ബുദ്ധിസം അറിയുന്നതിനു മുന്‍പെ ഞാനൊരു ബുദ്ധിസ്റ്റായിരുന്നു
വിശ്വപ്രസിദ്ധരായ എഴുത്തുകാരിലെ അനിഷേധ്യ സാന്നിധ്യം എന്നതിലപ്പുറം ചെറുകഥാകൃത്തുകളുടെ കുലപതി കൂടിയാണ് ജോര്‍ജ് സോന്‍ഡേഴ്‌സ്. അദ്ദേഹത്തെ ജനപ്രിയനാക്കിയത് നര്‍മത്തിന്റെയും വൈകാരികതയുടെയും അകമ്പടി സേവിച്ചുള്ള അനുപമമായ രചനാ ആവിഷ്‌കാരമാണ്. ബുക്കര്‍ പ്രൈസിന് അദ്ദേഹത്തെ അര്‍ഹനാക്കിയ 'ലിങ്കണ്‍ ഇന്‍ ദ ബാര്‍ദോ' എന്ന വിഖ്യാത നോവലിലും ഈ ദിവ്യശക്തി നിഴലിച്ചുകാണുന്നു. പൊന്നോമനയെ നഷ്ടപ്പെട്ട ഒരച്ഛന്റെ ദുഖാര്‍ഥമായ ജീവിതമാണ് നോവലിന്റെ ഇതിവൃത്തം. 1862ലെ ഒരേകാന്ത സന്ധ്യയില്‍ പരവശനായ ലിങ്കണ്‍ തന്റെ 12 വയസുകാരനായ മകന്‍ വില്ലിയുടെ മൃതശരീരം അടക്കം ചെയ്യപ്പെട്ട ശ്മശാനം സന്ദര്‍ശിക്കുന്ന രംഗം വിവരിച്ചുകൊണ്ടാണു നോവല്‍ ആരംഭിക്കുന്നത്. ബാര്‍ദോ ശ്മശാനത്തില്‍ കുടിയിരുത്തപ്പെട്ട പ്രേതാത്മാക്കളുമായുള്ള സംഭാഷണത്തിലൂടെ സരസവും വിചിത്രകരവുമായ നോവല്‍ പുരോഗമിക്കുന്നു.
? പലവിധത്തിലും സമഗ്രമായി പഠിക്കപ്പെട്ട ഒരാളെന്ന നിലയ്ക്ക്, ലിങ്കണെ കേന്ദ്ര കഥാപാത്രമാക്കിയുള്ള നോവലിന്റെ സ്വീകാര്യത താങ്കള്‍ക്കൊരു വെല്ലുവിളിയായിരുന്നില്ലേ
-അതെ, എന്റെ എഴുത്തിന്റെ ആദിമധ്യാന്ത്യം വരെ മനസില്‍ കൊണ്ടുനടക്കാന്‍ മാത്രം ഒരു വലിയ വെല്ലുവിളിയായിരുന്നു അത്. അത്തരത്തിലുള്ള രചനകള്‍ മുന്‍പുണ്ടായിട്ടുണ്ടെന്ന അറിവ് എന്റെ രചനയെ പരിപോഷിപ്പിക്കാനുള്ള ഒരു അളവുകോലാണ്.
ഉദാഹരണത്തിന് ഈ പുസ്തകത്തിന്റെ അപൂര്‍വമായ ഘടന നേരെചൊവ്വെയുള്ള വിവരണത്തില്‍നിന്നു മാറാനുള്ള എന്റെ അദമ്യമായ ആഗ്രഹത്തിന്റെ ഫലമാണ്. ജനമധ്യേ ചിരപരിചിതമായ ആവിഷ്‌കാരത്തിന്റെ വിരസത പരിഹരിക്കാന്‍ വേണ്ടിയുമായിരുന്നുവത്. ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യമത്തിന്റെ സാധ്യമായ ബുദ്ധിമുട്ടുകള്‍ നിര്‍വ്യാജം അംഗീകരിക്കല്‍ അദ്ദേഹത്തിന്റെ ജോലിയുടെ ഭാഗമാണ്. ഒരു സുദീര്‍ഘ യാത്രയ്ക്കു തയാറെടുത്തിരിക്കുന്ന ഒരുത്തന്‍ യാത്രാമധ്യേ നേരിടേണ്ടിയിരിക്കുന്ന പ്രതിബന്ധങ്ങളെ കുറിച്ചും അതു മറികടക്കാനുള്ള സജ്ജീകരണങ്ങളെ കുറിച്ചും ബോധവാനായിരിക്കേണ്ടതുണ്ട്.
