ജി.എസ്.ടി ഏകീകരണം പ്രായോഗികമല്ല: ജെയ്റ്റ്‌ലി
ന്യൂഡല്‍ഹി: എല്ലാ ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഒരേ നിരക്കില്‍ ജി.എസ്.ടി നടപ്പാക്കുന്നത് ഇപ്പോള്‍ പ്രായോഗികമല്ലെന്ന് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. അതേസമയം ഇത്തരമൊരു നികുതി ഘടന ഭാവിയില്‍ ഉണ്ടായിക്കൂടെന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ സാധനങ്ങള്‍ക്ക് ഏറ്റവും കുറവ് നികുതി സ്‌ലാബിലേക്ക് കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.
എല്ലാ ഉല്‍പന്നങ്ങള്‍ക്കും ഏകീകൃത നികുതി ഘടന കൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും ജി.എസ്.ടി കൗണ്‍സിലിന് മാത്രമേ ഇത്തരമൊരു രീതി നടപ്പാക്കാന്‍ കഴിയൂ എന്നും ധനകാര്യ മന്ത്രി അറിയിച്ചു.
ഏകീകൃത നികുതി ഘടന സംബന്ധിച്ച് ചിലര്‍ ആവശ്യമുന്നയിക്കുന്നുണ്ടെങ്കിലും അവര്‍ക്ക് ജി.എസ്.ടിയെക്കുറിച്ചുള്ള അറിവില്ലായ്മകൊണ്ടാണ് ഇത്തരത്തില്‍ ആവശ്യപ്പെടുന്നതെന്നാണ് ആരുടെയും പേരെടുത്തു പറയാതെ ജെയ്റ്റ്‌ലി പറഞ്ഞത്. എന്നിരുന്നാലും ഇത്തരമൊരാവശ്യം ഭാവിയില്‍ ഉണ്ടായിക്കൂടെന്നില്ലെന്നും അദ്ദേഹം അറിയിച്ചു. ജി.എസ്.ടിയുടെ കാര്യത്തില്‍ യുക്തിസഹമായ കാര്യങ്ങള്‍ തുടരുമെന്ന കാര്യത്തില്‍ ഒരു തരത്തിലുള്ള സംശയങ്ങളും വേണ്ട. ഈ നികുതി ഘടനയില്‍ പരിഷ്‌കാരങ്ങളും അനുയോജ്യമായ രീതിയില്‍ ലഘൂകരണ നടപടികളും എല്ലായ്‌പോഴും തുടരും. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും നികുതി ഘടനകളെല്ലാം ഏകീകൃതമായി ഒരൊറ്റ നികുതിയിലേക്ക് മാറ്റപ്പെട്ടതും ഇതിനായി ജി.എസ്.ടി കൗണ്‍സില്‍ തീരുമാനിച്ച നടപടികളും എടുത്തുപറയത്തക്കതാണ്. ജി.എസ്.ടി ഒരിയ്ക്കലും ദൃഢമായതല്ല. വിപണിയിലെ യാഥാര്‍ഥ്യത്തിന് അനുയോജ്യമായ രീതിയിലുള്ള പ്രതികരണങ്ങളായിരിക്കും നികുതിയുടെ കാര്യത്തിലുണ്ടാവുകയെന്നും ധനകാര്യമന്ത്രി അറിയിച്ചു. ഹോട്ടല്‍ ഭക്ഷണത്തിന് 18 ശതമാനം നികുതിയെന്നത് അഞ്ചു ശതമാനത്തിലേക്ക് കുറച്ചത് ഇതിന് ഉദാഹരണമാണ്.
കഴിഞ്ഞ 10ാം തിയതിയില്‍ ഗുവാഹത്തിയില്‍ നടന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിലാണ് 28 ശതമാനം നികുതിയുണ്ടായിരുന്ന 177 ഉല്‍പ്പന്നങ്ങളെ 18 ശതമാനത്തിലേക്ക് കുറച്ചത്. എന്നാല്‍ എല്ലാ ഉല്‍പന്നങ്ങള്‍ക്കും നികുതി കുറയ്ക്കാന്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്നാണ് ഇതിനോട് പ്രതികരിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞത്. ഇന്ത്യ ആവശ്യപ്പെടുന്ന ഏകീകൃത നികുതി ഘടനയാണ്. അല്ലാതെ ഗബ്ബര്‍ സിങ് നികുതിയല്ലെന്നും രാഹുല്‍ ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."