയാണ്. ക്രിമിനല്‍ക്കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ആജീവനാന്ത വിലക്ക് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജി പരിഗണിക്കവെയാണ് ഈ ഉത്തരവ്.
എം.പിമാരും എം.എല്‍.എമാരും പ്രതികളായ 2014 മുതലുള്ള കേസുകളില്‍ തീര്‍പ്പായവയുടെ കണക്കുകള്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനു കോടതി നിര്‍ദേശം നല്‍കി. രജിസ്റ്റര്‍ ചെയ്ത 1581 കേസുകളില്‍ ശിക്ഷ വിധിച്ചതും തീര്‍പ്പാക്കിയതും സംബന്ധിച്ച വിശദാംശങ്ങള്‍ ആറാഴ്ചയ്ക്കകം നല്‍കാനാണു നിര്‍ദേശം. കേസുകള്‍ കെട്ടിക്കിടക്കുന്നതിനാലാണു പ്രത്യേക കോടതികള്‍ വേണമെന്നു നിര്‍ദേശിക്കുന്നതെന്നു സുപ്രിംകോടതി വ്യക്തമാക്കി. രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണം ഇല്ലാതാക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി എത്ര ചെലവു വരുമെന്നു കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിക്കണം.
പ്രത്യേക കോടതി നിര്‍ദേശം കേന്ദ്രസര്‍ക്കാരും സ്വാഗതം ചെയ്തിരിക്കുകയാണ്. ഈ കേസ് ഡിസംബര്‍ 13നു വീണ്ടും പരിഗണിക്കുകയാണ്. ഈ കേസിന്റെ വിചാരണക്കിടയില്‍ ക്രിമിനല്‍ക്കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ആജീവനാന്തം വിലക്കേര്‍പ്പെടുത്താമെന്നു തെരഞ്ഞെടുപ്പു കമ്മിഷന്‍ അഭിപ്രായപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പു കമ്മിഷന്‍ ഇതു സംബന്ധിച്ചു കേന്ദ്രസര്‍ക്കാരിനു ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്നു കമ്മിഷന്‍ അറിയിച്ചു. ആജീവനാന്ത വിലക്കിനെക്കുറിച്ചു നിലപാടറിയിക്കാന്‍ വൈകിയ തെരഞ്ഞെടുപ്പു കമ്മീഷനു കഴിഞ്ഞ ജൂലൈയില്‍ സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്നിരുന്നു.
തെരഞ്ഞെടുപ്പു കമ്മിഷനും ലോകമ്മിഷനും നല്‍കിയ ശുപാര്‍ശകള്‍ പരിഗണനയിലാണെന്നു കേന്ദ്രസര്‍ക്കാരും സുപ്രിംകോടതിയെ അറിയിച്ചു. അതേസമയം, ആജീവനാന്തവിലക്കിനെ കേന്ദ്രസര്‍ക്കാര്‍ അനുകൂലിക്കുന്നില്ല. രണ്ടുവര്‍ഷമോ അതില്‍ക്കൂടുതലോ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികള്‍ക്കു ജയില്‍മോചിതരാകുന്ന ദിവസം മുതല്‍ ആറുവര്‍ഷത്തേയ്ക്കു വിലക്കു നിലവിലുണ്ട്. ഇതു നിലനിര്‍ത്തണമെന്നുള്ളതാണു കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം.
2009-2014 കാലത്തു ലോക്‌സഭയിലുണ്ടായിരുന്ന 543 അംഗങ്ങളില്‍ 162 പേര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമുണ്ടായിരുന്നു. ഇതേകാലത്തുതന്നെ ആകെയുള്ള 4032 അസംബ്ലി അംഗങ്ങളില്‍ 1258 പേര്‍ ക്രിമിനല്‍ക്കേസുകളില്‍ പ്രതികളായിരുന്നുവെന്നും തെരഞ്ഞെടുപ്പു കമ്മിഷന്റെ രേഖകള്‍ ഉദ്ധരിച്ചുകൊണ്ട് ഇന്റര്‍നാഷനല്‍ ജേണല്‍ ഓഫ് സോഷ്യല്‍ സയന്‍സ് ആന്റ് ഹ്യൂമാനിറ്റിസ് റിസര്‍ച്ച് വക്താവ് ധീരേന്ദ്രകുമാര്‍ ജന വ്യക്തമാക്കുകയും ചെയ്തു. രാഷ്ട്രീയരംഗത്തെ ക്രിമിനല്‍വത്കരണം എങ്ങനെ ഭരണതലത്തിലേയ്ക്കു ബാധിക്കുന്നുവെന്നു സുപ്രിംകോടതി പരിശോധിച്ചതു മനോജ് തെരൂലയുടെ കേസില്‍ (2014) ആയിരുന്നു.