?വ്യത്യസ്ത സ്രോതസുകളില്‍ നിന്നാകാം താങ്കള്‍ നോവലിനു വേണ്ട വിവരങ്ങള്‍ ശേഖരിച്ചത്. ലഭ്യമായ വിവരങ്ങള്‍ താങ്കള്‍ എങ്ങനെയാണു ക്രമീകരിച്ചത്. എങ്ങനെയാണ് പുസ്തകത്തിനു വേണ്ട ഗവേഷണങ്ങള്‍ നടത്തിയത്
-പൂര്‍ണ ഔചിത്യവും നവീനതയുമുള്ള രചനാരീതി വ്യക്തമായ ആവശ്യത്തിന്റെയും ശക്തമായ ശ്രമത്തിന്റെയും ഫലമായിട്ടാണ് ഉണ്ടാകുന്നത് എന്നതാണ് എന്റെ കാഴ്ചപ്പാട്. ഈ നോവലിന്റെ വൈകാരികശക്തി അടിസ്ഥാനപരമായി അമേരിക്കയിലെ ആഭ്യന്തര യുദ്ധത്തിന്റെയും വില്ലി ലിങ്കണിന്റെ മരണത്തിന്റെയും ചരിത്രപരമായ പശ്ചാത്തലവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇങ്ങനെ ലഭിച്ച വിവരങ്ങളെല്ലാം എങ്ങനെ ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്താനാകുമെന്നതായിരുന്നു അപ്പോള്‍ എനിക്കു മുന്‍പില്‍ ഉയര്‍ന്ന ചോദ്യം. വ്യക്തമായ പരിശോധനയ്ക്കുശേഷം എനിക്കു ബോധ്യപ്പെട്ടത് ഇവകളിലൊന്നും ജീവിതമില്ല എന്നായിരുന്നു.
തുടര്‍ന്നു ഞാന്‍ സ്വമേധയാ ഒരു ചോദ്യം ചോദിച്ചു: 'ജോര്‍ജ് നിനക്കെങ്ങനെ ഈ ചരിത്രം മുഴുവനും അറിയാനാകും?' 'ചരിത്രാഖ്യാനങ്ങളിലൂടെ ഞാനതു വായിച്ചറിയും'-എന്റെ മനസ് പ്രതിവചിച്ചു. ചരിത്രേതര ഗ്രന്ഥങ്ങള്‍ ഞാന്‍ ഈ നോവല്‍ രചിക്കാന്‍ ആധാരമാക്കിയിട്ടില്ല എന്നൊന്നും ഇതുകൊണ്ട് അര്‍ഥമാക്കുന്നില്ല. ചരിത്രവും ചരിത്രേതരവുമായ ഗ്രന്ഥങ്ങളില്‍നിന്നു ലഭിച്ച വിവരങ്ങള്‍ പദാനുപദം ക്രമീകരിക്കാന്‍ ഞാന്‍ തീരുമാനിച്ചു.
എബ്രഹാം ലിങ്കണുമായി ബന്ധപ്പെട്ട പരശ്ശതം പുസ്തകങ്ങള്‍ വായിച്ചുതീര്‍ക്കുകയും അവകളില്‍നിന്നു പ്രസക്തമായ വിവരങ്ങള്‍ ഞാന്‍ ടൈപ് ചെയ്തുവയ്ക്കുകയും ചെയ്തു. അവയെല്ലാം വ്യക്തവും യുക്തവും ആകുംവരേ ഞാന്‍ വെട്ടിച്ചുരുക്കാനും ക്രമീകരിക്കാനും സമയം ചെലവഴിച്ചു. ശേഷം അവയെല്ലാം പുസ്തകത്തിലേക്കു സംയോജിപ്പിച്ചു. പിന്നെ എന്റേതായ ചില കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി നോവല്‍ പൂര്‍ത്തിയാക്കി.
?പണ്ടുമുതലേ താങ്കള്‍ ചെറുകഥയുടെ കുലപതിയായാണ് അറിയപ്പെടുന്നത്. 'ലിങ്കണ്‍ ഇന്‍ ദ ബാര്‍ദൊ' എന്ന കൃതി ചെറുതാണെങ്കിലും ഒരു നോവലാണ്. നോവല്‍ എഴുത്തനുഭവം എത്രമാത്രം വ്യത്യസ്തമായിരുന്നു.
