ഇടതുപക്ഷം സോളാര്‍ കമ്മിഷനെ രാഷ്ട്രീയ കരുവാക്കിയെന്ന് കെ.സി വേണുഗോപാല്‍
ആലപ്പുഴ: താനുള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തകരെ ആരോപണ വിധേയരാക്കി അപകീര്‍ത്തിപ്പെടുത്താന്‍ ഇടതുപക്ഷം സോളാര്‍ കമ്മിഷനെ കരുവാക്കിയെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി പറഞ്ഞു. നീതിരഹിതമായ പെരുമാറ്റമാണ് കമ്മിഷന്റെ ഭാഗത്തുനിന്നുണ്ടായത്. ആരോപണത്തിന്റെ നിജസ്ഥിതി മനസിലാക്കാതെ ക്രൂശിക്കുന്ന സമീപനമുണ്ടായത് വേദനാജനകമാണെന്നും കെ.സി പത്രസമ്മേളനത്തില്‍ പറഞ്ഞു.
തനിക്കെതിരേ ഡിജിറ്റല്‍ തെളിവ് ഉണ്ടെന്ന് പറഞ്ഞിട്ട് ആകെ തെളിവായി സമര്‍പ്പിച്ചത് കത്ത് മാത്രമാണ്. താന്‍ മാനഷ്ടത്തിന് കേസ് കൊടുത്ത കാര്യം കമ്മിനെ അറിയിച്ചതാണ്. റിപ്പോര്‍ട്ടില്‍ ഇത്തരം കാര്യങ്ങള്‍ പരാമര്‍ശിച്ചിട്ടില്ല. ഡിജിറ്റല്‍ തെളിവുണ്ടെന്നാണ് സരിത പറഞ്ഞത്. എന്നാല്‍ അത്തരമൊരു തെളിവ് കിട്ടിയിട്ടില്ലെന്ന് കമ്മിഷന് നേരത്തെ പറഞ്ഞു.
13ാം വയസുമുതല്‍ പൊതുപ്രവര്‍ത്തന രംഗത്തുള്ളയാളാണ് താന്‍. 40വര്‍ഷമായി ജനങ്ങള്‍ക്കിടയിലാണ്. ജനപ്രതിനിധിയായ തനിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സോളാറിന്റെ പേരില്‍ ഏല്‍പ്പിക്കാവുന്ന എല്ലാ ആഘാതവും ഏല്‍പ്പിച്ചു. എന്നിട്ടും വിജയിച്ചു. ഈ കേസില്‍ ഏതെങ്കിലും തരത്തിലുള്ള ഭയപ്പാടില്ല. സാക്ഷികളും തെളിവുകളും ഒന്നുമില്ലാത്ത കേസില്‍ താറടിച്ച് കാണിക്കാനാണ് ശ്രമം നടന്നതെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."