രാഷ്ട്രീയക്കാര്‍ക്കായി പ്രത്യേകകോടതികളെന്നതു വിവേചനപരമാണെന്ന വാദമുയരുന്നുണ്ട്. ഭരണഘടന എല്ലാവര്‍ക്കും തുല്യനീതി ഉറപ്പാക്കുന്നുണ്ട്. ''ഇന്ത്യന്‍ പ്രദേശത്തിനകത്ത് ഒരാള്‍ക്കും നിയമത്തിനു മുമ്പില്‍ സമത്വമോ തുല്യമായ നിയമസംരക്ഷണമോ രാഷ്ട്രം നിഷേധിച്ചു കൂടാത്തതാകുന്നു''. ഈ തുല്യത നീതി ലഭിക്കുന്നതിന്റെ വേഗത്തിലും ബാധകമാണ്. വിചാരണത്തടവ് അനന്തമായി നീളുന്ന ഈ രാജ്യത്തു രാഷ്ട്രീയക്കാര്‍ എന്നൊരു വര്‍ഗത്തെ അമൂര്‍ത്തമായി നിര്‍വചിച്ച് അവര്‍ക്കായി നിയമനടപടികള്‍ വേഗത്തിലാക്കുന്നതു ഭരണഘടന ഉറപ്പു നല്‍കുന്ന തുല്യതയ്‌ക്കെതിരാണെന്നാണു വാദം.
എന്നാല്‍, ഇത്തരമൊരു നിര്‍ദേശത്തിലേയ്ക്കു സുപ്രിംകോടതിയെ നയിച്ച സാഹചര്യവും ഉദ്ദേശ്യശുദ്ധിയും വിലയിരുത്തപ്പെടേണ്ടതുണ്ട്. രാഷ്ട്രീയക്കാരുടെ പേരിലുള്ള കേസുകള്‍ തീര്‍പ്പാക്കാന്‍ ഇപ്പോള്‍ വേണ്ടിവരുന്നതു പതിറ്റാണ്ടുകളാണ്. ശിക്ഷിക്കപ്പെടേണ്ട കുറ്റകൃത്യങ്ങള്‍ ചെയ്തവരും പിന്നീട് പലവട്ടം മുഖ്യമന്ത്രിമാരായിരിക്കുന്നതു നമുക്കു കാണേണ്ടിവന്നത് ഈ കാലതാമസത്തിന്റെ ആനുകൂല്യത്തിലാണ്. രാഷ്ട്രീയരംഗം കുറ്റവാളികള്‍ കൈയടക്കുന്നതു തടയണമെങ്കില്‍ ഇത്തരക്കാര്‍ എത്രയും വേഗം ശിക്ഷിക്കപ്പെടുകയും ജനപ്രതിനിധികളാകുന്നതില്‍നിന്ന് അയോഗ്യത കല്‍പ്പിക്കുകയും വേണം. ഇത്തരക്കാര്‍ ആരെങ്കിലും പകപോക്കലിന് ഇരയായവരാണെങ്കില്‍ അവര്‍ക്കു സമയത്തിന് ഉറപ്പായും നീതികിട്ടുകയും വേണം.
നമ്മുടെ ദേശീയരാഷ്ട്രീയരംഗത്തു ക്രിമിനലുകളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നുള്ളതു യാഥാര്‍ഥ്യമാണ്. രാഷ്ട്രീയനേതൃത്വവും ക്രിമിനലുകളുമായുള്ള ബന്ധവും ഇപ്പോള്‍ കൂടിവരുന്നുണ്ട്. രാജ്യത്തെ പരമോന്നത കോടതി ഇക്കാര്യം നേരത്തെതന്നെ പലപ്പോഴും സൂചിപ്പിച്ചിട്ടുള്ളതുമാണ്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് സുപ്രിംകോടതിക്കു നല്‍കിയ സത്യവാങ്മൂലത്തില്‍ പാര്‍ലമെന്റ് അംഗങ്ങളിലും നിയമസഭാസാമാജികരിലും മൂന്നിലൊന്ന് അംഗങ്ങള്‍ തനി ക്രിമിനലുകളാണ്. ബലാത്സംഗം, കൊലപാതകം, കടുത്ത അഴിമതി തുടങ്ങിയ ആരോപണങ്ങള്‍ നേരിടുന്നവരാണിവര്‍.
അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് ചൂണ്ടിക്കാട്ടുന്നതു ക്രിമിനലുകളായ സ്ഥാനാര്‍ഥികള്‍ക്കു പാര്‍ലമെന്റിലും നിയമസഭയിലും യോഗ്യരായ മറ്റു സ്ഥാനാര്‍ഥികളേക്കാള്‍ വിജയസാധ്യത ഇരട്ടിയാണെന്നാണ്. രാഷ്ട്രീയം സാമ്പത്തിശക്തിയുടെയും കായികശക്തിയുടെയുമെല്ലാം അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നടക്കുന്നത്. യോഗ്യരായ സ്ഥാനാര്‍ഥികള്‍ക്കു ക്രിമിനലുകള്‍ക്കുള്ള അത്രയും സമ്പത്തും അതിന്റെ അടിസ്ഥാനത്തിലുള്ള ആള്‍ബലവും ഇല്ലാത്തതുകൊണ്ട് അവര്‍ക്കു തെരഞ്ഞെടുപ്പില്‍ വിജയിക്കുകയെന്നത് അസാധ്യമാണ്.
നമ്മുടെ രാഷ്ട്രീയം ക്രിമിനലുകളുടെ കൈപ്പിടിക്കുള്ളില്‍ ഒതുങ്ങുന്ന സ്ഥിതിയിലേയ്ക്കു കാര്യങ്ങള്‍ നീങ്ങുകയാണ്. തെരഞ്ഞെടുപ്പുകള്‍ രാജ്യത്തെ കള്ളപ്പണക്കാരുടെ ഉത്സവമാക്കി മാറ്റിയിരിക്കുന്നു. കോടാനുകോടി രൂപ തെരഞ്ഞെടുപ്പുകളില്‍ ഈ ക്രിമിനലുകള്‍ വാരിയെറിയുകയും ആ നിലയില്‍ ജനങ്ങളെ കൈയിലെടുക്കുകയും അവരുടെ വോട്ടുവാങ്ങി തെരഞ്ഞെടുപ്പില്‍ വിജയിക്കുകയുമാണു ചെയ്യുന്നത്.
ബിലാന്‍ വൈഷ്ണവ് എന്ന രാഷ്ട്രീയനിരീക്ഷകന്‍ നടത്തിയ പഠനമനുസരിച്ച് ഇന്ത്യയിലെ കഴിഞ്ഞ മൂന്ന് ഉപതെരഞ്ഞെടുപ്പുകളില്‍ നിന്നു വ്യക്തമാകുന്ന കാര്യമിതാണ്: ഗൗരവമായ ക്രിമിനല്‍കേസുകളില്‍ ഉള്‍പ്പെട്ട സ്ഥാനാര്‍ഥികള്‍ക്കു വിജയസാധ്യത 18 ശതമാനമാണെങ്കില്‍ അവര്‍ക്കെതിരേ നില്‍ക്കുന്ന നല്ല പ്രതിച്ഛായയുള്ള സ്ഥാനാര്‍ഥികള്‍ക്കു വിജയസാധ്യത വെറും 6 ശതമാനമാണ്. രാഷ്ട്രീയ നേതാക്കള്‍ പ്രതികളായ കേസുകളില്‍ വളരെ ചുരുക്കം ഉന്നതരാഷ്ട്രീയ നേതാക്കളെയാണു വിചാരണ ചെയ്തു ശിക്ഷിച്ചിട്ടുള്ളത്. ലാലുപ്രസാദ് യാദവ്, തമിഴ്‌നാട്ടിലെ ശശികല, കേരളത്തിലെ ആര്‍.ബാലകൃഷ്ണപിള്ള അടക്കം വിരലിലെണ്ണാവുന്നവരാണിവര്‍. ശിക്ഷ ലഭിക്കേണ്ട നൂറുകണക്കിനു പേരാണ് അതില്‍നിന്ന് ഒഴിവായി നില്‍ക്കുന്നത്.
ഇതൊക്കെയാണെങ്കിലും സുപ്രിംകോടതിവിധി രാഷ്ട്രീയരംഗം ശുദ്ധീകരിക്കുന്ന നിലയ്ക്കുള്ള നീക്കത്തിലെ ഒരു നാഴികമണിയാണെന്ന കാര്യത്തില്‍ തര്‍ക്കവുമില്ല. വിചാരണ ചെയ്ത് ഒരു വര്‍ഷത്തിനകം ക്രിമിനല്‍ കേസുകള്‍ വിധിപറയണമെന്നാണു നേരത്തെ തന്നെയുള്ള കോടതി ഉത്തരവ്. അതിനു കടലാസിന്റെ വില പോലും കല്‍പ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ആ ഗതി ഐതിഹാസികമായ ഈ ഉത്തരവിനും സംഭവിക്കാതിരിക്കട്ടെയെന്നു ആഗ്രഹിക്കാം.