-നോവലും ചെറുകഥയും തമ്മിലുള്ള അഭൗമമായ പാരസ്പര്യം എന്നെ ഇപ്പോഴും അത്ഭുതപ്പെടുത്തുന്ന ഒരു യാഥാര്‍ഥ്യമാണ്. രണ്ടിനെയും ഞാന്‍ ഒരുപോലെയാണു സമീപിക്കുന്നത്. രചനാവൈഭവം പരിപോഷിപ്പിക്കാനുള്ള ഒരു മാധ്യമം എന്ന നിലക്കു ഞാനതിനെ കാണുകയും എന്റെ രചനയെ ശുദ്ധവും അസാധാരണവുമാക്കി മാറ്റുകയും ചെയ്യുന്നു. അമേരിക്കയിലൊക്കെ ഈ ഷാംപൂ ബോട്ടിലുകളെ കുറിച്ചു പറയുന്ന പോലെ 'അലക്കുക, പതപ്പിക്കുക, ആവര്‍ത്തിക്കുക'.
നോവലിന്റെയും ചെറുകഥയുടെയും രേഖാരൂപത്തെ കുറിച്ചു ധാരണയുണ്ടായതു കൊണ്ടുതന്നെ അവ രണ്ടിനുമിടയില്‍ ഘടനാബന്ധിതമായ വ്യത്യാസം മാത്രമേയുള്ളൂവെന്നു ഞാന്‍ പറയും. ചെറുകുടിലുകളും കൂരകളും നിര്‍മിച്ചു ജീവിച്ചുപോന്നിരുന്ന എന്നോട് ഒരു ബംഗ്ലാവ് പണിയാന്‍ ആവശ്യപ്പെട്ട പോലെയായിരുന്നു അത്. തുടക്കത്തില്‍ 'ഓഹ്, ഇതെനിക്കു കഴിയില്ല' എന്നു തോന്നും. എന്നാല്‍, നൂറുകണക്കിനു ചെറുകുടിലുകള്‍ കൂട്ടിച്ചേര്‍ക്കാമെന്ന ആശയം വരുന്നതു പിന്നെയാണ്.
? ബുദ്ധിസം താങ്കളുടെ രചനയെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ബോര്‍ദോ പോലോത്ത പരികല്‍പനകളെല്ലാം എങ്ങനെയുണ്ടായി.
-എന്റെ സ്വത്വം അബലമാണെന്നു കാണിക്കാന്‍ വേണ്ടിമാത്രമാണ് ഞാനാ വാക്ക് ഉപയോഗിച്ചത്. ബുദ്ധിസത്തെ കുറിച്ചു ഞാന്‍ പഠിക്കുന്നുണ്ടെങ്കിലും ഞാനതില്‍ അഗ്രഗണ്യനൊന്നുമല്ല. അതിനാല്‍ തന്നെ ബാര്‍ദോ സങ്കല്‍പത്തിന്റെ പരമമായ പൊരുള്‍ ഇപ്പോഴും എനിക്കു മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല. എന്റെ മരണാനന്തര ജീവിതം അത്തരത്തിലൊന്നിലാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സംഭ്രാന്തിയുടെയും ആശ്ചര്യത്തിന്റെയും ആത്മാവിന്റെ ഹാസ്യാത്മകമായ യുക്തി തേടിയലയുന്നവരുടെയുമൊക്കെ ഇടം. എന്റെ മരണാനന്തര ജീവിതം അത്തരമൊരിടത്തിലാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
മരണശേഷം ശിക്ഷകള്‍ അനുഭവിക്കുന്ന ഇടത്തിന്റെ എതിരില്‍ വരുന്ന 'ബാര്‍ദോ'യെ കുറിച്ചുള്ള ചിന്ത കാര്യങ്ങളെ അഭൗമമായി മനസിലാക്കാന്‍ എന്നെ സഹായിച്ചു. ബുദ്ധിസത്തെ കുറിച്ചു പഠിക്കാന്‍ തുടങ്ങിയപ്പോഴാണു ഞാന്‍ ജീവിച്ചിരുന്ന വഴിതന്നെയാണ് ബുദ്ധമതവും വിഭാവന ചെയ്യുന്നതെന്ന് എനിക്കു മനസിലായത്. എന്റെ എഴുത്തിലൂടെയും അതിനോടുള്ള അഭിനിവേശത്തിലൂടെയും എഴുതപ്പെടുന്നവ ക്രമീകരിക്കുന്നതിലൂടെയും യഥാര്‍ഥത്തില്‍ ഞാനൊരു ബുദ്ധിസ്റ്റ് ആകുകയായിരുന്നു.
പിതൃവാത്സല്യത്തോടെയും സ്‌നേഹവായ്‌പോടെയുമായിരുന്നു ലിങ്കണ്‍ ജനങ്ങളോടു പെരുമാറിയിരുന്നത്. ട്രംപ് തന്റെ അധികാരമുറകള്‍ പ്രയോഗിക്കാനുള്ള സ്രോതസുകളായാണു ജനങ്ങളെ കാണുന്നത്
?ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റാകുന്ന തെരഞ്ഞെടുപ്പിനും ഏറെ മുന്‍പാണ് താങ്കള്‍ ഈ പുസ്തകം രചിച്ചത്. ട്രംപിന്റെ റാലികളെ കുറിച്ച് താങ്കള്‍ 'ദ ന്യൂയോര്‍ക്കറി'നു വേണ്ടി എഴുതുകയും ചെയ്തു. ലിങ്കണെയും ട്രംപിനെയും താരതമ്യം ചെയ്യാമോ? ലിങ്കണെ കുറിച്ചു താങ്കള്‍ പഠിച്ചതില്‍ എന്തെങ്കിലും സമകാലിക രാഷ്ട്രീയ കാലാവസ്ഥയില്‍ സവിശേഷ പ്രസക്തിയാര്‍ജിക്കുന്നതായി അനുഭവപ്പെടുന്നുണ്ടോ.
-അതെ, ലിങ്കണ്‍ അനാവശ്യവും പെട്ടെന്നുള്ളതുമായ വാചാടോപത്തെ പൂര്‍ണമായും നിരാകരിച്ചു. അതിസൂക്ഷ്മമായി എഴുതിയും തിരുത്തിയുമാണ് അദ്ദേഹം പ്രസംഗങ്ങള്‍ തയാറാക്കിയത്. ഒരു പ്രസിഡന്റ് തന്റെ വാക്കുകള്‍ സൂക്ഷിക്കണമെന്ന ബോധ്യമുണ്ടായിരുന്നു അദ്ദേഹത്തിന്. വാക്കുകളും സത്യങ്ങളും പ്രസക്തമാണെന്നു തന്നെ അദ്ദേഹം വിശ്വസിച്ചു. പറയുന്ന വാക്കുകളിലെ സത്യസന്ധത അദ്ദേഹം ശ്രദ്ധിച്ചു. കാര്യസാധനത്തിനും കൗശലങ്ങള്‍ക്കുമുള്ള ഉപാധിയായി പ്രഭാഷണത്തെ നിലവിലെ പ്രസിഡന്റില്‍നിന്ന് ലിങ്കണെ വ്യത്യസ്തനാക്കുന്ന പ്രധാന ഘടകം ഇതാണ്.
രണ്ടുപേരുടെയും ജനങ്ങളോടുള്ള സമീപനത്തിലും പ്രകടമായ അന്തരമുണ്ട്. പിതൃവാത്സല്യത്തോടെയും സ്‌നേഹവായ്‌പോടെയുമായിരുന്നു ലിങ്കണ്‍ ജനങ്ങളോടു പെരുമാറിയിരുന്നത്. പൊതുജന താല്‍പര്യങ്ങള്‍ നടപ്പാക്കുന്നതില്‍ അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. ട്രംപ് തന്റെ അധികാരമുറകള്‍ പ്രയോഗിക്കാനുള്ള സ്രോതസുകളായാണു ജനങ്ങളെ കാണുന്നത്. തന്റെ അധികാരം അരക്കിട്ടുറപ്പിക്കുക എന്ന ലക്ഷ്യത്തിനു വേണ്ടിമാത്രം അദ്ദേഹം ജനങ്ങളുടെ വികാരം ഇളക്കിവിടുകയും അവരെ വിഡ്ഢികളാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു
(വിവര്‍ത്തനം: കെ.പി ഹാശിം പകര,
കടപ്പാട് : ദ ഹിന്ദു)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."