സ്‌പെഷ്യല്‍കോടതികള്‍ സ്ഥാപിക്കാന്‍ ഫണ്ട് വേണം. ഇക്കാര്യത്തില്‍ ഇതു സംസ്ഥാനങ്ങളുടെ തലയില്‍ കെട്ടിവച്ചു തടിയൂരാനുള്ള ശ്രമവും കേന്ദ്രത്തിനുണ്ട്. ഫണ്ട് സമാഹരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ കാണേണ്ടതായിട്ടുണ്ട്. ഇക്കാര്യത്തിലും സംസ്ഥാനങ്ങളെ സഹായിക്കാന്‍ തയാറായേ പറ്റൂ. കോടതികള്‍ക്കു നിയമം വ്യാഖ്യാനിക്കാനും ഭരണഘടനയെ സംരക്ഷിക്കാനും മാത്രമേ സാധിക്കുകയുള്ളൂ.
രാഷ്ട്രീയരംഗത്തെ വ്യാപകമായ അഴിമതിയും ക്രിമിനല്‍വത്കരണവും പണത്തിന്റെയും കായികബലത്തിന്റെയുമെല്ലാം സ്വാധീനം ഒഴിവാക്കണമെങ്കില്‍ രാഷ്ട്രീയപാര്‍ട്ടികളാണ് അതിന് മുന്‍കൈയെടുക്കേണ്ടത്. അതിന് ആദ്യം ചെയ്യേണ്ടതു ക്രിമിനലുകള്‍ക്കു പാര്‍ലമെന്റ്-അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ ടിക്കറ്റുകള്‍ നല്‍കുകയില്ലെന്നു തീരുമാനിക്കാനുള്ള ചങ്കൂറ്റം പാര്‍ട്ടിനേതാക്കള്‍ കാട്ടണമെന്നുള്ളതാണ്. അതിനു സാധിച്ചാല്‍ രാഷ്ട്രീയത്തിലെ ക്രിമിനല്‍വത്കരണത്തിനു കുറച്ചെങ്കിലും പരിഹാരം കാണാന്‍ കഴിഞ്ഞേക്കും.
ശക്തമായ അഴിമതിവിരുദ്ധ മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തിലാണു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാരിനെ രാജ്യത്തെ ജനങ്ങള്‍ അധികാരത്തിലേറ്റിയത്. അതുകൊണ്ട് വര്‍ധിച്ചുവരുന്ന രാജ്യത്തെ രാഷ്ട്രീയരംഗത്തെ ക്രിമിനല്‍വത്കരണം തടയാനുള്ള ബാധ്യത കേന്ദ്രസര്‍ക്കാരിനുണ്ട്. സുപ്രധാനമായ ഈ സുപ്രിംകോടതി വിധി അതേപടി നടപ്പിലാക്കുകയാണ് അതിന് ആദ്യം മോദി സര്‍ക്കാര്‍ ചെയ്യേണ്ടത്.
രാഷ്ട്രീയരംഗത്തു മണിപവറും മസില്‍പവറും അരങ്ങുതകര്‍ക്കുകയാണ്. ഇതുപയോഗിക്കാന്‍ കഴിയുന്ന ശക്തരായ രാഷ്ട്രീയനേതാക്കള്‍ പലരും തനി ക്രിമിനലുകളാണെന്നുള്ള യാഥാര്‍ഥ്യം രാഷ്ട്രീയരംഗത്തെ സംബന്ധിച്ചു ജനങ്ങള്‍ക്കുള്ള വിശ്വാസം തന്നെ നഷ്ടപ്പെടുത്തിയിരിക്കുകയാണ്. അഴിമതി തടയുമെന്നും അഴിമതിക്കാരെയാകെ കൈയാമം വയ്ക്കുമെന്നും പറഞ്ഞ് അധികാരത്തില്‍ വന്ന കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ രാഷ്ട്രീയരംഗത്തെ അഴിമതിയെങ്കിലും അവസാനിപ്പിക്കേണ്ടതാണ്. അതുകൊണ്ടുതന്നെ സ്‌പെഷ്യല്‍ കോടതികള്‍ സ്ഥാപിച്ച് അഴിമതിക്കാരായ പാര്‍ലമെന്റ്- നിയമസഭാംഗങ്ങളെ വിചാരണ ചെയ്യുകയും ഒരു കൊല്ലത്തിനകം ഈ കേസുകള്‍ തീര്‍ക്കുകയും ചെയ്യണമെന്നുള്ള സുപ്രിംകോടതി വിധി നടപ്പിലാക്കാന്‍ നിശ്ചയമായും കേന്ദ്രത്തിലെ മോദി സര്‍ക്കാരിനു ബാധ്യതയുണ്ട്.
(ലേഖകന്‍ സി.എം.പി പോളിറ്റ്
ബ്യൂറോ അംഗമാണ്)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."